തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിപാർട്ടികൾ ഉയരുന്നതായി സൂചനകൾ. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തേക്കും ലഹരിമാഫിയ വൻതോതിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് റിസോർട്ടിലും ലഹരിപ്പാർട്ടി നടത്തിയതായി കണ്ടെത്തി. ഹോട്ടലിൽ എക്സൈസ് നടത്തിയ മിന്നൽപ്പരിശോധനയിൽ ഹഷീഷ് ഓയിൽ, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാർട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇന്നലെ രാത്രി മുതൽ നടന്ന പാർട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയിൽ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

റിസോർട്ടിൽ നിന്ന് ലഹരിവസ്തുക്കൾ ഉൾപ്പടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിൽ നടക്കുന്നതുപോലെയുള്ള ലഹരിപ്പാർട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം കൊച്ചിയിൽ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തിൽ നടത്തിവരുന്ന റെയ്ഡിലാണ് ചിലവന്നൂരിലെ ഫ്‌ളാറ്റിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

മാഞ്ഞാലി സ്വദേശിയായ ടിക്‌സൻ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലാണ് ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചുവന്നത്. കഴിഞ്ഞദിവസം വരെയും ചൂതാട്ടം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉൾപ്പെടെയുള്ള മേഖലകളിൽ സമാനമായ രീതിയിൽ പരിശോധന നടത്തുന്നുണ്ട്.