തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടൽ പാക്കിസ്ഥാനിൽ നിന്നുള്ള ലഹരി മരുന്ന് കടത്തിനും ആയുധക്കടത്തിനും വഴിയൊരുക്കുമ്പോൾ ഭരണകൂടം പുലർത്തുന്നത് അപകടകരമായ നിസ്സം​ഗത. കഴിഞ്ഞ ആഴ്‌ച്ചയാണ് മൂവായിരംകോടി രൂപ വിലവരുന്ന 300 കിലോഗ്രാം ഹെറോയിനാണ്. അതിനുപുറമേ അഞ്ച് എ.കെ.-47 തോക്കുകളും ആയിരം തിരകളും അടക്കം ശ്രീലങ്കൻ ബോട്ടിൽ നിന്നും കോസ്റ്റ് ​ഗാർഡ് പിടിച്ചെടുത്തത്. ഈ പശ്ചാത്തലത്തിൽ തീരക്കടലിൽ സുരക്ഷ വർധിപ്പിക്കാത്തത് ആശങ്ക ഉയർത്തുന്നു.

പാക്കിസ്ഥാനിൽ നിന്നെത്തിയ ബോട്ടിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടുകളാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ശ്രീലങ്ക സ്വദേശികളുടെ അക്ഷർ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദീപിന് സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈൽ ഉള്ളിൽ നിന്ന് കോസ്റ്റ്ഗാർഡ് പിടികൂടി വിഴിഞ്ഞതെത്തിച്ചത്.

ഇവയിൽ അക്ഷർ ദുവയെന്ന ബോട്ടിലെ ക്യാപ്ടൻ അടക്കമുള്ള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു. ഇവരെ കോസ്റ്റ് ഗാർഡ് അടക്കമുള്ള വിവിധ ഏജൻസികൾ ചോദ്യചെയ്തതിൽ നിന്ന് പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് വാങ്ങിയ 200- കിലോഗ്രാം ഹെറോയിനും 60 കിലോഗ്രാം ഹാഷിഷും ഉപയോഗിച്ചിരുന്ന ഉപഗ്രഹ ഫോണും കടലിലെറിഞ്ഞുവെന്ന് ആറംഗ സംഘം അന്വേഷണ സംഘത്തിന് മൊഴി നൽകി. മയക്കുമരുന്ന് 50-കിലോയുടെ പാക്കറ്റുകളാക്കിയാണ് കടലിലെറിഞ്ഞതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

നാർക്കോട്ടിക് വിഭാഗം, ഇന്റലിജൻസ്, കസ്റ്റംസ്, അടക്കമുള്ള അന്വേഷണ ഏജൻസികൾ പിടിയിലായവരെ ചോദ്യം ചെയ്തു്. ബോട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം, കൊച്ചി എന്നീ യുണിറ്റുകളിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ബോട്ടുകൾ വിശദമായി പരിശോധിച്ചു. ബോട്ടുകളുടെ അടിഭാഗത്ത് പ്രത്യേക അറകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടോയെന്ന് അറിയുന്നതിനാണ് മുങ്ങൽ വിദഗ്ധരെയുപയോഗിച്ച് പരിശോധിച്ചത്.

വിഴിഞ്ഞം വാർഫിലെത്തിച്ച പ്രതികളെ നാർക്കോട്ടിക് വിഭാഗത്തിന്റെ മധുര, ചെന്നൈ, കൊച്ചി, ബംഗ്ലൂരു എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്തു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോട്ടുകളിൽ പരിശോധന നടത്തി. ചതുറാണി-03, ചതുറാണി-08 എന്നീ പത്തേമാരികളിൽ 3500 കിലോയോളം മീനുള്ളതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

മയക്ക് മരുന്ന് കടത്തിയ അക്ഷർ ദുവ ബോട്ടിന് അകമ്പടിയായാണ് മറ്റ് രണ്ടു ബോട്ടുകളും വന്നതെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ, ഈ ബോട്ടുകാർ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അക്ഷർ ദുവായിലെ ആറ് ജീവനക്കാരാണ് മയക്കുമരുന്ന് വാങ്ങി ശ്രീലങ്കയിലേക്ക് പോകാൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസമാണ് ഇവർ മിനിക്കോയ് ദ്വീപിൽ നിന്ന് 417- നോട്ടിക്കൽ മൈൽ അകലെയെത്തിയ പാക്കിസ്ഥാൻ ബോട്ട് ഇവർക്ക് മയക്കുമരുന്ന്‌നൽകിയത്.

ഇന്ത്യയിലെ ജനങ്ങളെ ലക്ഷ്യമിട്ട് ശ്രീലങ്ക കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഒരു സാമ്രാജ്യംതന്നെ പ്രവർത്തിക്കുന്നുവെന്നാണ് നാലുമാസത്തിലേറെയായി ലഭിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന. പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുടെ ഇടത്താവളമായി ശ്രീലങ്കയിലെ ചില സ്ഥലങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. ഹെറോയിനും മറ്റും സംഭരിച്ചുവെച്ച് ബോട്ടുകളിൽ നിറച്ച് എത്തിക്കുകയാണ്. ഇതിന് ഏറെ സുരക്ഷിത വഴിയാകുന്നത് കേരള തീരത്ത് കൂടിയുള്ള യാത്രയും. ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആയുധവും ലഹരിയും എത്തുന്നത് ഈ വഴിയിലൂടെയാണോ എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

മാർച്ച് അഞ്ചിന് രാവിലെ 8.45-ഓടെയാണ് ബോട്ടുകൾ പിടികൂടിയത്. ലക്ഷദ്വീപിൽ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡിന്റെ വരാഹ് എന്ന കപ്പലാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ബോട്ടുകൾ പിടികൂടിയത്. അക്ഷർ ദുവായൊഴികെയുള്ള ബോട്ടുകളിലെ ജീവനക്കാരിൽ സംശയാസ്പദമായ രീതിയിലൊന്നും കണ്ടെത്തിയിരുന്നില്ല. ഇവരെ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ശ്രീലങ്കൻ അതിർത്തിലെത്തിച്ച് അവിടത്തെ കോസ്റ്റ് ഗാർഡിന് കൈമാറും.