കൽപ്പറ്റ: ലോക്ഡൗൺ സമയത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ കൊണ്ടുവരുന്നതിന്റെ മറവിൽ കേരളത്തിലെക്കെത്തുന്നത് വൻ ലഹരിശേഖരം. ലഹരികടത്ത് സജീവമായതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി. തമിഴ്‌നാട്, കർണാടക, കേരള എക്‌സൈസ് വകുപ്പുകളും പൊലീസുമാണ് പരിശോധന നടത്തുന്നത്. കാക്കനല്ല ചെക്പോസ്റ്റിലാണ് ഏറ്റവും ഒടുവിലായി ലഹരിക്കടത്ത് പിടികൂടിയത്.

പച്ചക്കറി ലോഡിന്റെ മറവിൽ കൊണ്ടുപോയ കർണാടക നിർമ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഒരു ലിറ്റർ വരുന്ന 18 കുപ്പി മദ്യമാണ് ഉരുളക്കിഴങ്ങ്, വഴുതനങ്ങ, ഇഞ്ചി എന്നിവ നിറച്ച ചാക്കിൽ കടത്താൻ ശ്രമിച്ചത്. തമിഴ്‌നാട് ചെക്പോസ്റ്റിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് പുഴുക്കൊല്ലി പടന്തൊറെയ് നിലോഫർ (27), ദേവർഷോല സ്വദേശി സിറാജ്ജുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച പിക് അപ് വാനും പിടിച്ചെടുത്തിരുന്നു. സമ്പൂർണ ലോക്ഡൗൺ സമയത്തും ലഹരിവിൽപ്പന സജീവമാണെന്ന് പല കോണുകളിൽ നിന്നായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിക്കാൻ തുടങ്ങിയത്.

സംശയം തോന്നിയ ചില വാഹനങ്ങളിലെ ചരക്ക് കൃത്യമായ പരിശോധിച്ചതോടെയാണ് ലഹരിക്കടത്ത് പിടിക്കപ്പെടുന്നത്. മുത്തങ്ങ ചെക്പോസ്റ്റിൽ പരിശോധന കർശനമാക്കിയതോടെ ബാവലി, കുട്ട ചെക്പോസ്റ്റുകൾ വഴിയായിരുന്നു ലഹരിക്കടത്താനുപയോഗിച്ചിരുന്ന വാഹനങ്ങൾ കടന്നുപോയിരുന്നത്. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവിടെയും പരിശോധന കടുപ്പിച്ചു.

പുൽപ്പള്ളി ബൈരക്കുപ്പയിലെ തോണി സർവ്വീസ് വഴി കേരളത്തിലേക്ക് ലഹരിക്കടത്തുന്നുണ്ടെന്ന മാധ്യമവാർത്തയെ തുടർന്ന് ഇവിടെയും കർശന പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ബത്തേരി നഗരത്തിൽ കർണാടക വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിലായിരുന്നു. ലഹരിയുടെ വരവ് കുറഞ്ഞതോടെ നാടൻ വാറ്റ് നിർമ്മാണ സംഘങ്ങളും വയനാട്ടിൽ സജീവമാണ്.

കോഴിക്കോട്-കൊല്ലഗൽ ദേശിപാതയോട് ചേർന്ന് കിടക്കുന്ന നായ്ക്കെട്ടി, കല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നാടൻ ചാരായം വിതരണം ചെയ്യുന്ന സംഘവും കഴിഞ്ഞ ദിവസം പിടിയിലായി. ഓട്ടോറിക്ഷയിൽ വാറ്റുചാരായം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന സംഘത്തെയാണ് പൊലീസ് കുടുക്കിയത്. സമാന രീതിയിൽ കൂടുതൽപേർ പ്രവർത്തിക്കുന്നുണണ്ടെന്ന വിവരം അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.