ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആൾ അറസ്റ്റിൽ. ഡൽഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിതിൻ എന്നയാളാണ് ഫോൺവിളിച്ചതെന്ന് പൊലീസ് അറിയിച്ചു. മദ്യലഹരിയിലാണ് ഇയാൾ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് ജാഗരുകരായി. അന്വേഷണവും തുടങ്ങി. ടവർ ലൊക്കേഷൻ വെച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹി ദക്ഷിണപുരി പ്രദേശത്തെ അംബേദ്കർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കോൾ ലഭിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട് കണ്ടെത്തുകയും, ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മദ്യപിച്ച് തീരെ അവശനിലയിലായിരുന്നു ഇയാൾ. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.