ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ, ഇന്ത്യയിൽ ഡ്രൈ ഫ്രൂഡ്സിന്റെ വില കുതിച്ചുയരുന്നു. ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാൻ നിർത്തിയതോടെയാണ് രാജ്യത്ത് ഡ്രൈ ഫ്രൂഡ്സിന്റെ ലഭ്യതയിൽ കുറവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വിലയെ സ്വാധീനിക്കുന്നത്. ഉത്സവ സീസൺ ആരംഭിച്ചതോടെ, എന്ന് വിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.

ഡ്രൈ ഫ്രൂട്ട്സിന്റെ 85ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ, ഡ്രൈ ഫ്രൂട്ട്സിന്റെ ലഭ്യത കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത് രാജ്യത്ത് ഡ്രൈ ഫ്രൂട്ട്സിന്റെ വില കുത്തനെ ഉയരാൻ ഇടയാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭരണം പിടിച്ചതിന് പിന്നാലെ, ഇന്ത്യയുമായുള്ള കയറ്റിറക്കുമതി അഫ്ഗാനിസ്ഥാൻ നിർത്തിവെച്ചിരിക്കുകയാണ്.പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്കുള്ള കാർഗോ നീക്കം താലിബാൻ നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്. വ്യാപാരം പുനരാരംഭിച്ചില്ലായെങ്കിൽ നിലവിൽ സ്റ്റോക്കുള്ള ഡ്രൈ ഫ്രൂട്ട്സിന്റെ വില ഗണ്യമായി ഉയരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ അജയ് സഹായ് ആശങ്ക രേഖപ്പെടുത്തി.