ന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമായ രജനീകാന്തിന്റെ 'അണ്ണാത്തെ' എന്ന പുതിയ ചിത്രത്തിന്റെ ഷോ പോലും മാറ്റിവെച്ച്, തമിഴ്‌നാട്ടിൽ മലയാളത്തിലെ ഒരു യുവ നടന്റെ സിനിമ കളിക്കയെന്നുവച്ചാൽ അത് ചരിത്രമാണ്! ആ ചരിത്രം സൃഷ്ടിച്ചിരിക്കയാണ് കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രം. വേൾഡ് വൈഡ് റിലീസിങ്ങിലുടെ ആദ്യത്തെ നാല് ദിവസംകൊണ്ട് അമ്പതുകോടി ക്ലബിലെത്തിയ ഈ ചിത്രം, റെക്കോർഡുകൾ കടപുഴക്കുമ്പോൾ മലയാള സിനിമ പുതിയ ഒരു സൂപ്പർ താരോദയത്തിന്റെ നിറവിലാണ്.

ചിത്രം എത്ര മോശമാണെങ്കിലും ഒരാഴ്ചയെങ്കിലും തീയേറ്ററിൽ പ്രേക്ഷകരെ കയറ്റാൻ കഴിയുന്ന താരം. അയാളെയാണ് ചലച്ചിത്ര ലോകം സൂപ്പർ താരം എന്ന് വിളിക്കുക. മല്ലുവുഡ് എന്ന നമ്മുടെ ചെറിയ വിപണിയിൽ മാത്രമല്ല, ടോളിവുഡിലും, ബോളിവുഡിലും, ഹോളിവുഡിലും വരെ സൂപ്പർ താരങ്ങൾ ഉണ്ട്. അത് ചലച്ചിത്ര വ്യവസായത്തിന്റെ അനിവാര്യതയുമാണ്. പക്ഷേ മലയാളത്തിൽ ഒരു പുതിയ സൂപ്പർ സ്റ്റാറിന്റെ ഉദയം കണ്ടിട്ട് മൂന്ന് പതിറ്റാണ്ടായി. 1993 മെയ് മാസം പകുതിയോടെ ഇറങ്ങിയ ഷാജി കൈലാസിന്റെ ഏകലവ്യൻ മലയാളികൾക്ക് ഒരു പുതിയ സൂപ്പർ താരത്തെ സമ്മാനിക്കയായിരുന്നു. അതാണ് ആക്ഷൻ കിങ്ങ് സുരേഷ് ഗോപി. തൊട്ടടുത്ത വർഷം ഇറങ്ങിയ കമ്മീഷ്ണർ സുരേഷ്ഗോപിയുടെ സൂപ്പർ താര പദവി അരക്കിട്ട് ഉറപ്പിച്ചു. സുരേഷ് ഗോപിക്ക് ശേഷം മീശമാധവനിലുടെ ദിലീപിനും കിട്ടി സൂപ്പർ താര പദവി. പക്ഷേ ഇമേജ് മേക്കിങ്ങിൽ അതീവ തന്ത്രശാലിയായ ദിലീപ് ജനപ്രിയ നായകൻ എന്ന ടാഗിൽ മാറിനിന്നു. പിന്നീട് നിവിൻപോളിയുടെ പ്രേമവും, പൃഥ്വീരാജിന്റെ എന്ന് നിന്റെ മൊയ്തീനുമൊക്കെ ബ്ലോക്ക് ബസ്റ്ററുകൾ ആയെങ്കിലും, മലയാളത്തിന്റെ വിപണിയെ പിടിച്ചുകുലുക്കത്തക്ക രീതിയിൽ സൂപ്പർ താരപദവിയിലേക്ക് ഈ നടന്മാർക്ക് ഉയരാൻ കഴിഞ്ഞില്ല. സിനിമ ആവശ്യപ്പെടുന്ന രീതിയിൽ അഭിനയിക്കും എന്നല്ലാതെ താരപദവി ഈ നടന്മാരും സ്വപ്നം കണ്ടിരുന്നില്ല.

എന്നാലിതാ ഇപ്പോൾ വീണ്ടും ഒരു സൂപ്പർ താരോദയത്തിന് മലയാളം സാക്ഷിയായിരിക്കായാണ്. വെറും നാലുദിവസം കൊണ്ട് കുറപ്പ് എന്ന ചിത്രത്തെ അമ്പത് കോടി ക്ലബിൽ എത്തിച്ചുകൊണ്ട്, നടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽനിന്ന് കുതറിച്ചാടി, ആരാധകരുടെ കുഞ്ഞിക്ക മലയാളത്തിന്റെ പുതിയ സൂപ്പർ സ്റ്റാർ ആയി ഉയർന്നുവെന്ന് ട്രേഡ് അനലിസ്റ്റുകളും ഫിലിം ജേർണലിസ്റ്റുകളും വിലയിരുത്തുന്നു. ആഗോള വിപണിയുള്ള മലയാള നടൻ എന്നാണ് ദ ഹിന്ദു കുറുപ്പിന്റെ വിജയത്തോടെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാകട്ടെ മലയാളത്തിലെ ഇനിയുള്ള ബോക്സോഫീസ് മത്സരം ലാലും, ദുൽഖറും തമ്മിലാണെന്ന് ചൂണ്ടിക്കാട്ടുന്നു.

രാജാവിന്റെ  മകൻ ലാലിന് കൊടുത്ത അതേ ഹൈപ്പ്

മലയാള ചലച്ചിത്ര ലോകത്തെ ആദ്യത്തെ സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ, ചലച്ചിത്ര പത്രപ്രവർത്തകർ പറയുക അത് ജയൻ ആണെന്നാണ്. സത്യനും, പ്രേംനസീറും, മധുവുമൊക്കെ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും, ഒരു നടന്റെ കരിസ്മകൊണ്ട് ജനം തിയേറ്ററിലേക്ക് ഇരച്ച് എത്തിയിരുന്നത്, ജയൻ എന്ന അകാലത്തിൽ പൊലിഞ്ഞ നടനുവേണ്ടിയായിരുന്നു. പിന്നീട് സോമനും സുകുമാരനും ശങ്കറും അടക്കമുള്ള നായക നടന്മാർ വന്നെങ്കിലും അവക്കൊന്നും അധികകാലം താരപദവിയിൽ പിടിച്ച് നിൽക്കാൻ ആയില്ല. പിന്നീട് മമ്മൂട്ടിയുടെയും ലാലിന്റെയും യുഗമായിരുന്നു. 1982ൽ കെ.ജി ജോർജ് സംവിധാനം ചെയ്ത യവനികയിലെ ജോസഫ് ഈരാളിയെന്ന പൊലീസ് ഓഫീസർ മമ്മൂട്ടിയുടെ താരമൂല്യം ഏറെ ഉയർത്തിയ വേഷമാണ്. പിന്നീട് യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി മലയാള സിനിമയിൽ സൂപ്പർതാര പദവി ഉറപ്പിച്ചു. പക്ഷേ 'കുട്ടി, പെട്ടി, മാമാട്ടി' എന്ന സ്ഥിരം ശൈലിയിൽ ചിത്രങ്ങൾ മാറിയതോടെ പടങ്ങൾ ഒന്നൊന്നായി പൊളിഞ്ഞ് മമ്മൂട്ടി ഔട്ടാകലിന്റെ വക്കിൽ എത്തിയതും പിന്നീട് ന്യൂഡൽഹിയെന്ന ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രത്തിലൂടെ തിരിച്ചുവന്നതും ചരിത്രം.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായെത്തി പിന്നീട് നായകനായ മോഹൻലാലിന്റെ വിപണി മൂല്യം ഒറ്റയടിക്ക് ഉയർത്തിയത് 1986ൽ തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകൻ' ആയിരുന്നു. മെഷീൻഗണ്ണ് ആദ്യമായി ഒരു മലയാള സിനിമയിൽ കണ്ടത് ഈ ചിത്രത്തിൽ ആയിരുന്നു. പിന്നീടങ്ങോട്ട് ലാൽ യുഗമാണ്. ഇന്നും മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനും മോഹൻലാൽ തന്നെയാണ്. ആദ്യത്തെ 50കോടി, 100കോടി, 200 കോടി തുടങ്ങിയ ബോക്സോഫീസ് റെക്കോർഡുകളും ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന് ഒപ്പം തന്നെയാണ്.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥീരാജ്, നിവിൻപോളി, ദുൽഖർ, ജയസൂര്യ എന്നിങ്ങനെയുള്ള ശ്രേണിയിലാണ് മലയാള സിനിമയുടെ താരപദവി ഇപ്പോൾ പോയിക്കൊണ്ടിരിന്നത്. സാറ്റലൈറ്റ് ഓവർസീസ് റൈറ്റുകളും, ഇതേ ശ്രേണിയിലുള്ള വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പട്ടികയിൽ ആറാമതുള്ള ദൂൽഖർ ആണ് കുറുപ്പിലൂടെ ഒറ്റയടിക്ക് രണ്ടാമത് എത്തിയിരിക്കുന്നത്. ശരിക്കും രാജാവിന്റെ മകൻ മോഹൻലാലിന് കൊടുത്ത അതേ ഹൈപ്പ് തന്നെയാണ്, കുറുപ്പിലെ പ്രതിനായകനിലൂടെ ദുൽഖറിന് കിട്ടിയത്.

തീയേറ്ററുകളുടെ രക്ഷകൻ; ജി.സി.സിയിലും താരം

കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്ന മലയാളത്തിലെ തീയേറ്റർ വ്യവസായത്തെ രക്ഷിച്ച വ്യക്തിയെന്ന നിലയിൽ കൂടിയായിരിക്കും ദൂൽഖർ ഭാവിയിൽ അറിയപ്പെടുക. ഒ.ടി.ടിയുടെ വലിയ ഭീഷണി നിലനിൽക്കുന്ന സമയത്ത്, ഇതുപോലെ ഒരു ചിത്രം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ തീയേറ്റർ വ്യവസായം ഏറെ പിറകോട്ട് അടിക്കുമായിരുന്നു.

മലയാളത്തിലെ തീയേറ്ററുകളിൽ പകുതിമാത്രം പ്രവേശനം നിലനിൽക്കെയാണ് ആദ്യ ഒറ്റ ദിവസം കൊണ്ട് കേരളത്തിൽ മാത്രം ചിത്രം 6കോടി 30ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയത്. ഫുൾ ഓക്കിപ്പൻസി ഉണ്ടായിരുന്നെങ്കിൽ ചിത്രം എല്ലാ റെക്കോർഡുകളും തകർക്കുമായിരുന്നു. ഇപ്പോൾ ഇതാ വെറും നാലുദിവസം കൊണ്ടാണ് വേൾഡ് വൈഡ് റിലസിൽ ചിത്രം 50 കോടി നേടിയിരിക്കുന്നത്. ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.

ഗൾഫ് രാജ്യങ്ങളിലും വൻ തുക സമ്പാദിക്കാൻ ചിത്രത്തിനു കഴിഞ്ഞു. ചിത്രത്തിന്റെ പത്തുകോടിയോളം കളക്ഷൻ വന്നിരിക്കുന്നത് ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. ന്യൂയാർക്കിലെ വിഖ്യതമായ ടൈം സ്‌ക്വയറിന് അടുത്ത തീയേറ്ററുകളിലും കുറുപ്പ് പ്രദർശിപ്പിച്ചു. സാധാരണ അമേരിക്കയിൽ റിലീസ് ചെയ്യപ്പെടുന്ന മലയാള പടങ്ങൾ അപ്രധാനമായ തീയേറ്ററുകളിലേക്ക് മാറ്റപ്പെടുകയാണ് പതിവ്. അങ്ങനെ മലയാള സിനിമയുടെ വിപണി ലോകമെമ്പാടും എത്തിക്കുന്നതിലും കുറുപ്പ് വഹിച്ച പങ്ക് ചെറുതല്ല. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമിഴിൽ ദീപാവലി റിലീസായെത്തിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസാണ് നിർമ്മാണവും. കൂട്ടായ്മയുടെ വിജയമാണ് കുറുപ്പ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, പ്രതിസന്ധികൾ നിറഞ്ഞ, സ്വയം സംശയം തോന്നിയ നിരവധി നിമിഷങ്ങൾ. അതെല്ലാം ഫലം കണ്ടിരിക്കുന്നു. വാക്കുകളിൽ എങ്ങനെ നന്ദി അറിയിക്കും എന്ന് എനിക്ക് അറിയില്ല.ഇരുകയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. തിയറ്ററിലേക്ക് തിരികെ വന്നതിനും നന്ദി. ഇത് എന്റെയോ എന്റെ ടീമിന്റെയോ മാത്രം വിജയമല്ല, ഇത് എല്ലാവരുടെയും വിജയമാണ്. തിയറ്ററുകളിലേക്ക് ഒരുപാട് സിനിമകളെ വരട്ടെ', ദുൽഖർ കുറിച്ചു.

ഇന്ന് എല്ലാവരും പൊക്കിയടിക്കുന്നുണ്ടെങ്കിലും, സാക്ഷാൽ മമ്മൂട്ടിയുടെ മകൻ എന്ന വലിയ പ്രവിലേജ് ഉണ്ടെങ്കിലും സിനിമയിലേക്കുള്ള ദൂൽഖറിന്റെ കടന്നുവരവ് അത്ര എളുപ്പമായിരുന്നില്ല.

പഠനത്തിൽ മിടുക്കനെങ്കിലും അന്തർമുഖൻ

ദൂൽഖർ നടനാവുന്നതിൽ ആദ്യകാലത്ത് മമ്മൂട്ടിക്ക് അത്രയോജിപ്പ് ഉണ്ടായിരുന്നില്ലെന്നാണാണ് അവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും പറയുന്നത്. തന്റെ മകൻ എന്ന നിലയിൽ ആരോടും ശിപാർശ ചെയ്യാൻ ആവില്ലെന്നും, കഴിവുണ്ടെങ്കിൽ അവൻ സ്വയം വളർന്നുവരട്ടെ എന്ന നിലപാടാണ് മമ്മൂട്ടി എടുത്തത്. മകൻ വലിയൊരു ബിസിനസുകാരനായി കാണുന്നതിലായിരുന്നു അദ്ദേഹത്തിന് താൽപ്പര്യമെന്നും ചില സിനിമാ മാസികകൾ എഴുതിയിട്ടുണ്ട്.

1986 ജൂലൈ 28നാണ് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മകനായി അദ്ദേഹം ജനിച്ചത്. ഈ യുവതാരത്തിന് 36 വയസ്സായി എന്നു പറഞ്ഞാൻ ആരും വിശ്വസിക്കില്ല. 70 വയസ്സിലും യൗവനം സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ മാസ്മരികത മകനുമുണ്ട്. കൊച്ചി വൈറ്റിലയിലെ ടോക്-എച്ച് പബ്ലിക് സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസവും ചെന്നൈയിലെ ശിഷ്യ സ്‌കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പൂർത്തിയാക്കി. പഠനത്തിൽ മിടുക്കനെങ്കിലും അൽപ്പം അന്തർമുഖനായ കൂട്ടിയായിട്ടാണ് അദ്ധ്യാപകർ ദുൽഖറിനെ വിലയിരുത്തിയത്. താൻ മമ്മൂട്ടിയുടെ മകനാണെന്ന ഓർമ്മ എപ്പോഴും ഉണ്ടായിരുന്നെന്നും, അതിനാൽ മര്യദരാമനായിട്ടായിരുന്നു തന്റെ സ്‌കൂൾ കാലം എന്ന് ദുൽഖറും പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിലേക്ക് പഠിക്കാൻ പോയ അദ്ദേഹം പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. ബിരുദാനന്തരം യു.എസിൽ ജോലി ചെയ്യുകയും പിന്നീട് ദുബായിൽ ഐ.ടിയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയും ചെയ്തു. ഈ സമയത്താണ് ബുർജ് ഖലീഫ നിർമ്മിക്കുന്നത്. അത് കണ്ട് വളർന്ന താൻ, ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല തന്റെ ഒരു ചിത്രത്തിന്റെ പരസ്യം ബുർജ് ഖലീഫയിൽ തെളിയുമെന്നത് എന്ന് ദുൽഖർ ഈയിടെ പറഞ്ഞു. പക്ഷേ കുറുപ്പ് അത് യാഥാർഥ്യമാക്കി.

ജോലി നല്ല രീതിയിൽ മുന്നോട്ട്പോകുന്നതിനിടെയാണ് ദുൽഖറിന് അഭിനയ മോഹം ഉദിച്ചത്. സ്വന്തം ഇഷ്ട പ്രകാരമായിരുന്നു ആ തീരുമാനം. അതിനായി മുംബൈയിലെ ബാരി ജോൺ ആക്റ്റിങ് സ്റ്റുഡിയോയിൽ മൂന്നുമാസത്തെ കോഴ്‌സിൽ പങ്കെടുത്തു. ഈ കോഴ്സാണ് തന്നിലെ അഭിനേതാവിനെ മോൾഡ് ചെയ്യുന്നതിൽ സഹായിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്്.

ആദ്യ ചിത്രത്തോടെ എവരും എഴുതിത്ത്ത്ത്ത്തള്ളി

ഇന്ന് കുറപ്പിലൂടെ ദുൽഖറിനെ സൂപ്പർ സ്റ്റാർ ആക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കന്നി അഭിനയവും. 2011ൽ ഇറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വെളുത്തു മെലിഞ്ഞ രൂപവും, അൽപ്പം കൂനിഞ്ഞുള്ള നടത്തവും, ആത്വിശ്വാസമില്ലാത്ത ശരീരഭാഷയമൊക്കെയായതോടെ, മമ്മൂട്ടിയുടെ പേര് മകൻ ചീത്തയാക്കും എന്നുവരെ പല നിരൂപകരും എഴുതി. എന്തുകൊണ്ട് ഒരു പുതുമുഖത്തിന്റെ ചിത്രം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന്, 'പാരമ്പര്യത്തിന്റെ ഭാരമില്ലാതെ രംഗത്ത് ഇറങ്ങണം എന്നത് തന്റെ ആഗ്രഹമായിരുന്നെന്ന്' ദൂൽഖർ പിന്നീട് പറഞ്ഞു.

പക്ഷേ തൊട്ടടുത്ത സിനിമായ ഉസ്താദ് ഹോട്ടൽ വൻ വിജയമായി. അതോടെ എല്ലാവരുടെയും അഭിപ്രായം മാറി. ഈ ചിത്രത്തിലെ ദുൽഖറിന്റെ ഫൈസി ശരിക്കും തരംഗമായി. ചിത്രം കണ്ട മമ്മൂട്ടിയും ഹാപ്പിയായി. ഭാവിയിൽ ചിലപ്പോൾ താൻ ദുൽഖറിന്റെ പിതാവ് എന്നപേരിൽ അറിയപ്പെട്ടേക്കം എന്നാണ് മമ്മൂട്ടി അന്ന് കമന്റ് ചെയ്തത്.

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലറായ തീവ്രമാണ് മൂന്നാമതായി പുറത്തിറങ്ങിയ ചിത്രം. പക്ഷേ ചിത്രം വൻ പരാജയമായി.2013ൽ മാർട്ടിൻ പ്രക്കാട്ടിന്റെ എ.ബി.സി.ഡി എന്ന സിനിമയും ജനപ്രിയമായി. റോഡ് മൂവിയായ നീലകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലൂടെ 2013-ൽ ദുൽഖർ വീണ്ടും കൈയടി നേടി. ഛായാഗ്രാഹകൻ അളകപ്പന്റെ പ്രണയചിത്രമായ പട്ടം പോലെയിലൂടെ ദുൽഖർ ആദ്യമായി പ്രണയചിത്രത്തിൽ അഭിനയിച്ചു. 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നവാഗതയായ പക്ഷേ വൻ പരാജയമായിരുന്നു.

ബാംഗ്ലൂർ ഡെയ്സിലുടെ വളർന്നു; ചാർളി താരമാക്കി

തൊട്ടടുത്ത വർഷങ്ങൾ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കക്ക് തിരിച്ചടികളുടെ കാലമായിരുന്നു. 2014ൽ സലാല മൊബൈൽസ് എന്ന മറ്റൊരു ചിത്രവും വൻ പരാജയമായി. തമിഴ്-മലയാളം ദ്വിഭാഷാ ചിത്രമായി പുറത്തിറങ്ങിയ വായ് മൂടി പേശവും (2014) എന്ന ചിത്രത്തിലായിരുന്നു ദുൽഖറിന്റെ അടുത്ത വേഷം. ഇതിന്റെ മലയാളം പതിപ്പായി ഇറങ്ങിയ സംസാരം ആരോഗ്യത്തിനു ഹാനികരം പരാജയപ്പെട്ടു.

2014ൽ അഞ്ജലി മേനോന്റെ പ്രണയ-ഹാസ്യചലച്ചിത്രമായ ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ എന്ന നടൻ താരപദവിയിലേക്ക് ഉയർന്നത് ഈ ചിത്രത്തോടെ ആയിരുന്നു. 45 കോടിലാണ് ചിത്രം കളക്റ്റ് ചെയ്തത്. ലാൽ ജോസിന്റെ വിക്രമാദിത്യനും ദുൽഖറിന്റെ സ്റ്റാർഡം വർധിപ്പിച്ചു. മണിരത്നത്തിന്റെ തമിഴ് പ്രണയചിത്രമായ ഓ കാതൽ കണ്മണിയിലൂടെ ദുൽഖർ തമിഴകത്തിന്റെയും അരുമയായി. പക്ഷേ ഈ നടന്റെ വഴിത്തിരിവ് മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി (2015) എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ ദുൽഖർ അക്ഷരാർഥത്തിൽ ജീവിക്കയായിരുന്നു. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടി. എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രത്തിനു ലഭിച്ചു. ഇതിലൂടെ ദുൽഖറിന് ആദ്യമായി മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചു. അതുപോലെ രാജീവ് രവിയുടെ കമ്മട്ടിപ്പാടവും ദുൽഖറിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്.

2018ൽ ദുൽഖർ തെലുങ്കിലും ആരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രമായ മഹാനടി നിരൂപകരിൽ നിന്ന് മികച്ച പ്രശംസനേടി. ദുൽഖറിന്റെ ജെമിനി ഗണേശന്റെ വേഷവും പ്രശംസ പിടിച്ചുപറ്റി. പക്ഷേ ചിത്രം ബോക്സോഫീസിൽ വിജയിച്ചില്ല. 2019ൽ ബി.സി. നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥയിൽ അദ്ദേഹം അഭിനയിച്ചു. പക്ഷേ ചിത്രം ആവറേജ് ആയിരുന്നു. ആ ക്ഷീണം എല്ലാംകൂടി ഇപ്പോൾ കുറുപ്പിലൂടെ ഒറ്റയടിക്ക് തീർത്തിരിക്കയാണ്.

സൗമ്യൻ ശാന്തൻ; വിവാദ രഹിതൻ

മമ്മൂട്ടിയെപ്പോലെ തന്നെ കറകളഞ്ഞ മതേതര വാദിയാണ് ദുൽഖറും. ഗോസിപ്പുകളിൽനിന്ന് എപ്പോളും മാറി നിൽക്കാൻ ശ്രമിക്കുന്ന വ്യക്തിത്വമാണ് ദുൽഖറിന്റെതും. സിനിമയിൽ എത്തിയ സമയത്തുതന്നെ അദ്ദേഹം വിവാഹിതനാവുകയും ചെയ്തു. ആർക്കിടെക്റ്റായ അമൽ സുഫിയയാണ് ഭാര്യ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യൻ മുസ്ലിം കുടുംബമാണ് ഇവരുടേത്. ഇവർക്ക് ഒരു മകൾ ഉണ്ട്. കടുംബത്തോടൊപ്പം ശാന്തമായി ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് പല അഭിമുഖങ്ങളിലും 'കുഞ്ഞിക്കൻ പറഞ്ഞിട്ടുള്ളത്.

എന്നാൽ പിതാവിൽ ആരോപിക്കപ്പെടുന്ന മുൻശുണ്ഠി ഒട്ടുമില്ലാത്ത, ആരോടും ഉച്ചത്തിൽ സംസാരിക്കാൻ പോലും ഇഷ്ടപ്പെടാത്ത സൗമ്യ പ്രകൃതമാണ് ദുൽഖറിന്റെത്. തന്റെ ഭാര്യ സുൽഫത്തിന്റെ സ്വഭാവമാണിതെന്നാണ് മമ്മൂട്ടി പറയാറ്. കുറുപ്പിൽ അഭിനയിച്ച ഷൈൻ ടൈം ചാക്കോ ഇങ്ങനെ പറയുന്നു.' ഞാൻ അവതരിപ്പിച്ച കള്ളുകുടയിൽ ഭാസിയെപ്പോലുള്ള ഒരുപാട് കഥാപാത്രങ്ങളെ എനിക്ക് നേരിട്ട് അറിയാം. പക്ഷേ ദുൽഖർ അത്തരം കഥാപാത്രങ്ങളെ കണ്ടിട്ടില്ലായിരുന്നു. എന്റെ വേഷം കണ്ട് അദ്ദേഹം ആദ്യം പകച്ചുപോയി. ആളുകളോട് ഉച്ചത്തിൽ സംസാരിക്കാൻ പോലും മടിക്കുന്ന ദൂൽഖറാണ് കറുപ്പായി ഈ രീതിയിൽ പകർന്ന് ആടിയത്'.

സിനിമാ നിർമ്മാണത്തിലേക്കും താൻ യാദൃശ്ചികമായാണ് വന്നതെന്ന് ദൂൽഖർ പറയുന്നു. ''ചില സിനിമകളുടെ ചെലവ് നമുക്ക് നിർമ്മാതാക്കളെ പറഞ്ഞ് ഫലിപ്പിക്കാൻ പറ്റില്ല. അൽപ്പം കൂടി ഫണ്ട് ഉണ്ടാവുമായിരുന്നെങ്കിൽ നന്നായി എന്ന് നമുക്ക് തോന്നിപ്പോവും. അതുകൊണ്ടാണ് ഞാൻ നിർമ്മാതാവായത്. ആ സിനിമയുടെ പെർഫക്ഷന് വേണ്ടി, അതിന് ആവശ്യമുള്ള പണം ചെലവിടാൻ വേണ്ടി മാത്രമാണ് ഈ സാഹസം'.

മമ്മൂട്ടിയുഗത്തിന്റെ അവസാനമോ?

ദൂൽഖർ വന്നകാലത്ത് മമ്മൂട്ടി പറഞ്ഞ ഒരു വാചകം ഉണ്ടായിരുന്നു. ചിലപ്പോൾ ഭാവിയിൽ ഞാൻ അറിയപ്പെടുന്നത് ദുൽഖറിന്റെ പേരിൽ ആയിരിക്കുമെന്ന്. ആ വാക്കുകൾ ഏതാണ്ട് അന്വർഥമാവുകയാണെന്ന് തോനുന്നു. കാരണം 70 വയസ്സ് തികഞ്ഞ മമ്മൂട്ടിക്ക് ഇനിയൊരു അങ്കത്തിന് അധികകാലം ബാല്യമുണ്ടോയെന്ന്, അദ്ദേഹത്തിന്റെ കടുത്ത ആരാധകർപോലും സംശയിക്കുന്ന കാലമാണ്. ദ പ്രീസ്റ്റ്, വൺ, എന്നീ ചിത്രങ്ങൾ വൻ പരാജയമായി. വൻ ഹൈപ്പിൽ വന്ന മാമാങ്കവും ആവറേജിൽ ഒതുങ്ങി. മധുരരാജയെന്ന ചിത്രം എങ്ങനെയൊക്കെയോ ഉന്തിത്തള്ളി നൂറുകോടി ക്ലബിൽ കയറ്റിയിട്ടുണ്ട്. ഈ കണക്കും പെരുപ്പിച്ചതാണെന്നും ആക്ഷേപമുണ്ട്. 2017ലെ ഗ്രേറ്റ്ഫാദറിന് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അടിക്കടി പരാജയപ്പെടുകയായിരുന്നു.

ഈ സഹാചര്യത്തിൽ മലയാളത്തിൽ ബോക്സോഫീസിൽ ഇനി ഉണ്ടാവുക, മമ്മൂട്ടി- മോഹൻലാൽ താരയുദ്ധത്തിന് പകരം, മോഹൻലാൽ- ദൂൽഖർ പോരാട്ടമായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. നൂറുകോടി ചെലവിട്ട് നിർമ്മിച്ച മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ' ഒടുവിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. കുറുപ്പിനെ വെല്ലാൻ മരക്കാറിന് ആവുമോ. പുലിമുരുകനും ലൂസിഫറും സൃഷ്ടിച്ച തരംഗം തീർക്കാൻ മരയ്ക്കാറിന് ആവുമോ. സൂപ്പർ താര പദവിയുടെ തലമുറക്കെമാറ്റ സമയത്ത് മലയാള പ്രേക്ഷകർക്ക് ഉറ്റുനോക്കുന്നത് അതാണ്.

റഫറൻസ്- ദുൽഖർ സൽമാൻ അഭിമുഖം- സ്റ്റാർ ആൻഡ് സ്്റ്റെൽ, ദ ഹിന്ദു.