തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാലക്കാട് കാടാങ്കോട് സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ പൊലീസിനെ വാഹന പരിശോധനയിൽ സഹായിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. സർക്കാർ തന്നെ സന്നദ്ധ സേന രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കണ്ട. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ അനുവാദമില്ല.

ഇനി നമുക്ക് ഡിവൈഎഫ്ഐ നേതാവ് എഎ റഹിം ഇന്നലെ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് കാണാം. അതിൽ ഡിവൈഎഫ്ഐ എന്ന സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾ നിരയായി ലൈറ്റുമിട്ട് കടന്നു വരുന്ന ചിത്രവും ഉണ്ട്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

ഞങ്ങളുണ്ട്
പലയിടങ്ങളിലും ആംബുലൻസ് അപര്യാപ്തമാണ്. സ്വകാര്യ, യാത്രാ വാഹനങ്ങളെ താത്കാലികമായി ആംബുലൻസ് ആയി ഉപയോഗിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തദ്ദേശ ഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരുന്നു,
എല്ലാ പഞ്ചായത്തുകളിലും പരമാവധി വാഹനങ്ങൾ ആംബുലൻസ് സേവനത്തിനായി പ്രയോജനപ്പെടുത്താൻ ഡിവൈഎഫ്ഐ മുന്നോട്ട് വരികയാണ്.ഒരിടത്തും ആംബുലൻസ് അപര്യാപ്തത നേരിടാതെ നമുക്ക് ശ്രദ്ധിക്കാം.
ഡിവൈഎഫ്ഐ സ്നേഹവണ്ടികൾ

ചിത്രം: ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ നിന്നും.

ഇനി പത്തനംതിട്ടയിലേക്ക് വരാം. ഒരു മഹീന്ദ്ര ബൊലീറോ ജീപ്പ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ പൊലീസ് ആണെന്നു തോന്നും. ബീക്കൺ ലൈറ്റില്ല എന്നൊരു കുറവ് മാത്രമേയുള്ളൂ. ബോണറ്റിലും മുൻ ചില്ലിലും ചുവന്ന അക്ഷരത്തിൽ ഡിവൈഎഫ്ഐ എന്നെഴുതിയിരിക്കുന്നത് കണ്ടാൽ പൊലീസ് ജീപ്പാണെന്ന് തന്നെ കരുതാം. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മറ്റിയാണ് ജീപ്പ് കോവിഡ് എമർജൻസിക്കായി സ്റ്റിക്കറൊട്ടിച്ച് രൂപ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതിൽ അത്ര വലിയ നിയമ വിരുദ്ധതയൊന്നും ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സ്വന്തം കാശു മുടക്കി വാങ്ങിയ വാഹനത്തിൽ വീട്ടുപേര് എഴുതിയതിന് പിഴ അടയ്ക്കേണ്ടി വന്നവരൊക്കെ ഇതു കേട്ട് അന്തം വിട്ടു നിൽക്കുന്നു. വ്യക്തിയുടെ പേരിലുള്ള വാഹനത്തിൽ ഇത്തരം സ്റ്റിക്കർ ഒട്ടിക്കുന്നത് മാത്രമാണ് നിയമവിരുദ്ധത എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. എന്തായാലും ഈ നിയമവിരുദ്ധത കണ്ട് സല്യൂട്ട് അടിക്കാൻ മാത്രമേ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും കഴിയുന്നുള്ളൂ.

കോവിഡ് കാലത്ത് ഡിവൈഎഫ്ഐ ചെയ്യുന്ന സേവനങ്ങളെ കുറിച്ച് ആർക്കും തർക്കമില്ല. എവിടെയും അവർ ഓടിയെത്തുന്നു. അവരെപ്പോലെ തന്നെ യൂത്ത് കോൺഗ്രസ്, ആർഎസ്എസ്, എസ്ഡിപിഐ, സേവാഭാരതി തുടങ്ങിയ സംഘടനകളും സേവനം നടത്തുന്നു. അവർക്കാർക്കും വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിനോ സംഘടനയുടെ യൂണിഫോം ധരിക്കുന്നതിനോ വിലക്കുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, ഡിവൈഎഫ്ഐക്ക് ആകാം. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് പ്രവർത്തിക്കേണ്ട എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ പോഷക സംഘടനയാണ് ഇപ്പോൾ ആ രീതിയിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെ പ്രദർശനം നടത്താൻ മറ്റു സംഘടനകളെ വിലക്കുകയും ഡിവൈഎഫ്ഐയെ മാത്രം അനുവദിക്കുകയും ചെയ്യുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അനുമതി കൊടുത്താൽ അത് എല്ലാവർക്കും കൂടിയാകണം. അല്ലെങ്കിൽ ആർക്കും കൊടുക്കരുത്. മുഖ്യമന്ത്രി പറഞ്ഞതു പോലെ രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ചുള്ള പ്രവർത്തനം വേണ്ട.