വടകര: കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കലിപ്പു തീരാതെ സിപിഎം. സുധാകരന്റെ പോസ്റ്ററിൽ ചെളി ചവിട്ടിത്തേച്ചു കൊണടാണ ്ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നത്. ധീരജ് വിഷയത്തിലെ സുധാകരന്റെ നിലപാടിനെതിരായാണ് ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചത്. വടകര കുറുന്തോടിയിലായിരുന്നു പ്രതിഷേധം. ഇലക്ട്രിക് പോസ്റ്റിൽ സുധാകരന്റെ ഫ്ളക്സ് തൂക്കിയിട്ട ശേഷം 'മുഖത്ത്' കാലു കൊണ്ട് ചളി ചവിട്ടിത്തേക്കുകയായിരുന്നു.

രക്തസാക്ഷിത്വത്തെ അപമാനിച്ച ഗുണ്ടാ നേതാവ് കെ സുധാകരന് കേരളത്തിന്റെ ജനമനസ്സുകളിൽ സ്ഥാനമില്ല, ചവിട്ടിയിട്ടു പോകുക എന്ന് ഫ്ളക്സിൽ എഴുതിയിരുന്നു. സുധാകരനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായത്.

നേരത്തെ, ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്ന് സുധാകരൻ അറിയിച്ചിരുന്നു. ധീരജിനെ കൊന്നത് നിഖിലാണ് എന്ന് കോൺഗ്രസിനും കെഎസ്‌യുവിനും ബോധ്യപ്പെട്ടിട്ടില്ല എന്നും അത് കണ്ട ആരുമില്ലെന്നും സുധാകരൻ അവകാശപ്പെട്ടിരുന്നു.

കേസിൽ തന്നെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ഗൂഢാലോചന എന്തുദ്ദേശിച്ചാണ് എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. താനിതൊക്കെ ഒരുപാടു കണ്ടു തഴമ്പിച്ചുവന്ന രാഷ്ട്രീയ പ്രവർത്തകനാണ്. ധീരജ് കൊല്ലപ്പെട്ട രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി സിൽവർ ലൈൻ സമരത്തിൽനിന്നു കോൺഗ്രസിനെ പിന്തിരിപ്പിക്കാമോ എന്നാണു സിപിഎം നോക്കുന്നത്. അത്തരം ഉമ്മാക്കി കണ്ടാലൊന്നും പേടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.