കണ്ണൂർ: ഒരു രാത്രി അഴിക്കുള്ളിൽ കിടന്നപ്പോഴേക്കും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നല്ല കുട്ടികളായി മാറി. നിയമത്തിൽ ഭയമുള്ളവരായ ഇവർ ഇപ്പോൾ പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ച എബിനും ലിബിനും ഇന്നലെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരുടെയും മൊഴിയെടുത്തു. വ്‌ലോഗർമാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസും വ്യക്തമാക്കി.

ആർടി ഓഫിസിലുണ്ടായ സംഭവങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോകൾ, ബിഹാറിൽ നിന്നു ചിത്രീകരിച്ചതായി കരുതപ്പെടുന്ന അമിതവേഗവും അപകടകരമായ ഡ്രൈവിങ്ങും ഉള്ള വിഡിയോ തുടങ്ങിയ കാര്യങ്ങളിൽ സഹോദരങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാവിലെ 11.30ന് ബന്ധുക്കൾക്കൊപ്പം ആണ് ഇരുവരും എത്തിയത്. ഒന്നര മണിക്കൂറിനു ശേഷം മടങ്ങി. ലിബിന്റെ കയ്യിൽ ബാൻഡേജ് ഇട്ടിരുന്നു. അറസ്റ്റിനിടെ തങ്ങളെ പൊലീസ് മർദിച്ചതായി എബിനും ലിബിനും കോടതിയിൽ പരാതിപ്പെട്ടിരുന്നു.

അതേസമയം ഇ ബുൾജെറ്റ് വ്‌ലോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്‌ട്രേഷനും വാഹനം ഓടിച്ചയാളുടെ ലൈസൻസും റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് മോട്ടോർ വാഹന വകുപ്പ്. മോട്ടർ വാഹന വകുപ്പ് വ്‌ലോഗർമാരുടെ വീട്ടിൽ നോട്ടിസ് പതിച്ചു. ഉദ്യോഗസ്ഥരെത്തുമ്പോൾ എബിന്റേയും ലിബിന്റേയും വീട്ടിൽ ആളില്ലായിരുന്നു. അതിനാൽ നോട്ടിസ് ചുമരിൽ പതിച്ചു. ഏഴു ദിവസത്തിനകം മറുപടി നൽകണം. ഇല്ലെങ്കിൽ റദ്ദാക്കൽ നടപടികളുമായി മുന്നോട്ടു പോകും.

അതിനിടെ, വാഹനത്തിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കാതെ ഇരിക്കാൻ കാരണം കാണിക്കണം എന്ന് ആവശ്യപ്പെട്ടു മോട്ടർ വാഹന വകുപ്പ് ഇവരുടെ വീട്ടിൽ നോട്ടിസ് പതിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനെത്തുടർന്നാണു ചുമരിൽ നോട്ടിസ് പതിച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണു നോട്ടിസിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് അടുത്ത ദിവസം തലശ്ശേരി അഡീഷനൽ സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകും.

വ്‌ലോഗർ സഹോദരങ്ങൾ യൂട്യൂബ് ചാനലിൽ ഇട്ട വിഡിയോകളും സംഭവത്തെക്കുറിച്ചു പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും സമൂഹമാധ്യമ പേജുകളിൽ വന്ന പ്രതികരണങ്ങളും പൊലീസ് പരിശോധിച്ചു തുടങ്ങി. യൂട്യൂബ് ചാനലിലെ വിഡിയോകളിൽ നിയമലംഘനം കണ്ടെത്തുന്നവ അതാതു സംസ്ഥാനത്തെ മോട്ടർ വാഹനവകുപ്പിനെ അറിയിക്കും.

അതിനിടെ എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. റോഡിലൂടെ വേഗത്തിലുള്ള യാത്രയ്ക്കായി ആംബുലൻസിന്റെ സൈറൺ വരെ ഇവർ ഉപയോഗിച്ചിരിക്കുന്നുവെന്ന അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത്. ഇത്തരത്തിൽ കൂടുതൽ നിയമലംഘനം നടത്തിയതിന്റെ വീഡിയോകൾ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പൊലീസും ഗതാഗത വകുപ്പും.

ടോൾ ബൂത്തുകളിലും ഇവർ സൈറൺ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവർ ഇത്തരത്തിൽ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവർക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനിൽ ഉൾപ്പെടുത്തിയ ലൈറ്റുകൾ രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ വളർത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകൾ നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങൾ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനും ആർടിഒ ആലോചിക്കുന്നുണ്ട്.

യൂട്യൂബ് ചാനലിൽ ഇവർ തന്നെ നൽകിയിട്ടുള്ള പല വീഡിയോകളിലും ഗതാഗത നിയമലംഘനങ്ങൾ വ്യക്തമാണ്. രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോകൾ. അറസ്റ്റ് ചെയ്ത പ്രതികളെ പുറത്തുവിട്ടിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കുട്ടികൾ കരയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഇവരുടെ വീഡിയോ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.