കൊച്ചി: ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചുറ്റിപ്പറ്റി അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്പീക്കറുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇഡി തേടുന്നത്. അദ്ദേഹത്തിന്റെ വിദേശയാത്രാവിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്കു കത്തു നൽകി.

കഴിഞ്ഞ 5 വർഷത്തിനിടയിൽ ശ്രീരാമകൃഷ്ണൻ നടത്തിയ ഓരോ വിദേശയാത്രയുടെയും തീയതി, എത്ര ദിവസം ഏതെല്ലാം രാജ്യങ്ങളിൽ തങ്ങി, വിമാന ടിക്കറ്റിന്റെ വിശദാംശങ്ങൾ, പാസ്‌പോർട്ട് നമ്പർ, ആരെല്ലാം ഔദ്യോഗികമായി അനുഗമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ചെലവിൽ നടത്തിയ യാത്രകളുടെ വിശദാംശങ്ങൾ പ്രത്യേകമായി ചോദിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണൻ ഒന്നിലധികം പാസ്‌പോർട്ടുകളിൽ ആവർത്തിച്ചു വിദേശയാത്ര നടത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണു ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണം ശ്രീരാമകൃഷ്ണനിലേക്കും കേന്ദ്രീകരിക്കാൻ ഇഡി തീരുമാനിച്ചത്.

സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണിത്. സ്പീക്കറുടെ ഓഫീസും യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസുമാണ് വ്യത്യസ്ത കണക്കുകൾ നൽകിയത്. സ്പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നൽകിയപ്പോൾ, യു.എ.ഇ. കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസ് നൽകിയ കണക്കിൽ 21 തവണ യു.എ.ഇ. മാത്രം സന്ദർശിച്ചിട്ടുണ്ട്.

നേരത്തെ സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ, സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരൺ, ലിഫാർ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ പേരിൽ എടുത്ത സിം കാർഡ് ശ്രീരാമകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഉപയോഗിച്ചിരുന്ന ഫോണിലേക്കും തിരിച്ചും സംശയാസ്പദമായ ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്കു കൈമാറുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് നാസ് അബ്ദുള്ള എന്ന നാസർ മൊഴി നൽകിയത്. സ്വർണക്കടത്ത് വിവാദമായതോടെ ഈ സിം കാർഡുള്ള ഫോൺ ഓഫാക്കുകയായിരുന്നു. മന്ത്രി കെ ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇവരുടെ അടുത്ത സൗഹൃദ വലയത്തിൽ ഉള്ള ആളാണ് നാസ് അബ്ദുല്ല. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വർഷം മുമ്പാണ് നാട്ടിലെത്തിയത്. യു എ ഇയിൽ പ്രവർത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡോളർ കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് വിദേശ മലയാളികളായ ഡോ.കിരൺ, ലഫാർ മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തത്.

മിഡിൽ ഈസ്റ്റ് കോളജ് ഉടമയാണ് ലെഫീർ മുഹമ്മദ്. ശിവശങ്കറും സ്വപ്ന സുരേഷും കോളജ് സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്തത്. കോളജിൽ ജോലി ലഭിക്കാനായി ശിവശങ്കർ ഇടപെട്ടിരുന്നുവെന്നും ജോലിക്കായുള്ള അഭിമുഖത്തിനായി കോളജിലെത്തിയപ്പോൾ ശിവശങ്കർ ഒപ്പമുണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. കോളജിന്റെ ഡീനായ തിരുവനന്തപുരം പോത്തൻകോട് സ്വദേശി ഡോ. കിരണിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഡോ. കിരൺ, ലഫീർ മുഹമ്മദ് എന്നിവരെ ഇ ഡിയും ചോദ്യം ചെയ്തിരുന്നു. പരമാവധി വിവരങ്ങൾ ശേഖരിച്ച ശേഷം ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്ത ശേഷം കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. അതിനുള്ള തയ്യാറെടുപ്പിലാണ് ഇ ഡി.

അതിനിടെ സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്നയുടെ രഹസ്യമൊഴി കസ്റ്റംസ് പുറത്തുവിട്ടതിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിനു നൽകിയ അപേക്ഷയിൽ തുടർനടപടികൾ 24 ലേക്ക് മാറ്റി. ബാംബൂ കോർപറേഷൻ ചെയർമാനും സിപിഎം നേതാവുമായ കെ.ജെ. ജേക്കബാണ് അപേക്ഷ നൽകിയത്.

തുടർന്ന് അഡ്വക്കറ്റ് ജനറൽ (എജി) സി.പി. സുധാകര പ്രസാദ് കസ്റ്റംസ് എറണാകുളം പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനു നോട്ടിസ് അയച്ചിരുന്നു. എന്നാൽ, സഹപ്രവർത്തകനു കോവിഡ് ബാധിച്ചതിനാൽ താനുൾപ്പെടെ ക്വാറന്റീനിലാണെന്നും കസ്റ്റംസ് കമ്മിഷണർക്കു വേണ്ടി ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി അസി.സോളിസിറ്റർ ജനറൽ പി. വിജയകുമാർ നൽകിയ കത്തിനെ തുടർന്നാണ് നടപടികൾ മാറ്റിയത്. നാളെ ക്വാറന്റീൻ അവസാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.