കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. പാർട്ടിപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്.

പാലാരിവട്ടം പാലം നിർമ്മാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നൽകിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

കള്ളപ്പണം വെളുപ്പിക്കാൻ വി കെ ഇബ്രാഹിം കുഞ്ഞ് മുസ്ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഇഡി അന്വേഷണം ആരംഭിച്ചത്.