കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ ഉൾപാർട്ടി വിഭാഗീയതയുടെ മഞ്ഞുരുക്കാൻ കോടിയേരി നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു. പാർട്ടിക്കുള്ളിൽ ഇടഞ്ഞു നിൽക്കുന്ന ഇ.പി.ജയരാജനുമായി രഹസ്യ ചർച്ച നടത്തിയാണ് കോടിയേരി പിണറായി പക്ഷ നേതാക്കളിൽ തന്നെയുണ്ടായ ഭിന്നതയുടെ കാഠിന്യം കുറച്ചത്. കേന്ദ്ര കമ്മിറ്റിയംഗവും കണ്ണൂരിലെ കരുത്തനായ നേതാവായ മുൻ മന്ത്രി ഇ.പി ജയരാജൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പൂർണമായി മാറി നിൽക്കുകയായിരുന്നു.

വീണ്ടും മത്സരിക്കാൻ മട്ടന്നൂർ മണ്ഡലം നിഷേധിക്കപ്പെട്ടതോടെയാണ് ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അകന്നത്. ഇതോടെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായും ഇ.പി സഹകരിക്കാതെയായി. കേന്ദ്ര-സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇ.പി ജയരാജൻ സംസ്ഥാന തലത്തിലും പ്രവർത്തിച്ചിരുന്നില്ല. ഇതോടെയാണ് വീട്ടിൽ ഒതുങ്ങി കൂടുന്ന ഇ പി യെ കുറിച്ച് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

നേരത്തെ കോടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായി അവധിയെടുത്ത സമയത്ത് ഇ.പി ജയരാജൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുമെന്ന അഭ്യൂഹ മുണ്ടായിരുന്നുവെങ്കിലും എൽ.ഡി.എഫ് കൺവീനറായ എ.വിജയരാഘവന് അധിക ചുമതല നൽകുകയാണ് ചെയ്തത്. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഇ.പി വരുന്ന എർണാകുളം സംസ്ഥാന സമ്മേളനത്തിലും എത്തില്ലെന്ന് ഉറപ്പാവുകയും ചെയ്തു. കോടിയേരി ബാലക്യഷ്ണനെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണ് ഇ.പിയുടെ ചീട്ടുകീറിയത്.

ഒരു കാലത്ത് പിണറായി വിഭാഗത്തിലെ ഏറ്റവും കരുത്തനായ നേതാവും ഒന്നാം പിണറായി സർക്കാരിലെ രണ്ടാമനുമായിരുന്ന ഇ പി ജയരാജനെക്കാൾ പ്രാധാന്യം എം.വി ഗോവിന്ദന് ലഭിച്ചതോടെ പാർട്ടിക്കുള്ളിൽ പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലായി ഇ.പി ജയരാജൻ' രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായ എം.വി ഗോവിന്ദൻ ഒരേ ചേരിയിൽ നിൽക്കു'മ്പോഴും ഇ പി യെ പാർട്ടിക്കുള്ളിൽ എന്നും എതിർത്തു പോന്നിരുന്ന നേതാക്കളിലൊരാളാണ്. എന്നാൽ കെ.കെ ശൈലജ, പി.ജയരാജൻ, പി.കെ ശ്രീമതി, എന്നീ നേതാക്കളെ ഒതുക്കിയതിനു സമാനമായി ഇ പി യെയും പാർശ്വവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പിണറായി ഗ്രൂപ്പിൽ നിന്നു തന്നെ അതൃപ്തിയുയർന്നിരുന്നു.

മാത്രമല്ല കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുഖ്യ സംഘാടകത്വം വഹിക്കേണ്ട നേതാക്കളിൽ അസ്വാരസ്യമുയർന്നത് പാർട്ടി കേന്ദ്ര നേതൃത്വവും ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ രണ്ടുടേം പൂർത്തിയാക്കിയവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചത് നേതാക്കളിൽ കടുത്ത അതൃപ്തിക്കിടയാക്കിയതായി കേന്ദ്ര കമ്മിറ്റി നേതാക്കൾക്കും ബോധ്യമായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായിട്ടാണ് പി.ബി അംഗം കൂടിയ കോടിയേരി ബാലകൃഷ്ണൻ തന്നെ സമവായ ചർച്ചയ്ക്കിറങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കണ്ണുർ ജില്ലാ സെക്രട്ടറിയേറ്റ് - കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ കോടിയേരി ഇതു സംബന്ധിച്ച് ഇ പി ജയരാജനുമായി രഹസ്യ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതു പ്രകാരം വരുന്ന പാർട്ടി കോൺഗ്രസിൽ പി.ബി അംഗത്വമാണ് ഇ.പിക്കു മുൻപിൽ മുൻപോട്ടു വെച്ച ഫോർമുല എന്നാൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഇ.പിയെ എറണാകുളം സമ്മേളനത്തിൻ പരിഗണിക്കില്ല.

കേരളത്തിൽ നിന്നുള്ള നാലാമത്തെ പി.ബി അംഗമായി ഇതോടെ ഇ.പി ജയരാജൻ മാറിയേക്കും കോടിയേരി ബാലകൃഷ്ണൻ നടത്തിയ സമവായ ചർച്ചയെ തുടർന്ന് കണ്ണുരിലെ പാർട്ടിക്കുള്ളിൽ താൽക്കാലിക വെടിനിർത്തലിന് ഇ.പി തയ്യാറായിട്ടുണ്ടെന്നാണ് സൂചന.ഇതോടെയാണ് ഇരുവരും പാർട്ടി കോൺഗ്രസ് നടക്കുന്ന നായനാർ അക്കാദമി സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തത്. എന്നാൽ ഇ പി യോട് സമവായ ചർച്ച നടത്തുമ്പോഴും പി.ജയരാജനുമായി യാതൊരു വിട്ടുവീഴ്‌ച്ചയും വേണ്ടെന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 'അതു കൊണ്ടു തന്നെ യാതൊരു സമവായ ചർച്ചയും പി.ജയരാജനുമായി ഇതുവരെ നടന്നിട്ടില്ല.