തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ചെലവു കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന വാദം തെറ്റാണെന്നും ശ്രീധരൻ പറഞ്ഞു.

പദ്ധതി സംസ്ഥാനത്ത് വലിയതോതിൽ പരിസ്ഥിതിക ആഘാതം ഉണ്ടാക്കും. പൗരപ്രമുഖരമായുള്ള കുടിക്കാഴ്ചയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. സിൽവർലൈൻ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കേണ്ടിവരുമെന്ന് ശ്രീധരൻ ചൂണ്ടിക്കാട്ടി. ഇതിനായി വേലികൾ നിർമ്മിക്കുകയെന്നത് അപര്യാപ്തമാണ്.

സിൽവർലൈൻ ഭൂമിയിലൂടെ പോകുന്ന 393 കിലോമീറ്റർ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാർഗങ്ങൾ തടസ്സപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാവും 393 കിലോമീറ്ററിലും ആവർത്തിക്കുക. ഈ 393 കിലോമീറ്ററിലും 800 റെയിൽവേ റോഡ് ഓവർ ബ്രിജ്/റോഡ് അണ്ടർ ബ്രിജുകൾ നിർമ്മിക്കേണ്ടിവരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചെലവുവരും. ഇതിനായി മാത്രം 16,000 കോടി രൂപ വേണ്ടിവരുമെന്നർഥം. ഇപ്പോഴത്തെ എസ്റ്റിമേറ്റിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ നിർമ്മാണത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നതും പരിഗണിച്ചിട്ടില്ല.

അധികഭൂമിക്ക് വേണ്ടിവരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡിപിആർ പുറത്തുവിടില്ലെന്ന വാദവും കളവാണ്. ഞാൻ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആർ തയാറാക്കിയിട്ടുണ്ട്. ഒരെണ്ണം പോലും ജനങ്ങളിൽനിന്ന് ഒളിപ്പിച്ചിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു. സിൽവർലൈൻ പദ്ധതി പ്രാഥമിക സാധ്യതാ പഠനറിപ്പോർട്ടും അന്തിമ സാധ്യതാപഠന റിപ്പോർട്ടും തമ്മിൽ ക്രമരഹിതമായ അന്തമുണ്ടെന്ന വാർത്തകൾ പുറത്തുവരവേയാണ് പദ്ധതിയെ എതിർത്തു കൊണ്ട് ശ്രീധരൻ രംഗത്തുവന്നത്.

അന്തിമ സാധ്യതാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ 2019-ൽ പദ്ധതിക്ക് തത്ത്വത്തിലുള്ള അനുമതിനൽകിയത്. സിസ്ട്ര എന്ന കമ്പനിയാണ് ഈ പഠനങ്ങൾ നടത്തിയത്. പ്രാഥമിക റിപ്പോർട്ടിൽനിന്ന് അന്തിമറിപ്പോർട്ടിൽ എത്തിയപ്പോൾ യാത്രികരുടെ എണ്ണം ഇരട്ടിയായി. പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത് 2024 ആകുമ്പോൾ ദിവസ യാത്രികരുടെ എണ്ണം 37,750 ആകുമെന്നാണ്. എന്നാൽ, അന്തിമറിപ്പോർട്ടിൽ ഇത് 67,740 എന്നാണ്. പ്രാഥമിക റിപ്പോർട്ടിൽ 2028-ൽ ദിവസം 45,650 യാത്രികരെ പ്രതീക്ഷിക്കുമ്പോൾ അന്തിമറിപ്പോർട്ടിലിത് 82,266 പേരാണ്. 2019 മേയിലാണ് സിസ്ട്ര അന്തിമറിപ്പോർട്ട് നൽകിയത്. അതേവർഷം മാർച്ചിൽ നടത്തിയ പ്രാഥമിക സാധ്യതാ പഠനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമറിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും കണക്ക് ഇരട്ടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

പദ്ധതി ലാഭക്കണക്കിലും വ്യക്തതവരുത്താൻ വിവിധ റിപ്പോർട്ടുകൾക്ക് കഴിഞ്ഞില്ല. പദ്ധതി ലാഭകരമാണോയെന്ന് പരിശോധിക്കുന്നത് മുടക്കുമുതലിന് അടിസ്ഥാനമായി വരുമാനമുണ്ടോ എന്നുനോക്കിയാണ്. പ്രാഥമിക, അന്തിമ, വിശദ റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ ഇക്കാര്യത്തിൽ വലിയ അന്തരം കാണിച്ചിട്ടുണ്ട്. ആദ്യറിപ്പോർട്ടിൽ 30 വർഷത്തേക്ക് വരുമാനനിരക്ക് 14.5 ശതമാനമാണ്. പദ്ധതിയുടെ ലാഭം ശരാശരി 1604.9 കോടിയും. രണ്ടുമാസം കഴിഞ്ഞ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത് യഥാക്രമം 16.08 ശതമാനവും 5578 കോടിയുമാണ്.

2020-ൽ വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ ലാഭനിരക്ക് കുത്തനെ ഉയർന്നു. 50 വർഷത്തേക്ക് വരുമാനനിരക്ക് 24.04 ശതമാനവും ലാഭം 19,020 കോടിയുമായി. മൂന്ന് റിപ്പോർട്ടുകളിലും വിവിധ നിർമ്മിതികൾക്കുള്ള ചെലവുകാര്യത്തിലും വലിയ അന്തരം കാണിക്കുന്നു.