പാലക്കാട്: സംസ്ഥാനത്ത് ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് മണ്ഡലം. ഇവിടെ വിജയിക്കുമെന്ന് വിശ്വാസത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോമാൻ ഇ ശ്രീധരൻ. പാലക്കാട് മാത്രമല്ല, മറ്റ് പലയിടങ്ങളിലും ബിജെപി വിജയിക്കുമെന്നാണ് മെട്രോമാന്റെ പ്രതീക്ഷ. താൻ വിജയിക്കുമെന്ന് ഉറപ്പിച്ചതോടെ ഓഫീസു വരെ എടുത്തതായാണ് ശ്രീധരൻ പറയുന്നത്.

സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്കാണ് സാധ്യതയെന്നാണ് ഇ ശ്രീധരൻ പറയുന്നത്. ഞാൻ ആദ്യം പറഞ്ഞത് ബിജെപിക്ക് 42 മുതൽ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോൾ 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും. തൂക്കുനിയമസഭ വന്നാൽ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കിങ് മേക്കർ ബിജെപിയാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായി വിജയന്റെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ഇനി പാലക്കാട് തന്നെ ഉണ്ടാകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. വീടും എംഎ‍ൽഎ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

'എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകൾ വോട്ട് ചെയ്ത്. ബിജെപിയുടെ വളർച്ച ഞാൻ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയിൽ തുടരും. എന്നാൽ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാർട്ടിക്ക് അഡ്‌മിനിസ്ട്രേറ്റീവ് ഗൈഡൻസ് നൽകും. '- ശ്രീധരൻ പറഞ്ഞു.

അതേസമയം, പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ.ശ്രീധരനെ പരിഹസിച്ച് വി.കെ.ശ്രീകണ്ഠൻ എംപി രംഗത്തുവന്നു. ശ്രീധരൻ പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടാണ്. എംഎൽഎ ഓഫീസിൽ ഷാഫി തുടരുമെന്നും വികെ ശ്രീകണ്ഠൻ പാലക്കാട് പറഞ്ഞു.