മഡ്ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ 37-ാം മിനിറ്റിൽ ടോമിസ്ലാവ് മർസെലയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 44-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അൽവാരോ വാസ്‌ക്വെസും അഡ്രിയാൻ ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

15-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഈ ഗോൾ പിൻവലിക്കുകയായിരുന്നു. ഹാൾറിങ്ങിന്റെ ഷോട്ട് ഈസ്റ്റ് ബംഗാൾ താരം അമർജിത് കിയാമിന്റെ കൈയിലിടിച്ച് വാസ്‌ക്വസിന്റെ കാൽപാകത്തിനെത്തി. എന്നാൽ ഇതിനിടെ റഫറി വിസിൽ മുഴക്കിയിരുന്നു. വാസ്‌ക്വസ് പന്ത് വലിലെത്തിച്ചതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അപ്പീലിൽ റഫറി ആദ്യം ഗോൾ അനുവദിച്ചു. എന്നാൽ റഫറി അതിനു മുമ്പേ വിസിൽ മുഴക്കിയെന്ന് ഈസ്റ്റ് ബംഗാൾ താരങ്ങൾ വാദിച്ചതോടെ റഫറി ഈ ഗോൾ പിൻവലിക്കുകയായിരുന്നു.

37-ാം മിനിറ്റിൽ രാജു ഗെയ്ക്വാദിന്റെ ലോങ് ത്രോ മർസെല ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് 44-ാം മിനിറ്റിൽ വാസ്‌ക്വെസിലൂടെ ഒപ്പമെത്തി. ബോക്സിനെ വെളിയിൽ നിന്ന് പന്ത് ലഭിച്ച വാസ്‌ക്വെസ് അടിച്ച ഷോട്ട് മർസലയുടെ തോളിലിടിച്ച് ഗതിമാറി വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ ഇരു ടീമിന്റെയും ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. എങ്കിലും അന്റോണിയോ പെരോസെവിച്ച് മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 20-ാം മിനിറ്റിലും 81-ാം മിനിറ്റിലും താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഗിൽ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തുകയായിരുന്നു.