ന്യൂഡൽഹി: നടി ലീന മരിയ പോൾ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയത് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ. 10 കോടി രൂപയുടെ സമ്മാനങ്ങളിൽ 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.

സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടികളുടെ പ്രിയങ്കരനെന്നും ഇഡി വെളിപ്പെടുത്തുന്നുണ്ട്.രണ്ടു നടികളെയും ഇഡി ചോദ്യം ചെയ്തപ്പോഴാണ് സമ്മാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ ഉണ്ടായത്. നേരത്തെ ചോദ്യം ചെയ്യലിൽ സുകേശും ഇക്കാര്യം പറഞ്ഞിരുന്നു.
ഈ വർഷം ജനുവരിയിൽ സുകാഷും ജാക്വിലിനും സംസാരിക്കാൻ തുടങ്ങിയെന്നും പിന്നീട് സുകാഷ് ജാക്വിലിനു സമ്മാനങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സമ്മാനങ്ങളിൽ ആഭരണങ്ങളും പാത്രങ്ങളും നാലു പേർഷ്യൻ പൂച്ചകളും ഉൾപ്പെടുന്നു. അവയിലൊന്നിന് 9 ലക്ഷം രൂപ വില വരും. 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിരയും സമ്മാനമായി നൽകി. സുകാഷ് ജയിലിലായിരിക്കുമ്പോൾ ജാക്വിലിൻ സുകാഷുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

സുകാഷിന് ജാമ്യം ലഭിച്ചതിനുശേഷം, ജാക്വിലിനുവേണ്ടി മുംബൈയിൽനിന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽനിന്ന് ചെന്നൈയിലേക്കും ചാർട്ടേഡ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ ചാർട്ടേഡ് വിമാനം വഴിയുള്ള യാത്രയ്ക്കായി സുകാഷ് എട്ട് കോടി രൂപ ചെലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കൾക്ക് സുകാഷ് വൻതുക അയച്ചതായും ഇഡി കോടതിയെ അറിയിച്ചു.

ജാക്വിലിനെയും സഹായികളെയും നേരത്തേ ഇഡി ചോദ്യം ചെയ്തിരുന്നു. ജാക്വിലിനൊപ്പം ചോദ്യം ചെയ്യപ്പെട്ട നടി നോറ ഫത്തേഹിയെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. സുകാഷ് ഒരു കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറും ഐഫോണും നോറ ഫത്തേഹിക്ക് സമ്മാനിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

സുകാഷ് ചന്ദ്രശേഖർ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വർഷം ഒക്ടോബറിൽ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ജാക്വിലിൻ പല തവണ സമൻസ് കിട്ടിയിട്ടും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ജയിലിലെ നിരവധി ഉദ്യോഗസ്ഥർക്ക് താൻ കോടികളുടെ കൈക്കൂലി നൽകിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താൻ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജർ, ഹവാല ഓപ്പറേറ്റർ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു.

സുകേഷ് ചന്ദ്രശേഖർ ഒരു മികച്ച മൊബൈൽ ആപ് ഉപയോഗിച്ച് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.