തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെയും ബിനീഷ് കോടിയേരിയുടെയും തലസ്ഥാനത്തെ ബിനാമി ബന്ധങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഇവരിൽ ചിലരുടെ സാമ്പത്തികസ്ഥിതിയിൽ അടുത്തിടെയുണ്ടായ വൻ വർധനയാണ് സംശത്തിനിടയാക്കുന്നത്. മയക്കുമരുന്ന് വഴിയുള്ള സമ്പാദ്യമാണോ ഇതെന്നു സംശയിക്കുന്നു. 

ഇതിൽ അരുവിക്കര വട്ടക്കുളം സ്വദേശിയെ ഉടൻ ചോദ്യംചെയ്‌തേക്കും. ഇയാളുടെ പേരിൽ രണ്ട് ലാൻഡ്റോവർ കാറുകളും ഒരു ബെൻസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു രണ്ട് ആഡംബരവാഹനങ്ങൾകൂടി ഇയാൾ ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണോ വാഹനങ്ങൾ ഉപയോഗിച്ചതെന്നു സംശയമുണ്ട്.

എടുത്തുപറയത്തക്ക ജോലിയോ ബിസിനസ് പശ്ചാത്തലമോ ഇല്ലാത്ത ഇയാൾ ഇത്രയും ആഡംബരവാഹനങ്ങൾ ഉപയോഗിക്കുന്നതിനു പിന്നിൽ ദുരൂഹതയുണ്ട്. ചുരുങ്ങിയകാലം ഗൾഫിൽ നിന്നശേഷം മടങ്ങിയെത്തിയ ഇയാൾ ഇപ്പോൾ തലസ്ഥാനത്താണ് കൂടുതൽ സമയവും.

മഹാരാഷ്ട്രയിൽനിന്നു വാങ്ങിയ ഒരു കാർ ഹിമാചൽപ്രദേശിലെ സോളാനിൽ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്തതാണ്. മറ്റൊരു കാർ അനൂപ് മുഹമ്മദിന്റെ ബെംഗളൂരു കല്യാൺനഗറിലെ ഹോട്ടലിനു സമീപത്തുള്ള വിലാസത്തിൽ രജിസ്റ്റർ ചെയ്തതും. മറ്റൊരു കാർ നെടുമങ്ങാട് വട്ടക്കുളത്തെ വിലാസത്തിൽ രജിസ്റ്റർ ചെയ്തതാണ്. കേരളത്തിൽ 25 ലക്ഷം രൂപ നികുതിയടയ്‌ക്കേണ്ടിവരുന്ന ഒരു കാർ രണ്ടരലക്ഷം രൂപയ്ക്കാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വഴുതക്കാട്ട് ബിനീഷ് എടുത്തിരുന്ന ഫ്‌ളാറ്റിൽ അനൂപ് ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ ഒത്തുകൂടിയിരുന്നു. ഇതേക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ ഉപയോഗിച്ചിരുന്ന ബൈക്ക് തൃശ്ശൂർ സ്വദേശിയായ റെയിൽവേ ടിക്കറ്റ് എക്സാമിനർ ജാഫർ ജമാലിന്റേതാണ്. ക്രിക്കറ്റ് കളിക്കാരനായ ഇയാൾ ബിനീഷിന്റെ അടുത്തസുഹൃത്താണ്. ലോക്ഡൗണിൽ ബെംഗളൂരുവിലെ ഹോട്ടലിൽെവച്ച ബൈക്ക് അനൂപ് മുഹമ്മദ് ഉപയോഗിക്കുന്നകാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജാഫർ പറയുന്നത്.