കോഴിക്കോട്: യുഡിഎഫ് സംവിധാനത്തിനാകെ നാണക്കേടാകുകയാണ് എലത്തൂർ മണ്ഡലം. വിരലിൽ എണ്ണാവുന്ന അണികൾ പോലുമില്ലാത്ത എൻസികെയുടെ സ്ഥാനാർത്ഥിയായി സുൽഫിക്കർ മയൂരിയാണ് മത്സര രംഗത്തുള്ളത്. എന്നാൽ, സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് അണികൾ കട്ടക്കലിപ്പിലാണ്. സ്ഥാനാർത്ഥി പ്രശ്‌നത്തിൽ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസംവരെ നീണ്ട തർക്കവും പോർവിളികളും തുടരുകയാണ്.

എലത്തൂരിലെ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിൽക്കുന്നതായി എൻസികെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി പറഞ്ഞു. യുഡിഎഫ് ഒരു ഘടകക്ഷിക്ക് അനുവദിച്ച സീറ്റിൽ വേറൊരു ഘടകക്ഷി നോമിനേഷൻ കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 'കെ.പി.സിസി അംഗത്തെകൊണ്ട് പത്രിക പിൻവലിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വം ആണ്. ഭാരതീയ നാഷണൽ ജനതാദൾ പത്രിക പിൻവലിക്കുമെന്നാണ് പ്രതീക്ഷ. രേഖാമൂലം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചത്. എൻസികെയ്ക്ക് രണ്ട് സീറ്റുകൾ നൽകിയെന്ന് പറയുന്ന കത്ത് തങ്ങളുടെ കൈയിലുണ്ടെന്നും അതിൽ ഒന്ന് എലത്തൂരും മറ്റൊന്ന് പാലയുമാണ്.

പാലായും കായംകുളവുമാണ് എൻ.സി.കെ. ആദ്യംആവശ്യപ്പെട്ടത്. എന്നാൽ, കായംകുളത്ത് മറ്റൊരു സ്ഥാനാർത്ഥി വന്നപ്പോൾ മാറിനിൽക്കാനുള്ള മാന്യത പാർട്ടി കാണിച്ചു. എലത്തൂരിലും എൻ.സി.കെ ഇതേ മാന്യതയാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ജില്ലാനേതൃത്വം ഇടപെട്ട് ശമിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രതിഷേധങ്ങൾ തെരുവിലേക്കെത്തിക്കുന്നത് മുന്നണിസംവിധാനത്തിന് യോജിച്ച നിലപാടല്ല'- സുൽഫിക്കർ മയൂരി പറഞ്ഞു.

തിങ്കളാഴ്ച കഴിഞ്ഞാൽ പര്യടനത്തിനിറങ്ങുമെന്ന് എൻ.സി.കെ. വർക്കിങ് പ്രസിഡന്റ് ബാബു കാർത്തികേയനും വൈസ് പ്രസിഡന്റ് പി. ഗോപിനാഥും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എലത്തൂർ സീറ്റിൽ മാണി.സി.കാപ്പന്റെ എൻ.സി.കെ.തന്നെ മത്സരിക്കട്ടെ എന്ന് കോൺഗ്രസ് സംസ്ഥാനനേതൃത്വം നിലപാടെടുത്തെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ.

മാണി സി. കാപ്പനുമായി ചർച്ചനടത്തിയശേഷം ഞായറാഴ്ച വൈകീട്ട് അന്തിമതീരുമാനമറിയിക്കുമെന്നായിരുന്നു ഡി.സി.സി. നേതൃത്വത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുനൽകിയത്. പക്ഷേ, കൃത്യമായ തീരുമാനം അറിയിച്ചിട്ടില്ല. യു.ഡി.എഫ്. തീരുമാനിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും അംഗീകരിക്കുമെന്നരീതിയിൽ എം.കെ. രാഘവൻ എംപി.യും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, യു.വി. ദിനേശ് മണി പത്രിക പിൻവലിക്കേണ്ടിവന്നാലും സുൾഫിക്കർ മയൂരിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നാണ് ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും പറയുന്നത്.

തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. എന്ത് തീരുമാനം കൈക്കൊള്ളണമെന്നാലോചിക്കാൻ തിങ്കളാഴ്ച എലത്തൂർ നിയോജമണ്ഡലത്തിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെയും ഡി.സി.സി. ഭാരവാഹികളുടെയും വിവിധ പോഷകസംഘടനാനേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രവർത്തകർ പറഞ്ഞിട്ടാണ് നാമനിർദേശപത്രിക നൽകിയതെന്നും അവരുടെ തീരുമാനത്തിനനുസരിച്ചേ നിലപാടെടുക്കുകയുള്ളുവെന്നും യു.വി. ദിനേശ് മണിയും വ്യക്തമാക്കി.

ശനിയാഴ്ച ഡി.സി.സി. ഓഫീസിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് ഭാരവാഹികൾ ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാനനേതൃത്വത്തിന് റിപ്പോർട്ടായി നൽകിയിട്ടുണ്ട്. അതിനനുസരിച്ച് തീരുമാനമുണ്ടാവുമെന്ന് കെപിസിസി. വർക്കിങ് പ്രസിഡന്റ് കെ.വി. തോമസ് പറഞ്ഞു. എ.ഐ.സി.സി. ജനറൽസെക്രട്ടറി ഉമ്മൻ ചാണ്ടിയെ എലത്തൂരിലെ പ്രശ്നങ്ങൾ ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ ധരിപ്പിച്ചിട്ടുണ്ട്. നേരത്തേ എലത്തൂർ സീറ്റ് എൻ.സി.കെ.യ്ക്ക് വിട്ടുനൽകിയതിനാൽ തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് നേതാക്കൾ അറിയിച്ചത്. മുന്നണിമര്യാദ എന്ന നിലയിൽ സ്ഥാനാർത്ഥിയെ അംഗീകരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എൻ.സി.കെ.യ്ക്ക് നൽകിയ സീറ്റാണ്, അതെങ്ങനെയാണ് തിരിച്ചെടുക്കുക എന്ന നിലപാടാണ് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സനും സ്വീകരിച്ചത്.

നേരത്തെ കോൺഗ്രസ് മത്സരിച്ചിരുന്ന സീറ്റിൽ നിജേഷ് അരവിന്ദ്, യു.വി. ദിനേശ് മണി തുടങ്ങിയ നേതാക്കളെയായിരുന്നു തുടക്കംമുതൽ കോൺഗ്രസ് പരിഗണിച്ചിരുന്നത്. ചെങ്ങോടുമല ക്വാറിക്കെതിരായ സമരത്തിൽ സജീവമായിരുന്ന നിജേഷ് അരവിന്ദിനെതിരെ ക്വാറിമാഫിയ രംഗത്തുണ്ടായിരുന്നതായ ആക്ഷേപമുയർന്നിരുന്നു. എതെങ്കിലും കോൺഗ്രസ് നേതാവിനുതന്നെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവസാന നിമിഷംവരെ. എന്നാൽ, ഒരാഴ്ചമുമ്പ് കോഴിക്കോട്ടെത്തിയ സുൽഫിക്കർ മയൂരി യു.ഡി.എഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. മാണി സി. കാപ്പനൊപ്പം എൻ.സി.പി വിട്ട് നാഷനലിസ്റ്റ് കോൺഗ്രസ് കേരള രൂപവത്കരിക്കാൻ മുന്നിൽനിന്ന സുൽഫിക്കർ മയൂരിയാണ് സ്ഥാനാർത്ഥിയെന്ന് കാപ്പൻ തന്നെയാണ് പ്രഖ്യാപിച്ചത്. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു സ്ഥാനാർത്ഥിത്വം.

യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അലസതയും അബദ്ധപ്രവൃത്തികളുമാണ് എലത്തൂർ പ്രശ്‌നം വഷളാക്കിയതെന്ന് ജില്ലയിലെ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. മാർച്ച് ഒന്നിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കൻേറാൺമെന്റ് ഹൗസിൽ നടന്ന യോഗത്തിൽ സീറ്റ് ഭാരതീയ നാഷനൽ ജനതാദളിന് അനുവദിച്ചതായാണ് നാഷനൽ ജനതാദൾ നേതൃത്വം പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതാവ് സെനിൻ റാഷി പത്രിക സമർപ്പിച്ചത്. കെപിസിസിയുടെ തീരുമാനത്തിന് ശേഷം നിയോജകമണ്ഡലം കൺവെൻഷൻ ചേർന്ന് നിലപാട് അറിയിക്കുമെന്ന് പത്രിക നൽകിയ കെപിസിസി എക്‌സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണി പറഞ്ഞു.