കൊൽക്കത്ത : പെട്രോൾ പമ്പുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യചിത്രങ്ങൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 72 മണിക്കൂറിനകം ഇത്തരം പരസ്യബോർഡുകൾ നീക്കം ചെയ്യാനാണ് പശ്ചിമബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചത്.

പെട്രോൾ പമ്പ് ഡിലേഴ്സിനോടും മറ്റ് ഏജൻസികളോടുമാണ് കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങളും പരസ്യങ്ങളും ആലേഖനം ചെയ്തിട്ടുള്ള ഇത്തരം പരസ്യങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.

നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ട്, മോദിയുടെ പരസ്യങ്ങൾ വോട്ടർമാരെ പ്രലോഭിപ്പിക്കുന്നതാണെന്നും, പെരുമാറ്റച്ചട്ട ലംഘനമാണെന്നും കാണിച്ച് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് പരസ്യബോർഡുകൾ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.