തിരുവനന്തപുരം: ഒടുവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒറ്റയാൾ പോരാട്ടം വിജയം കാണുന്നു. വ്യാജ വോട്ടർമാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടീക്കാറാം മീണ അറിയിച്ചു. ഇരട്ടവോട്ടിൽ ശക്തമായ നടപടി എടുക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുങ്ങുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് കണ്ടെത്തൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കും. ഉദ്യോഗസ്ഥർ നേരിട്ടു ചെന്ന് പരിശോധിക്കണം. ഇതു സംബന്ധിച്ച് കലക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദ്ദേശം നൽകി. ഒന്നിലധികമുള്ള തിരിച്ചറിയൽ കാർഡുകൾ നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകൾ രാഷ്ട്രീയ പാർട്ടികൾക്കു കൈമാറും. ഇവർ വോട്ട് ചെയ്തു കഴിഞ്ഞാൽ മഷിയുണങ്ങും വരെ ബൂത്തിനുള്ളിൽ തുടരണം.

നിലവിൽ 3.25 ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവർത്തകരോട് ഇരട്ടിപ്പു കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്. ഇവർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 140 മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിച്ച് ഇരട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തി പൂർണമായി തിരുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. ഒരേ പേരിൽ ഒന്നിലേറെ തിരിച്ചറിയൽ കാർഡുള്ളവരെ കണ്ടെത്താൻ ബിഎൽഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇതു പ്രായോഗികമല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. യഥാർഥ വോട്ടർ ആരെന്നു കണ്ടെത്താൻ നേരിട്ടു പരിശോധന വേണ്ടിവരും. ഒരു ബൂത്തിൽ 1500 വരെ വോട്ടർമാരുണ്ടാകും. ഇതിൽ ഒരേ വോട്ടർ പലതവണ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു മാത്രമേ ബിഎൽഒമാർക്കു കണ്ടെത്താൻ കഴിയൂ. മറ്റേതെങ്കിലും ബൂത്തിലോ മണ്ഡലത്തിലോ ആസൂത്രിതമായി വോട്ട് ചേർത്തവരെ കണ്ടെത്താൻ ബിഎൽഒമാർക്കു കഴിയില്ല.

ഇതിനു ഡിജിറ്റൽ പരിശോധനാ മാർഗങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് ഇപ്പോഴില്ല. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് പലരുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതു കണ്ടെത്തണമെങ്കിലും വോട്ടർമാരെ നേരിൽക്കണ്ടുള്ള പരിശോധന വേണ്ടി വരും. അതു മറ്റു ബൂത്തുകളിലാണെങ്കിൽ ദുഷ്‌കരമാകും. പല മണ്ഡലങ്ങളിൽ ഇരട്ടവോട്ട് സൃഷ്ടിച്ചുവെന്ന വിവരം ഇതിലേറെ ഗൗരവമുള്ളതാണ്. വോട്ടർപട്ടിക നേരിട്ടു പരിശോധിച്ച് ഈ ഇരട്ടിപ്പുകൾ കണ്ടെത്താൻ എളുപ്പമല്ല.

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇരട്ട വോട്ട് കണ്ടെത്തിയതായി കലക്ടർമാർ പ്രാഥമിക റിപ്പോർട്ടും നൽകിയിട്ടുണ്ട്. വൈക്കം നിയോജക മണ്ഡലത്തിൽ 1606 ഇരട്ട വോട്ടുകൾ ഉണ്ടെന്ന പരാതിയിൽ 540 എണ്ണവും ഇടുക്കിയിൽ 1168 എണ്ണമുണ്ടെന്നതിൽ 434ഉം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയിൽ 570, പാലക്കാട് 800 കാസർകോട് 640 എണ്ണം വീതവും തവനൂരിൽ 4395 എണ്ണത്തിൽ 70 ശതമാനവും കോഴിക്കോട് 3767ൽ 50 ശതമാനവും ഇരട്ട വോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചത്.

ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടർക്ക് അഞ്ച് തിരിച്ചറിയൽ കാർഡ് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദുമ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസറായ ഡെപ്യൂട്ടി തഹസിൽദാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ബൂത്ത് ലെവൽ ഓഫിസറുടെ പരിശോധന ഇല്ലാതെയാണ് പുതിയ കാർഡുകൾ അനുവദിച്ചത്. കുമാരിയുടെ പേരിൽ നൽകിയ അധിക നാല് കാർഡുകളും നശിപ്പിച്ചു.