ന്യൂഡൽഹി: ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കാനിരിക്കയാണ്. ഇന്ന് വൈകീട്ട് വോട്ടെടുപ്പു പൂർത്തിയാകുന്നതോടെ ആറ് മണിയോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും, ദേശീയ തലത്തിലെ ചാനലുകൾ തെരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോളുകൾ പുറത്തുവിടും. അതേസമയം കേരളത്തിൽ മലയാളം ചാനലുകൾ ഇന്നും നാളെയുമായാണ് എക്‌സിറ്റ് പോളുകൾ പുറത്തുവിടുന്നത്. മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ ഇടതിന് നേരിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. അതസമയം യുഡിഎഫ് കേന്ദ്രങ്ങളും പ്രതീക്ഷ കൈവിടുന്നില്ല.

പാർട്ടി ഘടകങ്ങൾ നൽകുന്ന റിപ്പോർട്ടുകളിലുമാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. 85 വരെയോ ,തരംഗമുണ്ടായാൽ 90ന് മുകളിൽ നൂറ് വരെയോ വരെ സീറ്റുകൾ നേടുമെന്ന് ഇടതു മുന്നണി അവകാശപ്പെടുന്നു. എന്നാൽ യുഡിഎഫ് ഓരോഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണം നേടുമെന്ന് ഉറപ്പിക്കുന്നത്. ചില മണ്ഡലങ്ങളിൽ അവസാന നിമിഷം മത്സരം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. 85 സീറ്റുകളിലേക്ക് എത്താൻ സാധിക്കുമെന്നും അവർ കണക്കു കൂട്ടുന്നു.

80 സീറ്റിൽ വരെ പ്രതീക്ഷ പറയുന്ന സിപിഐ ,പല മണ്ഡലങ്ങളിലും മത്സരം അവസാനം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്. അതേസമയം യുഡിഎഫും വിജയം ഉറപ്പാണെന്ന അവകാശവാദത്തിലാണ്. യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതൽ 82വരെ കോൺഗ്രസ് കണക്കുകൂട്ടമ്പോൾ ,മലബാറിൽ മതന്യൂനപക്ഷവികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം വോട്ടർമാർ ഇക്കുറി യുഡിഎഫിനെ വല്ലാതെ പിന്തുണച്ചിരിക്കുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് തകരരുത് എന്ന വികാരത്തിലാണ് മുസ്ലിം സമുദായ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നത്. തെക്കൻ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകൾ ഇടതിന് എതിരായി മാറുമെന്നും യുഡിഎഫ് നേതാക്കൾ വിലയിരുന്നു. യുഡിഎഫ് നേതൃത്വം ജില്ലാ നേതൃത്വങ്ങളോട് അവലോകന റിപ്പോർട്ട് തേടിയിരുന്നു. ഇതുപ്രകാരം മണ്ഡലം തലത്തിൽ ഡാറ്റകൾ ശേഖരിച്ച് പരിശോധന നടത്തി. ഇതിന് ശേഷമാണ് വിജയം തങ്ങൾക്കാണ് എന്ന് യുഡിഎഫ് പറയുന്നത്. 80 സീറ്റുകൾ വരെ ലഭിക്കാമെന്നും അവർ അവകാശപ്പെട്ടുന്നു. കേരളത്തിൽ പിണറായി വിരുദ്ധത ശക്തമായിരുന്നു എന്നും. ഇത് യുഡിഎഫ് എന്ന ബദലിലേക്ക് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്.

ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിനെതിരായ വികാരം ഭൂരിപക്ഷ സമുദായത്തിലെ വിശ്വാസികൾക്കിടയിലുണ്ടെന്നും യുഡിഎഫ് കണക്കൂടുന്നുന്നു. മുസ്ലിം സമുദായത്തിനിടയിൽ കോൺഗ്രസ് നശിക്കരുത് എന്ന ഒരു ചിന്ത രൂപപ്പെട്ടു. കോൺഗ്രസ് നശിക്കുന്നത് രാജ്യത്തിനും കേരളത്തിനും തിരിച്ചടിയാണെന്ന് മുസ്ലിം സമുദായം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് തങ്ങൾക്ക് കിട്ടിയിരിക്കാമെന്നുമാണ് കണക്കു കൂട്ടൽ. ഇടതുപക്ഷത്തെ സ്‌നേഹിച്ചിരുന്ന ഒരു വിഭാഗം മാറി ചിന്തിച്ചു കാണും. സിപിഎമ്മിന്റെ നിലപാടുകളിൽ ഇവർക്ക് കടുത്ത അമർഷമുണ്ട്. യഥാർഥ കമ്യൂണിസ്റ്റ് ചിന്തയും ആശയവും കൈവിട്ട സിപിഎമ്മിനെതിരായി ഇവർ നിലപാടെടുത്തതും യുഡിഎഫിന് നേട്ടമായി നേതാക്കൾ വിലയിരുത്തുന്നു.

നേരത്തെ തിരഞ്ഞെടുപ്പിൽ 81 സീറ്റ് വരെ നേടി യുഡിഎഫ് ജയിക്കുമെന്ന് കോൺഗ്രസ് നേതൃയോഗവും വിലയിരുത്തുകയുണ്ടായി. ഡിസിസി പ്രസിഡന്റുമാർ നിരത്തിയ കണക്കുകൾ വച്ചാണ് 75-81 സീറ്റെന്ന പ്രതീക്ഷ ഉണ്ടായിരിക്കുന്നത്. ഇരുപതോളം മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം സാധ്യതയുണ്ട്. ഇതിൽ പകുതിയെങ്കിലും ജയിച്ചാൽ നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു നേതാക്കൾക്ക്.

ജോസ് കെ മാണി എൽഡിഎഫിലെത്തിയതിന്റെ നേട്ടം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കിട്ടി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകില്ല. ജോസ് കെ മാണി പോയപ്പോൾ ക്രിസ്ത്യൻ വിഭാഗം യുഡിഎഫിനെ കൈവിടുമെന്നായിരുന്നു പ്രചാരണം. അക്രമത്തിനും വർഗീയതയ്ക്കുമെതിരായ ചങ്ങനാശേരി, തൃശൂർ ബിഷപ്പുമാരുടെ പ്രസ്താവന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഈ പ്രചാരണം ഇല്ലാതാക്കിയെന്നാണ് കോൺഗ്രസ് നേതാക്കൽ വിലയിരുത്തുന്നത്.

അതേസമയം നേമം ഉൾപ്പെടെ 7 മുതൽ 10വരെ മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്ന എൻ.ഡി.എയ്ക്ക് , മൂന്ന് സീറ്റെങ്കിലും ഉറപ്പായി കിട്ടുമെന്ന് കണക്കുകൂട്ടുന്നു. വോട്ടിങ് ശതമാനത്തിലും വലിയ മന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി നേതൃത്വം നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നു.