തിരുവനന്തപുരം : കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പം. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇടതുപക്ഷത്തിനും അനുകൂലം. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളുടെ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വൈരുദ്ധ്യമുള്ളത്. രണ്ട് കൂട്ടരും അതിശക്തമായ മത്സരമാണ് പ്രവചിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 77 മുതൽ 85 വരെ സീറ്റും ബിജെപിക്കു മൂന്നു സീറ്റും പ്രവചിച്ചു സംസ്ഥാന ഇന്റലിജൻസിന്റെ പുതിയ റിപ്പോർട്ട്. ഉത്തര, ദക്ഷിണ കേരളത്തിൽ എൽ.ഡി.എഫ്. മേൽക്കൈ നേടുമ്പോൾ മധ്യകേരളത്തിൽ യു.ഡി.എഫ്. മികച്ച പ്രകടനം നടത്തുമെന്നു മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കൊല്ലത്തു മുകേഷും തോൽക്കുമെന്നാണ് റിപ്പോർട്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കൊല്ലത്ത് കോൺഗ്രസ് മുന്നിലെത്തുമെന്നാണ് പ്രവചനം. ഇത് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.

എറണാകുളം ജില്ലയിൽ മൂന്നു സീറ്റുമാത്രമാകും എൽ.ഡി.എഫിനു ലഭിക്കുക. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മത്സരിക്കുന്ന കളമശേരി, കോതമംഗലം, വൈപ്പിൻ എന്നിവ. കുന്നത്തുനാട്ടിൽ ട്വന്റി 20 വിജയിക്കുമെന്ന് ഇന്റലിജൻസ് വ്യക്തമാക്കുന്നു. ഇടുക്കി ജില്ലയിൽ ഇടതുമുന്നണി രണ്ടു സീറ്റിൽ ഒതുങ്ങും, മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പൻചോല, ദേവികുളം എന്നിവ. കോട്ടയത്തു യു.ഡി.എഫ്. മേൽെകെ വിജയം നേടും. അട്ടിമറി സാധ്യതയില്ല. ഏറ്റുമാനൂരും വൈക്കവും എൽ.ഡി.എഫിനാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ സ്ഥാനാർത്ഥികളുടെ മികവാണു യു.ഡി.എഫിനെ മുന്നിലെത്തിക്കുന്നത്.

പത്തനാപുരവും ആറന്മുളയും എൽ.ഡി.എഫ്. നിലനിർത്തുമ്പോൾ കോന്നി യു.ഡി.എഫ്. പിടിച്ചെടുക്കും. തൃശൂരിൽ എൻ.ഡി.എയിലെ സുരേഷ് ഗോപിയെ പിന്തള്ളി യു.ഡി.എഫിലെ പത്മജ വേണുഗോപാൽ മുന്നിലെത്തും. കായംകുളത്തു പാൽ വിവാദം വോട്ടായപ്പോൾ യു.ഡി.എഫിലെ അരിത ബാബുവിനാണ് മേൽക്കൈ. മെട്രോമാൻ ഇ. ശ്രീധരനെ പിന്തള്ളി യു.ഡി.എഫിലെ ഷാഫി പറമ്പിൽ പാലക്കാട് നിലനിർത്തും. പൊന്നാനിയിൽ സിപിഎം.തന്നെ വിജയിക്കും. പാലായിൽ ജോസ് കെ. മാണിക്കാണു സാധ്യത. മലപ്പുറത്തു 16 മണ്ഡലങ്ങളിൽ 13 ലും യു.ഡി.എഫിനാണ് സാധ്യത.

വട്ടിയൂർക്കാവും നേമവും കഴക്കൂട്ടവും ഇടതുപക്ഷം നേടുമ്പോൾ മഞ്ചേശ്വരം, തിരുവനന്തപുരം സീറ്റുകളിൽ ബിജെപിക്കാണു ജയസാധ്യത. ആഴക്കടൽ മത്സ്യബന്ധനക്കരാർ അടക്കമുള്ള വിവാദങ്ങളോ നിലവിലുള്ള ഭരണത്തോടുള്ള വിദ്വോഷമോ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സംസ്ഥാന ഇന്റലിജൻസ്, പിണറായി ഫാക്ടറിന്റെ പിൻബലത്തിലാവും ഇടതുമുന്നണി തുടർഭരണം ഉറപ്പാക്കുകയെന്നു റിപ്പോർട്ടിൽ പറയുന്നു. മംഗളം ലേഖകൻ എസ് നാരയാണന്റേതാണ് റിപ്പോർട്ട്.

യു.ഡി.എഫിനു സംഘടനാ കെട്ടുറപ്പോ രാഷ്ട്രീയ അജൻഡയോ ഇല്ല എന്നതും വൈകിവന്ന ഐക്യവും വോട്ടർമാരിൽ അതൃപ്തിയുണ്ടാക്കി, പ്രാദേശിക വിഷയങ്ങളിലാണു അവർ ഊന്നൽ നൽകിയത്, യാക്കോബായ സഭയുടെ നിലപാട് എൽ.ഡി.എഫിനു പൊതുവേ ഗുണം ചെയ്തു, സഭയുടെ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിനു തിരിച്ചടിയുണ്ടായതു മറ്റു ചില ഘടകങ്ങൾ കൊണ്ടാണ് തുടങ്ങിയ വിവരങ്ങളും ഇന്റലിജസ് റിപ്പോർട്ടിലുണ്ട്. ബൂത്ത് തിരിച്ചുള്ള റിപ്പോർട്ടും പൊലീസ് സ്റ്റേഷനുകളിൽനിന്നും പ്രദേശവാസികളിൽനിന്നും ശേഖരിച്ച കണക്കുകളും കോർത്തിണക്കിയാണു സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയത്.

അതേസമയം, യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കുമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെയാണു വിരുദ്ധമായ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഇന്റലിജൻസ് തയ്യാറാക്കിയ രണ്ടു റിപ്പോർട്ടുകളിലും യു.ഡി.എഫ്. 80 സീറ്റ് കരസ്ഥമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നേമം അല്ലെങ്കിൽ തിരുവനന്തപുരം സെൻട്രലിൽ ബിജെപിക്കുള്ള വിജയസാധ്യത 80 ശതമാനത്തിനു മുകളിലാണെന്നും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.