ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രമെന്നാണ് അമേരിക്ക അറിയപ്പെടുന്നത്. അമേരിക്കയുടെ പ്രസിഡന്റ് എന്ന് പറഞ്ഞാൽ ലോകത്തിന്റെ അനൗദ്യോഗിക തലവൻ എന്നു തന്നെയാണ് അർഥം. പക്ഷേ ഇപ്പോൾ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും മര്യാദയ്ക്ക് നടത്താൻ കഴിയാത്ത രാജ്യമാണോ അമേരിക്ക എന്ന് നവമാധ്യമങ്ങളിലടക്കം ചൂടൻ ചർച്ചകൾ ഉയരുകയാണ്. നവംബർ 3 കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പും അതീവ സങ്കീർണ്ണമാണ് അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ എന്ന് പറയുമ്പോൾ അത് തങ്ങളുടെ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നാണ് അമേരിക്കക്കാർ പൊതുവെ പറയാറുള്ളത്. പക്ഷേ ഇപ്പോൾ ഉയരുന്ന അനിശ്ചിതത്വങ്ങളും, ആര് ജയിച്ചുവെന്ന് വ്യക്തമല്ലാതെ തെരുവിൽ നടക്കുന്ന ഏറ്റുമുട്ടലുകളും ആ രാജ്യത്തിന്റെ ഇമേജ് വല്ലാതെ ഇടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തെക്കുറിച്ചും യുഎസിലും ചൂടൻ ചർച്ചകൾ പുരോഗമിക്കയാണ്.

അമേരിക്കയുടെ കഴിഞ്ഞ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടത് ഇലക്ടറൽ കോളേജിന്റെ ഘടനാമാറ്റത്തെക്കുറിച്ചും ഇലക്ടറൽ കോളേജ് സമ്പ്രദായംതന്നെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുമായിരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാലാവും ഇത്രയധികം ഭരണഘടനാ ഭേദഗതികൾ അതിൽ ഉണ്ടായത്. പുതിയ വിവാദങ്ങളും കൂടതൽ മാറ്റങ്ങൾക്ക് അമേരിക്കയിൽ വഴിതുറക്കാൻ ഇടയുണ്ട്.

സമയം വൈകുന്നത് ബാലറ്റ് ആയതിനാൽ തന്നെ

24 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇപ്പോഴും ബാലറ്റാണ് ഉപയോഗിക്കുന്നത് എന്നതുതന്നെയാണ് ഫലം വൈകാനുള്ള ഏറ്റവും വലിയ കാരണം. ബാലറ്റ് തിരിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതുമൊക്കെ സമയം എടുക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾപോലും ഇലട്രോണിക്ക് വോട്ടിങ്ങിലേക്ക് മാറിയ കാലത്താണ് ഇതെന്ന് ഓർക്കണം. എന്തിലും ആധുനികയെയും യന്ത്രവത്ക്കരണത്തെയും പുൽകുന്ന അമേരിക്കൻ ജനത തെരെഞ്ഞടുപ്പിൽ മാത്രം യാഥാസ്ഥിതിക മനസ്സ് പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അമേരിക്കപോലെ ഒരു വലിയ രാജ്യത്ത് മൂന്നുമണിക്കൂർ സമയ വ്യത്യാസം പടിഞ്ഞാറും കിഴക്കുമായി ഉണ്ടെന്ന് ഓർക്കണം. അതയാത് ഒരിടത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മറുഭാഗത്ത് പോളിങ്ങ് കഴിഞ്ഞിട്ട് ഉണ്ടാവില്ല.

മാത്രമല്ല ഓരോ സ്റ്റേറ്റിലും എന്തിന് ഓരോ കൗണ്ടികളിലും തെരഞ്ഞെടുപ്പ് നിയമം ഒരോപോലെയാണ്. ഇന്ത്യയിലെപ്പോലെ ഏകീകൃതമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെയില്ല. ഉദാരഹരണമായി നോർത്ത കോരലീനിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിനുശേഷവും തപാൽ ബാലറ്റുകൾ സ്വീകരിക്കും. നവംബർ 12വരെ മെയിൽ വഴി ബാലറ്റുകൾ സ്വീകരിക്കാം. അതായത് ഔദ്യോഗിക ഫലം അതിനുശേഷമേ പ്രഖ്യപിക്കു. ഇവിടെയാണ് ട്രംപ് പിടിക്കുന്നതും. വോട്ടടെപ്പ് ദിവസം പുലർച്ചെ നാലുമാണി വരെ വന്ന തപ്പാൽ വോട്ടുകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ എന്നാണ് ട്രംപ് പറയുന്നത്. തപാൽ വോട്ടിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ടെന്ന് കാണിച്ച് കോടതിയെ ട്രംപ് സമീപിച്ചതും ഈ ലൂപ്പ് ഹോളുകൾ ചൂണ്ടിക്കാട്ടിയാണ്. അതുകൊണ്ടാണ് രാജ്യം ഈ രീതിയിൽ അപമാനിതമാകാതിരിക്കാൻ ഏകീകൃത തെരഞ്ഞെടുപ്പ് രീതി വേണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ ഈ രീതിക്ക് ഒരു ഗുണവുമുണ്ട്. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് ദിവസം സ്ഥലത്ത് ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ കഴിയില്ല. എന്നാൽ അമേരിക്കയിൽ നിങ്ങൾക്ക് ആ സമയത്ത് സ്ഥലത്ത് ഉണ്ടാവില്ലെന്ന് അറിയിച്ചാൽ ആബ്സൻസി വോട്ട് അല്ലെങ്കിൽ ഏർലി വോട്ട് ചെയ്യാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ ആരാണ്കൂടുതൽ ജനാധിപത്യവാദികൾ എന്നാണ് ചോദ്യം. ഇത്തവണ കോവിഡ് കാലം കൂടിയായതുകൊണ്ട് ഏർലി വോട്ട് ചെയ്തവർ ഒരുപാട് ഉണ്ട്. തപാൽവോട്ടുകളുടെ ഗണത്തിലാണ് ഇവ പെടുത്തുക. ട്രംപ് തുടക്കം മുതലേ ഈ രീതി നിരുൽസാഹപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് വൈകികിട്ടിയ തപാൽ വോട്ടുകൾ എണ്ണരുത് എന്നും അദ്ദേഹം പറയുന്നത്

.

അതി സങ്കീർണ്ണമായ പക്രിയ

അമേരിക്കൻ തെരഞ്ഞെടുപ്പ് പക്രിയയും മാസങ്ങൾ എടുക്കുന്ന അതി സങ്കീർണ്ണമായ പ്രക്രിയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പോപ്പുലർ വോട്ട് കിട്ടുന്നയാൾ ജയിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല.അമേരിക്കൻ പ്രസിഡന്റിനെ ജനം നേരിട്ട് തെരഞ്ഞെടുക്കയല്ല ചെയ്യുന്നത്. യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അങ്ങനെയല്ല. ഓരോ സ്റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടർമാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇലക്ടറൽ കൊളേജ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇതനുസരിച്ച് ഓരോ സ്റ്റേറ്റിനും നിശ്ചിത എണ്ണം ഇലക്ടർമാരെ ലഭിക്കും. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടൺ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറൽ വോട്ടുകൾ ചേർന്നതാണ് ഇലക്ടറർ കോളജ്. ഇതിൽ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 435 അംഗങ്ങളും സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട 100 പേരും ദേശീയ തലസ്ഥാന പ്രദേശമായ വാഷിങ്ടൻ ഡിസിയുടെ 3 പ്രതിനിധികളും ഉൾപ്പെടും.ഇന്ത്യയുടെ പാർലമെന്റിനു സമാനമായി യുഎസിൽ കോൺഗ്രസ് ആണ്. നമ്മുടെ ലോക്സഭയും രാജ്യസഭയും പോലെ അവിടെ ജനപ്രതിനിധി സഭയും സെനറ്റും. സെനറ്റ്, ജനപ്രതിനിധി സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടന്നു കഴിഞ്ഞു.

270 വോട്ടുകളാണ് ജയിക്കാനുള്ള ഭൂരിപക്ഷം. ഇന്ത്യയിലേതു പോലെയല്ല. ബാലറ്റ് സംവിധാനമാണ് യുഎസിൽ. ഇത് പോസ്റ്റൽ വോട്ടായും ചെയ്യാം. ഓരോ സ്റ്റേറ്റിലും ജയിച്ച പാർട്ടിയുടെ ഇലക്ടറൽ കോളജ് പ്രതിനിധികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഡിസംബർ 14ന് വോട്ടു ചെയ്യും. അതിനു മുൻപുതന്നെ ആരാണു വിജയിയെന്നതിന്റെ ഏകദേശ രൂപം നമുക്ക് കിട്ടും. ജനപ്രതിനിധി സഭയും സെനറ്റും ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് സംയുക്ത സമ്മേളനം നടത്തി ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും. ഇതാണ് തെരഞ്ഞെടുപ്പ് പക്രിയയുടെ രത്‌നച്ചുരുക്കം.

പ്രൈമറി തൊട്ട് സത്യപ്രതിജ്ഞ വരെ

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിരവധി ഘട്ടങ്ങളുണ്ട്. പാർട്ടികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുമുതൽ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ വരെ നീണ്ടു നിൽക്കുന്നതാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രൈമറിയും കോക്കസും, നാഷണൽ കൺവെൻഷൻ, ജനറൽ ഇലക്ഷൻ, ഇലക്ടറൽ കോളെജ്, പിന്നിട് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിങ്ങനെയുള്ള ഘട്ടങ്ങളാണ് അമേരിക്കയിൽ ഉള്ളത്.അമേരിക്കയിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതാണ് ഈ പ്രക്രിയ. ഒരോ സംസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കും. അവർ പ്രതിനിധികളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വലിപ്പത്തിനും ജനസംഖ്യയ്ക്കും അനുസരിച്ചായിരിക്കും പ്രതിനിധികളുടെ എണ്ണം തെരഞ്ഞെടുക്കുക. ചിലയിടത്ത് രഹസ്യ വോട്ടും മറ്റ് ചില ഇടങ്ങളിലും ശബ്ദവോട്ടിലുടെയുമായിരിക്കും പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറികളെന്നും കോക്കസ്സുകളെന്നും വിളിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിർണായക ഘട്ടമാണ് നാഷണൽ കൺവെൻഷൻ. പ്രൈമറിയിലും കോക്കസിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വിശാല മായ യോഗമാണ് നാഷണൽ കൺവെൻഷൻ. വലിയ സ്റ്റേഡിയത്തിലോ ഹാളുകളിലോ ആണ് ഇത്തരം യോഗങ്ങൾ നടക്കുക. ഇവിടെ പങ്കെടുക്കുന്ന പ്രതിനിധികൾ വോട്ടെടുപ്പ് നടത്തി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെയും അന്ന് തന്നെ തെരഞ്ഞെടുക്കുന്നു. നോക്കുക, ഒരേ പാർട്ടിയിലുള്ളവർ തന്നെ എതിരായി തുറന്ന് മൽസരിച്ചാണ് സ്ഥാനാർത്ഥിത്വം നേടുന്നത്. വിഎസും പിണറായി വിജയനും രണ്ടു ചേരിയിൽനിന്ന് എല്ലാ ജില്ലകളലും പ്രചാരണം നടത്തി അവസാനം കൂടുതൽ വോട്ടു കിട്ടുന്നതാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന രീതി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പിന്നെ ആ പാർട്ടിയിലെ എതിരാളി അയാൾക്കൊപ്പം നിൽക്കുന്നു. ഈ വിശാല ജനാധിപത്യ ബോധമാണ് അമേരിക്കയുടെ സൗന്ദര്യം.

ലക്ഷ്യമിട്ടത് അയോഗ്യനായ ഒരാൾ പ്രസിഡന്റ് ആവുന്നത് തടയുക

ഇലക്ടറൽ കോളേജ് ഒരു സംവിധാനമല്ല. സമ്പ്രദായമാണ്. അമേരിക്കൻ ഭരണഘടനാ ശിൽപ്പികൾ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സമ്പ്രദായം. ഇന്ത്യയിലെയോ ബ്രിട്ടനിലെയോ പോലെ പൊതു തെരഞ്ഞെടുപ്പിലൂടെയും സംസ്ഥാന കേന്ദ്ര നിയമനിർമ്മാണ സഭാംഗങ്ങളുടെ വോട്ടിലൂടെയും പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്ന രീതിയിൽനിന്ന് തികച്ചും വിഭിന്നമാണ് അമേരിക്കയുടെ ഇലക്ടറൽ കോളേജും പ്രസിഡൻഷ്യൽ ഭരണസംവിധാനവും. ഒരു വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കാതെവരുന്ന സാഹചര്യത്തിൽ അയോഗ്യനായ ഒരാൾ അമേരിക്കൻ പ്രസിഡന്റാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് ഭരണഘടനാനിർമ്മാതാക്കൾ ഇലക്ടറൽ കോളേജ് സമ്പ്രദായം ആവിഷ്‌കരിച്ചത്.

ദേശീയ ആർക്കൈവ്‌സാണ് തെരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കുന്ന അധികാര സ്ഥാപനം. ഇന്ത്യയിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനു തുല്യമായ അധികാരകേന്ദ്രം. ഓരോ സംസ്ഥാനത്തിനും അവിടെനിന്നുള്ള അമേരിക്കൻ പാർലമെന്റിന്റെ പ്രതിനിധിസഭയിലെ (അമേരിക്കൻ കോൺഗ്രസ്) അംഗങ്ങൾക്കു തുല്യമായ ഇലക്ടറൽ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ഇതിനു പുറമെ സംസ്ഥാനത്തുനിന്നുള്ള രണ്ട് സെനറ്റ് അംഗങ്ങളുംകൂടി ചേരുന്നതാണ് ആ സംസ്ഥാനത്തെ ഇലക്ടറൽ കോളേജ്. ഇവരാവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആ സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന വോട്ടർമാർ. ഇലക്ടറൽ കോളേജ് അംഗങ്ങളുടെ സംഖ്യ പത്തുവർഷത്തിലൊരിക്കൽ ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയം ചെയ്യപ്പെടും എന്ന വ്യവസ്ഥയും അമേരിക്കയുടെ ഭരണഘടനയിലുണ്ട്.

ചുരുക്കത്തിൽ ഏതെങ്കിലുമൊരു പ്രത്യേക സംസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ എല്ലായ്‌പ്പോഴും മേൽക്കൈ എന്ന അവസ്ഥ ഉണ്ടാകില്ല. നിലവിൽ ഏറ്റവുമധികം ഇലക്ടറൽ കോളേജ് അംഗങ്ങളുള്ളത് കലിഫോർണിയയിൽനിന്നാണ് 55. പിന്നാലെ ടെക്‌സാസ് 38, ന്യൂയോർക്ക്, ഫ്‌ളോറിഡ 29 വീതം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളുടെ വിഹിതം. ഏഴ് സംസ്ഥാനത്തുനിന്ന് മൂന്നുവീതം അംഗങ്ങളാണുള്ളത്. കൊളംബിയ ഒരു സംസ്ഥാനമോ അവിടെനിന്ന് പ്രതിനിധിസഭയിൽ അംഗങ്ങളോ ഇല്ലെങ്കിലും അതിന് മൂന്ന് ഇലക്ടറൽ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വ്യോമിങ് സംസ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് കൊളംബിയക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളും കൊളംബിയയും ചേർന്നാണ് ഇത്തവണ 538 ഇലക്ടറൽ കോളേജ് അംഗങ്ങളെ എട്ടിലെ പോപ്പുലർ വോട്ടിലൂടെ തെരഞ്ഞെടുക്കുക.

പക്ഷേ അയോഗ്യനായ ഒരാൾ പ്രസിഡന്റ് ആവുന്നത് തടയുക എന്ന കാര്യം ശരിക്കും അമേരിക്കയിൽ നടന്നിട്ടുണ്ടോ. അതിന് ഇത്രയും സങ്കീർണ്ണതകൾ വേണോ.നവ
മാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ കൊഴുക്കുകയാണ്.