തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ സമർപ്പിക്കുന്ന നടപടികൾ മുന്നോട്ടു പോകുകയാണ്. പത്രിക പിൻവലിക്കാനുള്ള തീയ്യതി ഈ വരുന്ന 23ാം തീയ്യതിയാണ്. എങ്കിലും പലയിടങ്ങളിലും പത്രിക നൽകി സ്ഥാനാർത്ഥിത്വം പിൻവലിച്ചവർ നിരവധിയാണ്. തർക്കങ്ങളും വിവാദങ്ങളും തന്നെയായിരുന്നു ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ കോഴിക്കോട്ടെ കൊടുവള്ളി നഗരസഭയിലേക്കു വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം എൽഡിഎഫ് പിൻവലിച്ചത് രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ. സ്വർണ്ണക്കടത്ത് വിവാദം വീണ്ടും ചർച്ചയാകുമെന്ന ഘട്ടത്തിലായിരുന്നു ഈ തീരുമാനം. നേരത്തേ കരിപ്പൂർ സ്വർണക്കടത്തു കേസിൽ ഫൈസൽ പ്രതിയായപ്പോൾ എൽഡിഎഫ് ഇത്തരം തീരുമാനമെടുത്തിരുന്നില്ല.

2010 ൽ ഇടതു പിന്തുണയോടെയാണു കൊടുവള്ളി പഞ്ചായത്തിലേക്കു ഫൈസൽ വിജയിച്ചത്. 2013 നവംബർ 8നു കോഴിക്കോട് വിമാനത്താവളത്തിൽ 1.84 കോടി രൂപ വിലയുള്ള 6 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ പ്രതിയായി. കൊടുവള്ളി പിന്നീടു നഗരസഭയായപ്പോൾ 2015 ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു വീണ്ടും വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ മാണിക്യവിളാകം വാർഡിൽ എൽഡിഎഫിന്റെ മൂന്നാമത്തെ സ്ഥാനാർത്ഥിയാണു രംഗത്തുള്ളത്. ഐഎൻഎല്ലിന്റെ സീറ്റിൽ ജില്ലാ ട്രഷറർ എ.എൽ. ഖാസിം ആയിരുന്നു ആദ്യം സ്ഥാനാർത്ഥിയെങ്കിലും തൊട്ടുപിന്നാലെ മാറ്റി. പിഡിപി വിട്ടെത്തിയ പൂന്തുറ സിറാജ് അടുത്ത സ്ഥാനാർത്ഥിയായെങ്കിലും സിപിഎം എതിർത്തതോടെ മാറ്റി. കോൺഗ്രസ് വിട്ട എസ്.എം. ബഷീറാണു പുതിയ സ്ഥാനാർത്ഥി. ഈ മറുകണ്ടം ചാട്ടത്തിൽ ഏറ്റവും പണി കിട്ടിയത് പൂന്തുറ സിറാജിനായിരുന്നു.

സമാനമായ മാറ്റം ഉണ്ടായത് കോർപ്പറേഷനിലെ കാലടി വാർഡിലാണ്. ഇവിടെ സിപിഎം സ്ഥാനാർത്ഥിയായി ശ്യാംസുന്ദറിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റി കേരള കോൺഗ്രസിലെ (എം) സതീഷ് വസന്തിനെ രംഗത്തിറക്കി. കൊച്ചി കോർപറേഷനിലെ പോണേക്കര വാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ധനേഷ് മാത്യുവിനെ മാറ്റാൻ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. മാറ്റിയില്ലെങ്കിൽ സിപിഎം സ്ഥാനാർത്ഥിയെ നിർത്തുമെന്നു മുന്നറിയിപ്പും നൽകി. ഗവ. പ്ലീഡർ ആയിരിക്കെ ധനേഷ് മാത്യു കേസിൽപെട്ടതു വിവാദമായിരുന്നു. പിന്നീടു കോടതി കുറ്റവിമുക്തനാക്കി.

ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാ പ്രസിഡന്റ് പി.കെ. നിഷാന്ത് മത്സരത്തിൽനിന്നു പിന്മാറി. നിഷാന്തിനെ കാഞ്ഞങ്ങാട് നഗരസഭയിലേക്കു മത്സരിപ്പിക്കാൻ സിപിഎം ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. 3 വാർഡുകളിൽ പരിഗണിച്ചെങ്കിലും ബന്ധപ്പെട്ട കമ്മിറ്റികൾ താൽപര്യം കാണിച്ചില്ലത്രേ.

കാസർകോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.എം.എ. കരീം എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസിലെ ഷാനവാസ് പാദൂർ പാർട്ടിയിൽനിന്നു രാജിവച്ച് എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നതിനാൽ കരീമിനെ ഒഴിവാക്കി.

കാഞ്ഞങ്ങാട് നഗരസഭ 6-ാം വാർഡ് കാരാട്ടുവയലിൽ സാമൂഹിക പ്രവർത്തകൻ മുകുന്ദ് പ്രഭുവിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള സിപിഎം നീക്കം എൽഡിഎഫ് വാർഡ് കമ്മിറ്റിയുടെ എതിർപ്പിനെത്തുടർന്നു മാറ്റി. പാലക്കാട് നഗരസഭ 13ാം വാർഡ് സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച ദേശീയ കൗൺസിൽ അംഗം എസ്.ആർ.ബാലസുബ്രഹ്മണ്യനെ മാറ്റി. മേഖല മാറ്റി മത്സരിപ്പിക്കുന്നതിൽ അദ്ദേഹം പ്രതിഷേധിച്ചതിനെത്തുടർന്ന് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസിനെ പകരം സ്ഥാനാർത്ഥിയാക്കി.

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അസൈൻ കാരാട് മഞ്ചേരി നഗരസഭയിലെ കിഴക്കേക്കുന്ന് വാർഡിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നു പിന്മാറി. പാർട്ടിയിലെ തർക്കമാണു കാരണമെന്ന് പറയപ്പെടുന്നു.