ചെന്നൈ: പശ്ചിമ ബംഗാളിലും, തമിഴ്‌നാട്ടിലും, അസമിലും പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടിങ് ദിനത്തിലെ ആദ്യ ആറ് മണിക്കൂറുകൾ പിന്നിടുമ്പോൾ തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും കനത്ത പോളിങ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരുമണി വരെ 53.89 ശതമാനം പോളിംഗാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ ഒരു മണി വരെ 41 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി.

തമിഴ്‌നാട്ടിൽ രജനികാന്തും അജിത്തും അടക്കമുള്ള സൂപ്പർതാരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത്. മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ കമൽഹാസൻ മക്കളായ ശ്രുതിക്കും അക്ഷരയക്കുമൊപ്പമാണ് എത്തിയത്.

ഡിഎംകെ- കോൺഗ്രസ് സംഖ്യവും എഐഡിഎംകെ- ബിജെപി സംഖ്യവും തമ്മിലാണ് തമിഴ്‌നാട്ടിൽ പ്രധനമായും വോട്ടങ്കം നടക്കുന്നത്. ചെന്നൈ മറീന ബീച്ചിലെ കരുണാനിധിയുടെ സ്മൃതി മന്ദിരം സന്ദർശിച്ച ശേഷമാണ് സ്റ്റാലിനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പി ചിദംബരം അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 750 ലധികം നിയോജകമണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റത്തവണയായി വോട്ടെടുപ്പ് പൂർത്തിയാക്കും. പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. അസമിൽ ഇന്ന് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പോടെ എല്ലാ മണ്ഡലങ്ങളിലേയും ജനവിധി പൂർത്തിയാകും.

ആസാമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിൽ 20 നിയോജകമണ്ഡലങ്ങളിൽ നേരിട്ടുള്ള മത്സരം നടക്കുന്നുണ്ട്. ബാക്കിയുള്ള സീറ്റുകളിൽ ത്രികോണ പോരാട്ടം നടക്കുമ്പോൾ അസം ജതിയ പരിഷത്ത് (എജെപി) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് വിലയിരുത്തൽ.

പതിനാറാമത് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 6,28,69,955 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം പുരോഗമിക്കുകയാണ്.