കോതമംഗലം: കാട്ടാനകളുടെ കടന്നുകയറ്റം നഗര പ്രദേശത്താട് അടുക്കുന്നു എന്നതിൽ പരക്കെ ആശങ്ക. നിലവിൽ പിണ്ടിമന പഞ്ചാത്തിലെ മുത്തംകുഴി, കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം, കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് എന്നിവിടങ്ങളിൽ ആനകൾ എത്തുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും കോതമംഗലം നഗരപരിധയിൽപ്പെടുന്ന പ്രദേശങ്ങളിലേയ്ക്ക് എത്താൻ കഷ്ടി 5 കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുന്നേക്കാട് ജനവാസ മേഖലയ്ക്ക് സമീപത്ത് തേക്ക് പ്ലാന്റേഷനിൽ ആനക്കൂട്ടം എത്തുന്നുണ്ട്്. ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തിയിരിക്കുന്ന ആനക്കൂട്ടത്തിൽ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആനക്കൂട്ടത്തിന്റെ കടന്നുകയറ്റം കൂടിയത് പുന്നേക്കാട്- തട്ടേക്കാട് പാത വഴിയുള്ള യാത്രക്കാർക്കും ഭീഷിണിയായിരുയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം ആനകൾ റോഡ് കുറുകെ കടക്കുന്നതിനുവേണ്ടി എസ് വളവ് ഭാഗത്ത് ഇരുഭഗത്തും വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. ഇപ്പോൾ പുന്നേക്കാടിന് സമീപം ചേലമല ഭാഗത്താണ് ഈ അനകൂട്ടം തമ്പടിച്ചിരിക്കുകയാണെന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണ്ടെത്തൽ. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് തേക്ക് പ്ലാന്റേഷനിൽ എത്തിയ ആനക്കൂട്ടത്തെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ഓടിച്ചുവിട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇവിടേയ്ക്ക് ആനക്കൂട്ടം എത്തിത്തുടങ്ങിയത്. തുണ്ടം റെയിഞ്ചിൽ നിന്നും കുട്ടംമ്പുഴ റെയിഞ്ചിൽ നിന്നും പെരിയാർ നീന്തിക്കടന്ന് ആനക്കൂട്ടം തേക്കപ്ലാന്റേഷനിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.

കോട്ടപ്പടി കോട്ടപ്പാറ വനമേഖലയിൽ നിന്നെത്തുന്ന ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴിക്ക് സമീപത്തുവച്ച് ഫോറസ്റ്റ് വാച്ചർമാർക്കുനേരെ ആനയുടെ ആക്രണമണം ഉണ്ടായി.ഇലട്രിക് ഫെൻസിംഗിന്റെ തകരാർ പരിശോധിക്കാനിറങ്ങിയ വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ച(43)നാണ്(സന്തോഷ് )പരിക്കേറ്റത്. രാത്രി 9.30 തോടടുത്ത് കോതമംഗലം കോട്ടപ്പടി കുളങ്ങാട്ടുകുഴിക്ക് സമീപത്തുവച്ചാണ് ആന വാവച്ചനെ ആക്രമിച്ചത്.തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റിരുന്നു. ആലുവ രാജഗിരിയിൽ അടയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയ വാവച്ചൻ സുഖം പ്രാപിച്ച് വരുന്നതെയുള്ളു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ സണ്ണി ഓടിമാറിയതിനാണ് ജീവൻ രക്ഷപെട്ടത്.

വാവച്ചനും സണ്ണിയും കൂടി ഭക്ഷണം കഴിക്കുന്നതിനായിട്ടാണ് കുളങ്ങാട്ടുകുഴി പള്ളിപ്പടിയിൽ നിന്നും ബൈക്കിൽ പുറപ്പെട്ടത്.വാവച്ചനാണ്‌െൈ ബെക്ക് ഓടിച്ചിരുന്നത്.ഇവിടെ നിന്നും അൽപം മാറിക്കഴിഞ്ഞപ്പോൾ പാതയോരത്ത് സ്ഥാപിച്ചിരുന്ന ഇലട്രിക് ഫെൻസിങ് സംവിധാനത്തിന്റെ കമ്പിക്ക് സ്ഥാനചലമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ഇത് പരിശോധിച്ചിട്ട് പോകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.ബൈക്ക് നിർത്തിയ ഉടൻ സണ്ണി തകരാർ പരിശോധിക്കാൻ നീങ്ങി.വാവച്ചൻ ബൈക്കിൽ നിന്നും ഇറങ്ങിയില്ല.ഈ സമയത്താണ് ഇരുളിൽ നിന്നും ആന ഓടിയെത്തി ആന വാവച്ചനെ ആക്രമിക്കുന്നത്.
തുമ്പിക്കൈയ്ക്ക് അടിച്ചപ്പോൾ തെറിച്ചുവീണ വാവച്ചന്റെ കാലിൽ ആനയുടെ ചവിട്ടും ഏറ്റിട്ടുണ്ട്.ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് വാവച്ചൻ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

നാട്ടിൽ കുട്ടിശങ്കരൻ എന്ന പേരിൽ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.മുമ്പ് വീടിന്റെ പോർച്ചിൽക്കിടന്ന കാർ ഈ ആന തകർത്തിരുന്നു. ഇലട്രിക് ഫെൻസിങ് സ്ഥാപിച്ചിട്ടുള്ള കാലുകൾ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതിൽ കുട്ടിശങ്കരൻ വിരുതനാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചർക്കുനേരെ ഉണ്ടായ ആനയുടെ ആക്രമണം മേഖലയിലാകെ ഭീതി പരത്തിയിരിക്കുകയാണ്.വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിക്കാൻ രാത്രി കാലങ്ങളിൽ ഫോറസ്റ്റ് വാച്ചർമാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളിൽ കാവലുണ്ട്. വന്യമൃഗ ശല്യത്തിൽ നിന്നും സർക്കാർ സംരക്ഷണം ഉറപ്പാക്കിയില്ലങ്കിൽ ഇന്നലെ രാത്രിയിൽ വാവച്ചന് നേരിടേണ്ടിവന്നതുപോലുള്ള ദുരനുഭവം ആവർത്തിച്ചേക്കാമെന്നും ഒരു പക്ഷേ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാമെന്നുമാണ് ഇക്കാര്യത്തിൽ നാട്ടുകാരുടെ പ്രതികരണം.