കൊല്ലം: ഇഎംസിസി പ്രസിഡന്റും കുണ്ടറയിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന ഷിജു വർഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോൾ ബോംബാക്രമണക്കേസിൽ ഇന്നലെയാണ് നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത് ഇന്നലെയാണ്. ഇവരും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിലെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു എന്നതു കൊണ്ടാണ് പ്രിയങ്കയെയും ചോദ്യം ചെയ്തത്.

അതേസമയം ദല്ലാൾ നന്ദകുമാർ നൽകിയ വാഗ്ാനങ്ങളെ തുടർന്നാണ് താൻ മത്സരിക്കാൻ തയ്യാറായതെന്നാണ് പ്രിയങ്ക പൊലീസിൽ നല്കിയിരിക്കുന്ന മൊഴി. വമ്പൻ വാഗ്ദാനങ്ങളാണ് നൽകിയതെങ്കിലും അതൊന്നും ലഭിച്ചില്ലെന്നാണ് ഇവർ മൊഴി നല്കിയിരിക്കുന്നത്. പ്രചാരണത്തിനായി ഹെലികോപ്ടർ, ചെലവിനായി ഒരു കോടിയിലേറെ രൂപ എന്നീ വാഗ്ദാനങ്ങളാണ് തനിക്ക് നൽകിയതെന്ന് നടി മൊഴി നൽകി. എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കാം എന്ന് ഉറപ്പ് നൽകിയതായും പ്രിയങ്ക പറയുന്നു. പല തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും രണ്ടുതവണയേ ഷിജു വർഗീസിനെ നേരിട്ട് കണ്ടിട്ടുള്ളൂ എന്ന് പ്രിയങ്ക പറയുന്നു.

എറണാകുളം പാലാരിവട്ടം വെണ്ണലയിലെ ഫ്ളാറ്റിലാണ് പ്രിയങ്ക താമസിക്കുന്നത്. ഫ്ളാറ്റിന് എതിർവശത്തെ മഹാദേവക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ദല്ലാൾ നന്ദകുമാർ. ക്ഷേത്രത്തിൽ വെച്ച് പ്രിയങ്കയെ പരിചയപ്പെടുകയും സ്ഥാനാർത്ഥിയാവാൻ നിർബന്ധിക്കുകയായിരുന്നു എന്നുമാണ് നടി നൽകയിരിക്കുന്ന മൊഴി. അതേസമയം ഒന്നരരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാർ ഇട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു.

ഷിജു വർഗീസിന്റെ ബിസിനസിനെപറ്റിയോ കുടുംബകാര്യങ്ങളെക്കുറിച്ചോ അറിയില്ലെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഷിജു വർഗീസിന്റെ കാറിനു നേരെ പെട്രോൾ ബോബ് എറിഞ്ഞ സംഭവം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. നന്ദകുമാർ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ (ഡിഎസ്ജെപി) അരൂരിലെ സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക. ഇഎംസിസി ബോംബാക്രമണകേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസും ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസിന്റെ വാഹനത്തിനുനേരെ, ഗൂഢാലോചനയുടെ ഭാഗമായി സ്വന്തം കൂട്ടാളികൾ തന്നെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ആയിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാൾ നന്ദകുമാർ ആണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.