ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നാല് റൺസ് സ്‌കോർബോർഡിൽ ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി.

ലോർഡ്‌സിൽ ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായ ഓപ്പണർ കെ എൽ രാഹുൽ ജയിംസ് ആൻഡേഴ്സന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൂജ്യത്തിന് പുറത്തായി. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർക്ക് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്.

പിന്നാലെ ക്രീസിൽ എത്തിയ ചേതേശ്വർ പുജാരയെ നില ഉറപ്പിക്കും മുമ്പെ ആൻഡേഴ്‌സൻ പുറത്താക്കി. ഒൻപത് പന്തിൽ ഒരു റൺസ് മാത്രം നേടിയാണ് പുജാര മടങ്ങിയത്. ലോർഡ്സിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ഡൊമിനിക് സിബ്ലി, മാർക് വുഡ് എന്നിവർ പുറത്തായി. ഡേവിഡ് മലാൻ, ക്രെയ്ഗ് ഓവർടോൺ എന്നിവരാണ് പകരക്കാർ. വുഡിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

ടീം ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, മൊയീൻ അലി, സാം കറൻ, ക്രെയ്ഗ് ഓവർടോൺ, ഒല്ലി റോബിൻസൺ, ജയിംസ് ആൻഡേഴ്സൺ.