തിരുവനന്തപുരം: ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ സർവേയിൽ കേരളത്തിൽ പിണാറായി സർക്കാറിന് ഭരണത്തുടർച്ച് പ്രവചിച്ചിരുന്നു. കേരളം കോവിഡിനെ പ്രതിരോധിച്ചിരുന്ന സമയത്തായിരുന്നു ഇത്. എന്നാൽ, ഈ സർവേക്ക് പിന്നാലെ വിവാദങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. ഈ വിവാദങ്ങളിൽ പെട്ട് സർക്കാറിന് തീർത്തും മുഖംപോയ അവസ്ഥയായി. ഇതിനിടെ വന്ന സ്വർണ്ണക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ശരിക്കും പിടിച്ചു കുലുക്കുന്ന അവസ്ഥയിലുമായി.

ഇപ്പോൾ ഒന്നിനു പിന്നാലെ മറ്റൊന്നായി കേസുകൾ എത്തുമ്പോൾ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. ബിനീഷ് കോടിയേരി മയക്കുമരുന്നു കേസിൽ പണമിറക്കിയെന്ന ആരോപണത്തിൽ ഇഡി അറസ്റ്റു ചെയ്തതും എം ശിവശങ്കരന്റെ അറസ്റ്റുമെല്ലാം സർക്കാറിന്റെ പ്രതീക്ഷകളെ മങ്ങളേൽപ്പിച്ചു. ഇങ്ങനെ തുടർച്ചയായി തിരിച്ചടികൾ ഏൽക്കുന്ന ഘട്ടത്തിൽ സർക്കാർ മുഖം മിനിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇടതു മുന്നണിയെ അധികാരത്തിൽ എത്തിച്ച അതേ സോളാർ കേസ് വീണ്ടും പൊടിതട്ടി എടുക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ തുടക്കം യുഡിഎഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അനിൽകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ മൊഴിയെടുത്തത് ആദ്യ പടിയാണെന്ന സൂചന പുറത്തു വന്നു കഴഞ്ഞു.

അനിൽ കുമാറിനെ കൂടാതെ മറ്റു നേതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ നീങ്ങുന്നത്. പഴകിദ്രവിച്ച ആരോപണം ആണെങ്കിലും ഇടതു സർക്കാർ ഈ വിഷയം എടുത്തിട്ടു സർക്കാറിനെതിരായ ആരോപണങ്ങളെ മറികടക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാറിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവർക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. ബലാത്സംഗ പരാതിയിലാണ് മൊഴി രേഖപ്പെടുത്തലും തെളിവു ശേഖരിക്കലും നടക്കുന്നത്. ഇതിൽ നേതാക്കളെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ അതിന് വേണ്ടിയും ശ്രമിക്കണമെന്ന രാഷ്ട്രീയ ബുദ്ധിയാണ് സർക്കാറിനുള്ളത്. പൊലീസിലെ ഉന്നതരുമായി ഇതേക്കുറിച്ചു സംസാരിച്ചു കഴിഞ്ഞുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഈ നീക്കം മുന്നിൽ കണ്ടാണ് ഡിജിപിക്കെതിരെ പ്രതിപക്ഷ നേതാവ് ചെന്നിത്തല രംഗത്തെത്തിയത്.

പീഡനപരാതി നിലനിൽക്കില്ലെങ്കിൽ സാമ്പത്തിക തട്ടിപ്പെന്ന കുറ്റം നിലനിൽക്കുമോ എന്നാണ് ആലോചിക്കുന്നത്. നിയമോപദേശവും തേടിയേക്കും. സ്വർണക്കടത്തും ലഹരിക്കടത്തും പ്രോട്ടോക്കോൾ ലംഘനവുമൊക്കെയായി സർക്കാരും അടുപ്പക്കാരും കേസുകളാൽ വരിഞ്ഞ് മുറുകിയിരിക്കുമ്പോൾ കേസകൾ രാഷ്ട്രീയ ആയുധമാണ് എന്നാണ് സർക്കാർ ഉറച്ച് വിശ്വസിക്കുന്നത്. ആ സാഹചര്യത്തിൽ പ്രത്യാക്രമണത്തിനുള്ള ആയുധം പഴയ സോളറിലുണ്ടോയെന്നാണു സർക്കാർ തിരയുന്നത്. പീഡന പരാതിയിൽ 7 കേസുകളാണ് നിലവിലുള്ളത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണു കേസുകൾ. 2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനിൽകാന്തുമൊക്കെ റിപ്പോർട്ട് നൽകിയിരുന്നു. മുതിർന്ന നേതാക്കളെ ബലാത്സംഗ കേസിൽ അറസ്റ്റു ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസിലെ പ്രമുഖർ. അതിന് തുനിഞ്ഞാൽ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ, പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദവും ശക്തമായി ഉയരുന്നുണ്ട്.

ഇടക്കാലം കൊണ്ട് ഈ ബലാത്സംഗ കേസിൽ എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചെങ്കിലും പിന്നീട് അനക്കമറ്റ അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് രണ്ടു ദിവസം മുൻപ് പരാതിക്കാരിയെ വിളിച്ചുവരുത്തി എ.പി. അനിൽകുമാറിനെതിരായ കേസിൽ മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂർത്തിയായി. അതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരെ ചോദ്യം ചെയ്ത് മുന്നോട്ടു പോകാനാണ് ആലോചന.

കോൺഗ്രസിന്റെ ദേശീയ നേതാവായ കെ സി വേണുഗോപാലിനെ അടക്കം ഉന്നമിട്ടു കൊണ്ടാണ് രാഷ്ട്രീയ നീക്കങ്ങൾ. കെ സി വേണുഗോപാലിനെതിരെ നടപടി കൈക്കൊണ്ടാൽ അത് ദേശീയ തലത്തിൽ വാർത്തയാകുകയും ബിജെപി അടക്കമുള്ളവർ ആഘോഷിക്കുകയും ചെയ്യും. അതുകൊണ്ട് കെസിയിലൂടെ പിണറായി ലക്ഷ്യമിടുന്നത് ഒരുവെടിക്ക് രണ്ട് പക്ഷിയെന്ന ലൈനാണ്. കെസി വേണുഗോപാലിന് പിന്നാലെ

അതേസമയം നേതാക്കളെ രാഷ്ടീയ വൈരം തീർക്കാൻ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെയും ഒടുവിൽ ഉമ്മൻ ചാണ്ടിയെയും പറ്റുമെങ്കിൽ സാങ്കേതിക അറസ്റ്റെങ്കിലും വേണമെന്ന ആലോചനയും രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. എന്നാൽ, അത്തരത്തിൽ സംഭവിച്ചിൽ അത് കേരള രാഷ്ട്രീയത്തിൽ ഇല്ലാത്ത രാഷ്ട്രീയ വൈരം തീർക്കൽ കേസായി മാറുമെന്ന ഭയവും അധികാര കേന്ദ്രങ്ങൾക്കുണ്ട്.

എന്നാൽ പരാതി തെളിയിക്കുക ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥരെല്ലാം തന്നെ അറിയിച്ചിട്ടുണ്ട്. അതിനാൽ പീഡനം എന്നതൊഴിവാക്കി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ കേസെടുത്ത് വിജിലൻസിന് കൈമാറിയാലോ എന്നാണ് ആലോചനയും സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും സോളാർ പൊടിതട്ടി എടുക്കാനുള്ള നീക്കം നടന്നിരുന്നു. ആ സമയത്താണ് ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ സോളാർ സംരംഭകയെ പീഡിപ്പിച്ചകേസിൽ കേസ് രജിസ്റ്റർ ചെയ്തത്.

ക്രൈംബ്രാഞ്ചാണ് കേസെടുത്തു എഫ്‌ഐആർ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഇത് കൂടാതെ മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കെതിരെ പീഡന, ബലാത്സംഗ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. യുവതി എ.ഡി.ജി.പി എസ് . അനിൽകാന്തിന് സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലും കെ.സി. വേണുഗോപാൽ ഡൽഹിയടക്കം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസുകൾ ചുമത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. യുവതി സമർപ്പിച്ച മറ്റ് നാല് പരാതികളിൽ മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ പി അനിൽകുമാർ, അടൂർ പ്രകാശ് അടക്കം യുഡിഎഫിലെ മറ്റ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയായിരുന്നു. സോളാർകേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുമ്പാകെ യുവതി സമർപ്പിക്കപ്പെട്ട കത്തുകളിൽ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയിരുന്നില്ല.

സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. എ.പി.അബ്ദുള്ളക്കുട്ടിയുടെയും കെ.സി.വേണുഗോപാലിനും അനിൽകുമാറിനുമെതിരെ മൊഴി പരാതിക്കാരി നൽകിയിട്ടുണ്ട്. ലൈംഗിക പീഡനകേസുകൾ തേഞ്ഞുമാഞ്ഞുപോകുന്നതിൽ എല്ലാ ഇരകൾക്കും അസ്വസ്ഥതയുണ്ടാക്കുമെന്നും അവർ പ്രതികരിച്ചു.