വെംബ്ലി: അരനൂറ്റാണ്ടിലിതാദ്യമായി ഇംഗ്ലണ്ട് ഒരു സുപ്രധാന മത്സരത്തിന്റെ ഫൈനലിൽ എത്തിയത് ഇംഗ്ലീഷ് ആരാധകർ ആഘോഷമാക്കിയിരുന്നു. കാത്തിരുന്ന ഫൈനലിൽ ഓരോ ഇംഗ്ലീഷുകാരന്റെയും മനോവികാരങ്ങൾ പ്രകടമായത് ബ്രിട്ടന്റെ മൂന്നാം കിരീടാവകാശിയായ ജോർജ്ജ് രാജകുമാരനിലൂടെ ആയിരുന്നു. മാതാപിതാക്കളായ വില്യം രാജകുമാരനുംകെയ്റ്റിനുമൊപ്പം വെംബ്ലി സ്റ്റേഡിയത്തിലെ വി ഐ പി ബോക്സിലിരുന്ന ഏഴുവയസ്സുകാരൻ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടിയപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ചത്. അവസാന പെനാൽറ്റിയിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകർന്നപ്പോൾ പൊട്ടിക്കരയുകയും ചെയ്തു.

ഇംഗ്ലീഷ് ടീമിനെ എന്നു ആവേശത്തോടെ പ്രോത്സാഹിപ്പിച്ചിട്ടുള്ള, ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് കൂടി ആയിട്ടുള്ള വില്യം മകന്റെ തോളത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. രാവിലെ തന്റെ പിതാവിനൊപ്പം വിംബിൾഡണിൽ സമയം ചെലവഴിച്ച കെയ്റ്റ് വൈകിട്ട് ഭർത്താവിനൊപ്പം യൂറോ ഫൈനലിൽ എത്തിയിരുന്നു. ഇന്ന് നമ്മുടെ ദിവസം അല്ലായിരുന്നു എന്നാണ് കളിക്ക് ശേഷൻ വില്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എങ്കിലും, നല്ല രീതിയിൽ കളിച്ച ഇംഗ്ലീഷുകാരെ അഭിനന്ദിക്കാനും വില്യം മറന്നില്ല.

അത്യാഹ്ലാദം തീരാവേദനയായി മാറുകയായിരുന്നു ഇന്നലെ ഇംഗ്ലീഷ് ആരാധകർക്ക്. ആദ്യത്തെ മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ഷായുടെ കാലുകളിൽ നിന്നും ഉയര്ന്നു പൊന്തിയ പന്ത് ഇറ്റലിയുടെ ഗോൾ വലയത്തെ കുലുക്കിയപ്പോൾ ഇംഗ്ലണ്ട് മുഴുവൻ തുള്ളിച്ചാടുകയായിരുന്നു. പിന്നീട് മാച്ചിൽ മേധാവിത്വം പുലർത്താൻ ഇംഗ്ലണ്ടിനായെങ്കിലും അറുപത്തി ഏഴാം മിനിറ്റിൽ ലിയോനാർഡോ ബൗൺസി അടിച്ച ഗോൾ ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.

മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയതോടെ ഇറ്റലിയുടെ ഗോൾകീപ്പർ ഗിയാൻലുഗി ഡോണരുമയായി ഫൈനലിലെ വീരനായകൻ. ചുണ്ടിനും കപ്പിനുമിടയിൽ ഇംഗ്ലണ്ടിന് യൂറോ കപ്പ് നഷ്ടപ്പെട്ടപ്പോൾ ദുഃഖത്തോടും കോപത്തോടുമായിരുന്നു ആരാധകർ പ്രതികരിച്ചത്. പൊട്ടിക്കരയുന്ന നിരവധി ആരാധകരെ സ്റ്റേഡിയത്തിനകത്തും തെരുവുകളിലും കാണാമായിരുന്നു. നീണ്ട 55 വർഷത്തിനുശേഷം ഇംഗ്ലണ്ട് ഫൈനലിൽ എത്തിയപ്പോൾ ആരാധാകർ അമിത പ്രതീക്ഷ വച്ചുപുലർത്തുകയായിരുന്നു. അടുത്ത ലോകകപ്പ് ജയിക്കാൻ പോലും ഇംഗ്ലണ്ടിന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് പല ആരാധകരും പറയുന്നു.

സാധാരണ സമയം കഴിഞ്ഞ് മാച്ച് എക്സ്ട്രാ സമയത്തേക്ക് കടന്നതോടെ സ്റ്റേഡിയത്തിൽ കനത്ത നിശബ്ദത പരന്നു. സ്റ്റേഡിയത്തിനു പുറത്ത് ആഹ്ലാദം മുഴക്കിയിരുന്ന ആരാധകരും സമ്മർദ്ദത്തിലായി. പെനാൽറ്റിയിലേക്ക് കാര്യങ്ങൾ കടക്കാൻ ആരാധകർ തീരെ ആഗ്രഹിച്ചിരുന്നില്ല.എന്നാൽ, വിധി ഇംഗ്ലണ്ടിനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ആയിരക്കണക്കിന് ആരാധകരെ കണ്ണുനീരിലാഴ്‌ത്തിക്കൊണ്ട് ഇറ്റലി യൂറോ കപ്പിൽ മുത്തമിട്ടു.