കോഴിക്കോട്: ഓണത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽത്താഴം ഭാഗത്ത് നിന്നും പിടികൂടിയ വാഷ് നശിപ്പിച്ചു. എക്‌സൈസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എക്‌സൈസ് പാർട്ടിയിൽ സിഇഒമാരായ ദീൻ ദയാൽ,സന്ദീപ്, അനുരാജ്,അഖിൽ എന്നിവരും ഉണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. വ്യാജവാറ്റു സംഘങ്ങളെ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.