ദുബൈ: ദുബൈയിൽ വീട്ടു ജോലിക്കാരിയായ യുവതിയെ ​സ്പോൺസർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഏഷ്യൻ വംശജയായ യുവതിയാണ് കൊല്ലപ്പെട്ടത്. ബാത്ത്റൂമിൽ കാൽവഴുതി വീണാണ് മരണം എന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ആശുപത്രി അധികൃതർ ദുബൈ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ച യുവതിയുടെ മൃതദേഹം കൈമാറുന്നതിനായി ദുബൈ പൊലീസ് യുവതിയുടെ രാജ്യത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വരികയാണെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ മരണകാരണം അറിയില്ലെന്ന് സ്‌പോൺസർ ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് ഇയാളുടെ ഭാര്യ സത്യം തുറന്ന് പറയുകയായിരുന്നു. ഭർത്താവ് യുവതിയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് ഇവർ പറഞ്ഞു. കോവിഡ് വ്യാപനത്തിന് മുമ്പ് ഒരു റിക്രൂട്ട്‌മെന്റ് ഓഫീസ് വഴി 20,000 ദിർഹം കൊടുത്താണ് യുവതിയെ സ്‌പോൺസർ വീട്ടുജോലിക്ക് നിർത്തിയത്. എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ള യുവതിക്ക് ഇവർ നൽകിയ ജോലികൾ ചെയ്യാനായില്ലെന്നും ആറുമാസത്തിന് ശേഷം യുവതിയെ മാറ്റി വേറെ ഒരാളെ ജോലിക്ക് ലഭിക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസിനെ സമീപിച്ചതായും സ്‌പോൺസർ പറഞ്ഞു.

എന്നാൽ കോവിഡ് പ്രതിസന്ധി മൂലം മറ്റൊരാളെ ജോലിക്ക് നൽകാൻ കഴിയില്ലെന്ന് ഓഫീസ് അറിയിച്ചു. ഇതിനിടെ സ്‌പോൺസറുടെ ജോലിയും നഷ്ടമായി. തുടർന്ന് എപ്പോഴും വീട്ടിലുണ്ടായിരുന്ന ഇയാൾ ജോലിക്കാരിയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് ബ്രിഗേഡിയർ അൽ ജല്ലാഫ് കൂട്ടിച്ചേർത്തു. ജോലി നഷ്ടമായതോടെ ഭർത്താവിന്റെ മാനസിക നില മോശമായെന്ന് സ്‌പോൺസറുടെ ഭാര്യ പറഞ്ഞു. ചെറിയ കാരണങ്ങൾക്ക് പോലും യുവതിയെ മർദ്ദിക്കുമായിരുന്ന സ്‌പോൺസർ ഇവരുടെ ശരീരത്തിൽ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിക്കുമായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രിമിനൽ റിസേർച്ച് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അദെൽ അൽ ജോക്കെർ പറഞ്ഞു. തുടരന്വേഷണത്തിനായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

സ്‌പോൺസറുടെ ശാരീരിക അതിക്രമമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 35 കിലോഗ്രാം മാത്രമായിരുന്നു യുവതിയുടെ ഭാരം. ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സംഭവം പുറത്തറിയിക്കുന്നതിന് രണ്ടുദിവസം മുമ്പ് യുവതി മരിച്ചെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നെഞ്ചിൽ ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ചതാണ് മരണ കാരണമായതെന്നും പോഷകാഹാര കുറവ് മൂലം യുവതി വളരെയധികം ക്ഷീണിതയായിരുന്നെന്നും ദുബൈ പൊലീസിന്റെ മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.