ന്യൂഡൽഹി: വിപണിയിൽ ആദ്യമായി സ്മാർട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ഫേസ്‌ബുക്ക്. അടുത്ത വർഷം ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന മോണിറ്റർ സഹിതം രണ്ട് ക്യാമറകളുമായി സ്മാർട്ട് വാച്ച് പുറത്തിറക്കാൻ സോഷ്യൽ മീഡിയ ഭീമൻ ഒരുങ്ങുന്നു. പോർട്ടൽ, പോർട്ടൽ പ്ലസ് എന്ന വീഡിയോ കോളിങ് ഉപകരണങ്ങൾക്കു പുറമെ ഫേസ്‌ബുക്ക് ഒരു ഗാഡ്ജെറ്റും ആംഭിച്ചിട്ടില്ല. ഇതൊന്നും ഇന്ത്യയിൽ പുറത്തിറക്കിയിട്ടുമില്ല. എങ്കിലും, മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇപ്പോൾ സ്മാർട്ട് വാച്ച് വിപണിയിലേക്ക് കടക്കാൻ പദ്ധതിയിടുന്നു.

2022 ഓടെ ഫേസ്‌ബുക്ക് ആദ്യത്തെ സ്മാർട്ട് വാച്ച് പുറത്തിറക്കുമെന്ന് ദി വെർജ് റിപ്പോർട്ട് ചെയ്തു. വീഡിയോകളും ചിത്രങ്ങളും പകർത്തുന്നതിനായി കൈത്തണ്ടയിൽ നിന്ന് നീക്കം ചെയ്യാവുന്ന രണ്ട് ക്യാമറകളും ഡിസ്പ്ലേയും ഈ സ്മാർട്ട് വാച്ചിൽ വരും. വാച്ചിന് മുൻവശത്ത് ഒരു ക്യാമറയും മറ്റൊന്ന് പിൻവശത്തുമായിരിക്കും. ഫേസ്‌ബുക്ക് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വീഡിയോ കോൾ ചെയ്യാമെന്നും റിപ്പോർട്ടുണ്ട്. മുൻവശത്തെ ക്യാമറ വീഡിയോ കോളിങ് ആവശ്യങ്ങൾക്കായി നൽകിയിരിക്കുന്നു. എങ്കിലും, സെക്കൻഡ് ക്യാമറ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിൽ നിന്ന് വാച്ച് വേർപെടുത്തേണ്ടതാണ്.

ബാക്ക്പാക്കുകൾ പോലുള്ളവയിലേക്ക് ക്യാമറ അറ്റാച്ചുചെയ്യാൻ ഉപയോഗിക്കുന്ന ആക്സസറികൾക്കായി ഫേസ്‌ബുക്ക് മറ്റ് കമ്പനികളുമായി സഹകരിക്കുമെന്ന് വെർജ് പറയുന്നു. ഫേസ്‌ബുക്ക് ഉപയോക്താക്കൾ വാച്ച് ഉപയോഗിക്കുന്നതുപോലെ സ്മാർട്ട് വാച്ച് ഉപയോഗിക്കണമെന്ന് സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുമാത്രമല്ല, കൂടുതൽ ഉപഭോക്തൃ ഉപകരണങ്ങൾ നിർമ്മിക്കാൻ കമ്പനിക്ക് കൂടുതൽ പദ്ധതികളുണ്ട്.

ഫേസ്‌ബുക്ക് സ്മാർട്ട് വാച്ചിനെക്കുറിച്ചുള്ള മറ്റൊരു രസകരമായ കാര്യം, പ്രവർത്തിക്കാൻ ഒരു സ്മാർട്ട്ഫോണുമായി ഒരു കണക്ഷൻ ആവശ്യമില്ല എന്നതാണ്. എൽടിഇ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനായി യുഎസിൽ ഇതൊരു മികച്ച കാരിയറുമായി ചേർന്നു പ്രവർത്തിക്കുന്നു. വാച്ച് വെള്ള, കറുപ്പ്, ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, സ്മാർട്ട് വാച്ചിന് ഏകദേശം 29,000 രൂപ വില വന്നേക്കാമെന്ന് ഫേസ്‌ബുക്ക് വൃത്തങ്ങൾ ദി വെർജിനോട് പറഞ്ഞു. എങ്കിലും, ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. സ്മാർട്ട് വാച്ചിന്റെ പേരും ഫേസ്‌ബുക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല