ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ 23കാരനായ ബന്ധുവിന് കോവിഡ് വാക്‌സിനേഷൻ ലഭിച്ചത് വിവാദമാക്കി കോൺഗ്രസ്. ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധുവായ തന്മയ് ഫഡ്നാവിസ് കൊവിഡിന്റെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങളാണ് വിവാദമായത്.

തന്മയ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. തുടർന്നാണ് 45 വയസ്സിനു മുകളിലുള്ളവർക്കു മാത്രം അനുവദനീയമായ പ്രതിരോധമരുന്ന് 23കാരന് എങ്ങനെ ലഭിച്ചു എന്നത് വിവാദമായത്. തീവ്രമായ രോഗബാധയെ തുടർന്ന് രാജ്യത്ത് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് തന്മയ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം ചർച്ചയാകുന്നത്. 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാക്‌സിനേഷനുള്ള യോഗ്യതയുള്ളൂ എന്നിരിക്കെ തന്മയ് ആദ്യ ഡോസ് മുംബൈയിൽ നിന്നും രണ്ടാം ഡോസ് നാഗ്പൂരിൽ നിന്നും എടുക്കുകയായിരുന്നു.

'45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പ്രതിരോധ കുത്തിവയ്‌പ്പ് നൽകാവൂ എന്നാണ് മോദി സർക്കാറിന്റെ വ്യവസ്ഥ. ഈ സാഹചര്യത്തിൽ ഫഡ്നാവിസിന്റെ, 45 വയസ്സിന് താഴെ പ്രായമുള്ള ബന്ധുവിന് പ്രതിരോധ കുത്തിവയ്പ് എങ്ങനെ നൽകാൻ കഴിയും? ബിജെപി നേതാക്കളുടെ കുടുംബങ്ങൾ മാത്രമാണോ പ്രധാനം. സാധാരണക്കാർ കീടങ്ങളാണോ? അവരുടെ ജീവിതത്തിന് വിലയില്ലേ ?,' കോൺഗ്രസ്സ് ട്വീറ്റ് ചെയ്തു.

എന്നാൽ തന്മയ് ഫഡ്നാവിസ് ദേവേന്ദ്ര ഫഡ്നാവിസിന്റെ വിദൂര ബന്ധുവാണെന്ന് സമ്മതിക്കുന്നു എന്ന മറുപടിയുമായി ബിജെപി വക്താവ് രാം കദം ഇങ്ങനെ പ്രതികരിച്ചു. 'ബന്ധുക്കൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നു എന്നുള്ളതാണ് വിഷയമെങ്കിൽ ദേവേന്ദ്ര ഫഡ്നാവിസ് ആദ്യം ഭാര്യക്ക് കുത്തിവയ്പ് നൽകുമായിരുന്നു. എന്നാൽ അവർ ഇനിയും വാക്‌സിനേഷൻ എടുത്തിട്ടില്ല. ദേവേന്ദ്ര ഫഡ്നാവിസ് നിയമങ്ങൾ പാലിക്കുന്ന വ്യക്തിയാണെന്ന് ഇത് തന്നെ വ്യക്തമാക്കുന്നുണ്ട് '. അദ്ദേഹം ചൂണ്ടിക്കാട്ടി.