കൊച്ചി: സ്വർണക്കടത്തിൽ അന്വേഷണം ആദ്യ കുറ്റപത്രത്തിലേക്ക് കടന്നിട്ടും പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനായില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച സ്വർണം അയച്ചത് ഫൈസലിന്റെ പേരിലാണ്. അതുകൊണ്ടു തന്നെ ഫൈസൽ ഈ കേസിലെ പ്രധാനിയുമാണ്. ഗൾഫിലെ തീവ്രവാദ ബന്ധം അറിയാവുന്ന വ്യക്തിയാണ് ഫൈസൽ.

കസ്റ്റംസ്-എൻ.ഐ.എ. കേസുകളിൽ ആദ്യ പ്രതികളിലൊരാളാണ് ഈ തൃശ്ശൂർ കയ്പമംഗലം സ്വദേശി. ഇന്റർപോൾ മുഖാന്തരം ദുബായിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ മാസങ്ങളായി കേന്ദ്രസർക്കാർ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഫൈസലിനൊപ്പം ആവശ്യപ്പെട്ട പ്രതിയായ റബിൻസ് ഹമീദിനെ നാട്ടിലെത്തിച്ചിട്ടും ഫൈസലിന്റെ അറസ്റ്റ് വൈകുന്നു. കോടതിയിൽ സ്വർണക്കടത്ത് കേസ് ദുർബലമാകാതിരിക്കാൻ അറസ്റ്റ് അനിവാര്യമാണ്.

പിഎസ്. സരിത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലാൽ, പി.മുഹമ്മദ് ഷാഫി, ഇ.സയീദ് അലവി, പി.ടി. അബ്ദു, റബിൻസ് ഹമീദ്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദാലി, കെ.ടി. ഷറഫുദീൻ, എ. മുഹമ്മദ് ഷഫീഖ്, ഹംസദ് അബ്ദു സലാം, ടി.എം. സംജു, കെ.ഹംജദ് അലി, സി.വി. ജിഫ്‌സൽ, പി. അബൂബക്കർ, കെ.വി. മുഹമ്മദ് അബ്ദുൽ ഷമീം, അബ്ദുൽ ഹമീദ്, ഷംസുദീൻ എന്നിവർക്കെതിരെയാണ് നിലവിൽ കുറ്റപത്രം. ഫൈസൽ ഫരീദ് കേസിൽ പ്രതിയാണെന്ന് ഉറപ്പാണ്. എഫ് ഐ ആറും ഉണ്ട്. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിലെ കുറ്റപത്രത്തിൽ വമ്പൻ സ്രാവുകൾ ഇനിയും കടന്നു കൂടും. പിടിയിലായ പ്രതികൾക്ക് ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഈ കുറ്റപത്രം നൽകൽ.

സ്വർണക്കടത്ത് പ്രതികൾ പിടിക്കപ്പെടുമെന്നായപ്പോൾ എല്ലാ കുറ്റവും ഫൈസൽ ഫരീദിന്റെമേൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടന്നു. മുഖ്യപ്രതികളിലൊരാളായ കെ.ടി. റെമീസാണ് സരിത്തിനോട് ഫൈസലിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് കസ്റ്റംസിനോട് പറയാൻ ആവശ്യപ്പെട്ടിരുന്നു. 21 തവണ നയതന്ത്രബാഗേജിന്റെ മറവിൽ സ്വർണം കടത്തിയതിൽ, അവസാന രണ്ടുതവണയാണ് ഫൈസലിന്റെ പേരിൽ സ്വർണം അയച്ചത്. സരിത്തിനെ പോലെ ഫൈസലും സ്വർണ്ണ കടത്തിൽ മാപ്പുസാക്ഷിയാകാൻ സാധ്യതയുള്ള വ്യക്തിയാണ്.

സ്വർണക്കടത്ത് അന്വേഷണം പലവഴി തിരിഞ്ഞെങ്കിലും ഫൈസൽ ഫരീദിന്റെ കാര്യത്തിൽ അന്വേഷണ ഏജൻസികൾക്കിപ്പോഴും മൗനമാണ്. ജൂലായ് ആറിന് കസ്റ്റംസും 10-ന് എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഫൈസൽ പ്രതിയാണ്. പേര് പുറത്തുവന്നപ്പോൾ ദുബായിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ആരോപണം നിഷേധിച്ച ഫൈസൽ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

അന്വേഷണം തുടങ്ങിയ ഉടൻതന്നെ കൊച്ചി എൻ.ഐ.എ. കോടതി ഫൈസലിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷ പ്രകാരം പാസ്‌പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കുകയും എൻ.ഐ.എ.യുടെ ആവശ്യപ്രകാരം ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. ഇതിനുപിന്നാലെ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിക്കാനും കണ്ടെത്താനുമുള്ള നടപടിയുടെ ഭാഗമായി എൻ.ഐ.എ., ഇന്റർപോളിനോട് ബ്ലൂകോർണർ നോട്ടീസ് ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ ജൂലായ് 19-ന് ദുബായ്‌പൊലീസ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തു.

ഫൈസലിനെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇന്റർപോൾ ഇന്ത്യയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. പക്ഷേ, അതിന് ശേഷം ഒന്നും നടന്നിട്ടില്ല. കേസിൽ യു.എ.പി.എ. നിലനിൽക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇനിയും കേസിൽ പിടികൂടാനുള്ള പ്രതികൾക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതൽ കുറ്റപത്രങ്ങളും കോടതിക്കു മുന്നിലെത്തും.

കേസുമായി ബന്ധപ്പെട്ട 35 പേരിൽ 21 പേരെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരിൽ ചിലർ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തീകരിക്കാനുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിൻസിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികൾ ഇപ്പോളും വിദേശത്താണ്. ഇതിൽ പ്രധാനിയാണ് ഫൈസൽ.