ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ചിത്രമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യാ ടുഡെ ടിവി മാധ്യമപ്രവർത്തകന്റെതെന്ന് പരാതി. മാധ്യമപ്രവർത്തകനായ അബ്രോ ബാനർജിയുടെ ചിത്രമാണ് പേര് മാറ്റി മണിക് മൊയ്ത്ര എന്ന രീതിയിൽ പ്രചരിക്കുന്നത്.

ബംഗാൾ ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ബിജെപി ഫോർ ഇന്ത്യ എന്ന ട്വിറ്റർ ഹാൻഡിലിലുമാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിജെപി അനുകൂലികൾ അത് ഏറ്റെടുത്ത് രാജ്യമാകെ പ്രചരിപ്പിക്കുകയായിരുന്നു. ഏകദേശം 12000ത്തോളം പേരാണ് ഈ ചിത്രങ്ങളടങ്ങിയ വീഡിയോ ഷെയർ ചെയ്തത്.

കലാപത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ എന്ന നിലയിൽ തന്റെ ചിത്രം വ്യാപകമായി ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട അബ്രോ ബാനർജി തന്നെയാണ് ഇത് വ്യാജവാർത്തയാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

'രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്. ഫോണിൽ നൂറിലധികം മിസ്ഡ് കോൾ കണ്ട് സംശയം തോന്നി ചിലരെ തിരിച്ചുവിളിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. കലാപത്തിൽ കൊല്ലപ്പെട്ട മണിക് മിത്ര എന്ന പേരിൽ ബിജെപി ഐടി സെൽ എന്റെ ചിത്രമാണ് ഉപയോഗിച്ചതെന്ന് സുഹൃത്താണ് പറഞ്ഞത്', അബ്രോ ബാനർജി പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ബംഗാളിൽ വലിയ പ്രചരണം നടത്തിയെങ്കിലും ബിജെപിക്ക് ജയിക്കാനായിരുന്നില്ല.

ബംഗാളിലെ അക്രമങ്ങളിൽ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി ഗവർണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.