ലണ്ടൻ : സിനിമ പിടിത്തത്തിനും മീൻ പിടുത്തത്തിനും വരെ യുകെയിലേക്കു വ്യാജ വിസയിൽ ആളെത്തിയ സംഭവങ്ങൾക്കു ലേറ്റസ്റ്റ് വേർഷൻ. ബ്രിട്ടീഷ് സർക്കാരിനോട് ഒരുപാട് കാലത്തെ വാദപ്രതിവാദം നടത്തി ഇന്ത്യ നേടിയെടുത്ത സ്റ്റുഡന്റ് വിസ ആനുകൂല്യം അട്ടിമറിക്കാൻ ഏതാനും മലയാളികൾ രംഗത്ത് . കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും മാത്രമല്ല യുകെയിൽ വരെ വലവിരിച്ചിരിക്കുന്ന മാഫിയ ഗ്രൂപ്പാണ് യുകെയിലേക്കു വ്യാജ വിസയിൽ വിദ്യാർത്ഥികളെ കടത്തുന്നത് എന്നാണ് കേരള പൊലീസ് കരുതുന്നത് .

ഇതിലേക്ക് വിരൽ ചൂണ്ടുന്ന ചില തെളിവുകൾ കൊച്ചി പൊലീസിന് ലഭിച്ചതോടെ വരും ദിവസങ്ങളിൽ ഈ റാക്കറ്റിലെ ചില പ്രധാന കണ്ണികളെ പിടികൂടാനായേക്കും . സംശയ നിഴലിൽ ഉള്ള എറണാകുളത്തേയും കോട്ടയത്തെയും റിക്രൂട്ട് എജെനസികൾ , ട്രാവൽ ഏജന്റുമാർ , ഐ ഇ എൽ ടി എസ പഠന കേന്ദ്രങ്ങൾ, ഇമ്മിഗ്രെഷൻ ഏജൻസികൾ തുടങ്ങി ഒട്ടേറെ പേരാണ് പൊലീസിന്റെ സംശയ നിഴലിൽ ഉള്ളത് .

ഇവരുടെ പേരുകൾ കേസ് അന്വേഷിക്കുന്ന പ്രത്യേക ദൗത്യ സംഘം മറുനാടനോട് വെളിപ്പെടുത്തിയെങ്കിലും കേസിൽ പ്രതികളാകാൻ സാധ്യത ഉള്ളവരുടെ പേര് വാർത്തയിലൂടെ വെളിപ്പെടുത്തരുത് എന്നും പൊലീസ് അഭ്യര്ഥിച്ചിരിക്കുകയാണ് . സകല പഴുതും അടച്ചു ഏതാനും കണ്ണികളെ എങ്കിലും കുടുക്കാനാകും എന്നാണ് പൊലീസിന്റെ അനുമാനം . രാജ്യാന്തര കണ്ണികൾ ഉള്ള കേസിൽ പ്രതികളെ വേരോടെ പിഴുതെടുക്കാം എന്നും പൊലീസ് കരുതുന്നില്ല .

കഴിഞ്ഞ ദിവസം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി മൂന്നു യുവാക്കൾ കൊച്ചിയിൽ നിന്നും യുകെയിലേക്കു പറക്കാൻ എത്തിയപ്പോൾ എയർപോർട്ട് എമിഗ്രെഷൻ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങിയതോടെയാണ് മാസങ്ങളായി യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്ന വിദ്യാർത്ഥി കടത്തിന്റെ വ്യാപ്തി പൊലീസിനും മനസിലായത് .

പിടിയിലായത് മുൻ യുകെ മലയാളി

പാലക്കാട് തൃത്താല കല്ലുങ്കൽ നഫ്സൽ എന്ന ഇടനിലക്കാരൻ പൊലീസ് പിടിയിൽ ആയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുന്നത് . അറസ്റ്റിൽ ആയ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കമാണ് മുങ്ങാൻ അവസരം ലഭിക്കും മുന്നേ നഫ്സലിനെ വലയിലാക്കാൻ സഹായകമായത് . മഹാരാഷ്ട്രയിൽ നിന്നുമാണ് പ്ലസ് ടൂ സർട്ടിഫിക്കറ്റുകൾ വ്യാജമായി എത്തിക്കുന്നത് . മുൻപ് ലണ്ടനിൽ ഹോട്ടൽ തൊഴിലാളി ആയിരുന്ന നഫ്സൽ യുകെയിൽ പരിചയപ്പെട്ട ഹൈദരാബാദുകാരൻ വഴിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത് എന്നാണ് പൊലീസിന് നൽകിയ വിവരം .

എന്നാൽ ഇയാൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാൻ പൊലീസ് തയ്യാറല്ല . സർട്ടിഫിക്കറ്റിന് ലഭിക്കുന്ന 90000 രൂപയിൽ 60000 രൂപ യുകെയിലെ ഹൈദരാബാദുകാരനും 30000 രൂപ നഫ്സലിനുമാണ് എന്നാണ് പുറത്തു ലഭിക്കുന്ന വിവരം . നെടുമ്പാശേരി പൊലീസ് ഇൻസ്പെക്ടർ പിഎം ബൈജു , അനീഷ് കെ ദാസ് , നവീൻ ദാസ് , ജിസ്‌മോൻ , കുഞ്ഞുമോൻ തുടങ്ങിയ ഉദ്യോഗസ്ഥരാണ് എസ പി യുടെ നെത്ര്വതത്തിൽ വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് തകർക്കാൻ രംഗത്തുള്ളത് .

ഇതോടെ എറണാകുളം റൂറൽ എസ്‌പി കാർത്തിക് ഐ പി എസിന്റെ നെത്ര്വതത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ചാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത് . ആദ്യം അറസ്റ്റിലായ മൂന്നു പേരെ കൂടാതെ മറ്റു നാലു വിദ്യാർത്ഥികൾ കൂടി അറസ്റ്റിലാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന . കൂടാതെ ഇവർക്കായി പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നല്കാൻ ഇടനിലക്കാരനായ പാലക്കാടുകാരനും പൊലീസ് കസ്റ്റഡിയിലാണ് . എന്നാൽ ഇയാൾക്ക് മുകളിൽ നിരവധി ചങ്ങലകൾ ഉണ്ടെന്നു പൊലീസിന് വക്തമായിരിക്കുകയാണ് .

അതിനാൽ കൂടുതൽ വിപുലമായ തരത്തിൽ കേസ് അംനൗഷിക്കാൻ ഹൈദരാബാദിലേക്ക് വരെ പൊലീസ് സംഘം എത്തിയേക്കും . അവിടെ നിന്നാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തു വരുന്നത് എന്നാണ് ചോദ്യം ചെയ്യലിൽ ഇടനിലക്കാരൻ പറയുന്നത് .

വ്യാജന്മാർക്കു യുകെയിൽ എത്തിയാൽ സ്‌കോളർഷിപ്പും

ഒരു വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് 80000 മുതൽ 90000 രൂപവരെയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നതെന്നു പൊലീസ് പറയുന്നു . ഇങ്ങനെ നൽകുന്ന വിദ്യാർത്ഥികൾക്ക് 90 ശതമാനം വരെ മാർക്കും നൽകുന്നതോടെ യുകെയിൽ എത്തുമ്പോൾ യൂണിവേഴ്സിറ്റികളിൽ നിന്നും പ്രത്യേക സ്‌കോളർഷിപ്പും ലഭിക്കുമെന്ന് ചോദ്യം ചെയ്യലിൽ ഇടനിലക്കാരൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് . മധുര കാമരാജ് , അണ്ണാമലൈ , കേരള , മഹാത്മാഗാന്ധി തുടങ്ങി ഏതു യൂണിവേഴ്‌സിറ്റിയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ നല്കാൻ മാഫിയ സംഘം തയ്യാറാണ് .

എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ കേരളത്തിലോ യുകെയിലോ എവിടെയും വെരിഫിക്കേഷൻ ചെയ്യാൻ സംവിധാനം ഇല്ല എന്നതാണ് തട്ടിപ്പുകാർക്ക് അവസരം ഒരുക്കിയത് . കേരളത്തിനൊപ്പം യുകെയിലും വേര് പടർത്തിയ സംഘം ആണിതെന്നു പൊലീസ് സംശയിക്കുന്നതിനാൽ യുകെ മലയാളികളിൽ ചിലരുടെ എങ്കിലും പേരും പുറത്തു വരുമോ എന്നതാണ് ഇപ്പോൾ കൗതുകം പകരുന്നത് .

പിടിയിലായവർ പ്രധാനമായും ലണ്ടനിലെ കിങ്സ്റ്റൻ യൂണിവേഴ്സിറ്റി കേന്ദ്രമാക്കിയാണ് എത്തിയതെന്നും പൊലീസ് പറയുന്നു . ഇന്റർനാഷണൽ ബിസിനസ് സ്റ്റഡി പോലെയുള്ള പ്രൊഫഷണൽ ബിരുദാന്തര ബിരുദ കോഴ്സുകൾ തേടിയാണ് വ്യാജ വിദ്യാർത്ഥികൾ എത്തുന്നതെന്നും പൊലീസ് വക്തമാക്കി . കഴിഞ്ഞ ഏതാനും മാസമായി യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വ്യാജ മലയാളി വിദ്യാർത്ഥികൾ എത്തിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭികുന്ന വിവരം .

ഇവരെ കണ്ടെത്തി യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് നൽകാനുള്ള ഒരുക്കത്തിലാണ് പൊലീസ് . ഇതോടെ വരും വർഷങ്ങളിൽ യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ സാധ്യതയും ഒരുപക്ഷെ കാലതാമസത്തിലേക്കു നീങ്ങിയേക്കാം . തട്ടിപ്പു സർട്ടിഫിക്കറ്റുകളിൽ പേരുപറയുന്ന യൂണിവേഴ്സിറ്റികളിൽ നിന്നുള്ള അപേക്ഷകൾ വെരിഫിക്കേഷൻ കഴിഞ്ഞു മാത്രം പ്രവേശനം മതിയെന്ന് യൂണിവേഴ്സിറ്റികൾ തീരുമാനിച്ചാൽ മലയാളി വിദ്യാർത്ഥികളുടെ ഒഴുക്കും തടസപ്പെടാനിടയുണ്ട് .

പഠന ശേഷം രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡിയും പിന്നീട എവിടെയെങ്കിലും ജോലിയും തരപ്പെടുത്തി അഞ്ചു വര്ഷം തികച്ചാൽ യുകെയിൽ സ്ഥിരമായി താങ്ങാനാകും എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകി മോഹിപ്പിച്ചാണ് തട്ടിപ്പു സംഘം ഇരകളെ കണ്ടെത്തുന്നത് . വർക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ യുകെയിൽ സ്ഥിര താമസത്തിനു യോഗ്യത ആകൂ എന്നും സ്‌റുഡന്റ്‌റ് വിസ ഒരിക്കലും ഇതിനായി പരിഗണിക്കില്ല എന്ന വസ്തുതയും ഒക്കെ മറച്ചു വച്ചാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത് .

എങ്ങനെയും യുകെയിൽ എത്തുക എന്ന ലക്ഷ്യം മാത്രം മുന്നിൽ ഉള്ളപ്പോൾ അയൽവാസികളായ യുകെ മലയാളികളോട് പോലും വിവരങ്ങൾ ചോദിച്ചു മനസിലാക്കാതെയാണ് വ്യാജന്മാർ പറക്കാൻ തയ്യാറാകുന്നത് . തട്ടിപ്പാണ് നടത്തുന്നത് എന്ന് അറിയാവുന്നതിനാൽ ഇക്കാര്യം ഇവർ സുഹൃത്തുക്കളൊടു പോലും പറയാറുമില്ല . എറണാകുളം , തൃശൂർ , പാലക്കാട് , മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെയുള്ള വ്യാജ വിദ്യാർത്ഥികൾ യുകെയിലേക്കു പറക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അറസ്റ്റും പൊലീസ് നീക്കവും .

കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ നൂറോളം വിദ്യാർത്ഥികൾ എങ്കിലും യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ എത്തിയിരിക്കും എന്ന സംശയവും അംനൗഷണ സംഘം മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി .