കണ്ണുർ: കളറടിച്ചു വ്യാജ താറാവ് മുട്ട വിപണിയിലെത്തിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി.വഴിയോര കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ട കൃത്രിമമായി നിർമ്മിച്ചതാണെന്ന സംശയത്തിൽ പ്രദേശവാസികൾവാഹനം തടഞ്ഞ്
പൊലീസിലേൽപ്പിച്ചിരുന്നു.

ഇതിലുള്ള മുട്ടയാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തി വരുന്നത്.തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ ഇതിന്റെ പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരാവൂർ കണ്ടപ്പുനത്താണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനം മുട്ടയുമായി എത്തിയത്. ഒരെണ്ണത്തിന് ആറുരൂപ നിരക്കിലായിരുന്നു വില്പന. മുട്ടയുടെ വിലക്കുറവ് സംബന്ധിച്ച് സംശയമുയർന്നതോടെ കണ്ടപ്പുനം സ്വദേശി ചേലാട്ട് സനൽ മുട്ട വാങ്ങി പൊട്ടിച്ച് നോക്കി. മുട്ടപൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവർ വാഹനവുമായി കേളകം ഭാഗത്തേക്ക് പോകുകയായിരുന്നു.

പൊട്ടിച്ചു മുട്ടയ്ക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ലായിരുന്നു. ഒരുതരം കലങ്ങിയ ദ്രാവക രൂപത്തിലായിരുന്നു മുട്ട. തോടും വെള്ളയും തമ്മിൽ വേർതിരിക്കുന്ന പാടയാകട്ടെ പ്ലാസ്റ്റിക്കിനു സമാനവും. ഇത് കത്തിച്ചു നോക്കിയപ്പോൾ പ്ലാസ്റ്റിക്ക് കത്തുന്ന ഗന്ധവും അനുഭവപ്പെട്ടു. മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകുമെന്നതാണ് മറ്റൊരു കൗതുകം. തോട് പൊളിച്ചു കഴിഞ്ഞാൽ ഒരു തരം റബർ ഉത്പന്നം പോലെയായിരുന്നു. സംശയം തോന്നിയ സനലും സുഹൃത്ത് തെക്കേടത്ത് സന്ദീപും കണിച്ചാർ വരെ മുട്ട വാഹനം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് കേളകം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് ഞായറാഴ്‌ച്ചവൈകുന്നരത്തോടെ അമ്പായത്തോട്ടിൽ നേരത്തെ കണ്ടപ്പുനത്തെത്തിയ വാഹനവും മറ്റു രണ്ടു വാഹനങ്ങളും കണ്ടതോടെ നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. കേളകം പൊലീസും സ്ഥലത്തെത്തി. മുട്ട പ്രാഥമികമായി പരിശോധിച്ചപ്പോൾ കണ്ടപ്പുനത്ത് പരിശോധിച്ച മുട്ടയുടെ സമാനമായിരുന്നു. പല മുട്ടകളും അടയാളപ്പെടുത്തിയ നിലയിലുമായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി പൊലീസ് മുട്ടകൾ ശേഖരിച്ച് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ദുരൂഹത നീക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.