മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ രാജ്യം വിടുമെന്ന് ഷാരൂഖ് പറഞ്ഞു എന്ന രീതിയിൽ പ്രചരിച്ച പഴയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നത്.

ഷാരൂഖ് ഖാന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടിൽ നിന്നുള്ള പരാമർശമായിരുന്നു അത്. അതിന്റെ സത്യാവസ്ഥ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ മകൻ അറസ്റ്റിലായപ്പോൾ ഈ കള്ളപ്രചാരണവുമായി ചിലർ ഷാരൂഖ് ഖാനെ കടന്നാക്രമിക്കുകയാണിപ്പോൾ.

'മകന്റെ സ്വഭാവത്തിന് ഇന്ത്യയിൽ നിൽക്കാത്തതാണ് നല്ലതെന്നും അതുകൊണ്ടാണ് നേരത്തേ പോകാൻ തീരുമാനിച്ചതെന്നും' ഈ വ്യാജ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ച് ഷാരൂഖ് ഖാനെ വിമർശിക്കുന്നു.



മോദി അധികാരത്തിലെത്തിയാൽ രാജ്യം വിടുമെന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നത് ബോളിവുഡിലെ സിനിമാനിരൂപകൻ കമാൽ ആർ ഖാനായിരുന്നു. ഈ വാക്കുകൾ ഷാരൂഖ് ഖാന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ഏറ്റെടുത്തു. കൂടാതെ ആമീർ ഖാൻ, സൽമാൻ ഖാൻ എന്നിവരുടെ പേരിലും പ്രചരിപ്പിക്കപ്പെട്ടു.

മോദി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മൂവരോടും രാജ്യം വിട്ടുപോകാൻ സോഷ്യൽ മീഡിയയിൽ ചിലർ ആഹ്വാനം ചെയ്തു. തുടർന്ന് കമാൽ ആർ ഖാൻ തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. താൻ മാത്രമാണ് ഈ പരാമർശം നടത്തിയതെന്നും ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമീർ ഖാനും അങ്ങനെ പറഞ്ഞിട്ടില്ലെന്നും കമാൽ ആർ ഖാൻ വ്യക്തമാക്കിയിരുന്നു.