ചെന്നൈ: കോവിഡ് വ്യാപകമാകുമ്പോൾ അതിനോടനുബന്ധിച്ചുള്ള വ്യാജപ്രചരണവും വർധിക്കുകയാണ്.പ്രത്യേകിച്ചും ഒറ്റമൂലിയുടെയും നാടൻ ചികിത്സയുടെയുമൊക്കെപേരിൽ.അത്തരം സംഭവങ്ങളിലേക്ക് പുതിയതായി വന്നതാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജവീഡിയോ.ഉരഗവർങ്ങൾ കൊറോണയ്ക്ക് മറുമരുന്നാണെന്നും പാമ്പിനെ ഭക്ഷിച്ചാൽ മതിയാകുമെന്ന തരത്തിലുമാണ് വീഡിയോ പ്രചരിച്ചത്.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലെ വടിവേൽ എന്ന വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് പരിസ്ഥിതി പ്രവർത്തകരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വടിവേലിനെ അറസ്റ്റ് ചെയ്യുകയും 7500 രൂപ പിഴയിടുകയും ചെയ്തു.

വയലിൽ നിന്നാണ് പാമ്പിനെ പിടിച്ചതെന്നും ഭക്ഷിക്കുന്നതിന് മുമ്പ് കൊന്നുവെന്നും വടിവേൽ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റി നിർത്താൻ ഉരഗവർഗത്തിൽപെട്ട ജീവികൾ മികച്ചതാണെന്ന് വടിവേൽ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്നും ഇയാൾ പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ വളരെയധികം ദോഷമുളവാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അവയുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ടെങ്കിൽ അവ മനുഷ്യശരീരത്തെ അപകടത്തിലാക്കുമെന്നും അധികൃതർ പറഞ്ഞു.