ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്തിപ്രാപിച്ചു വരുന്നതിനിടെ സമരം തണുപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ഇതിന്റെ ഭാഗമായി അഞ്ചു കാര്യങ്ങളിൽ ഉറപ്പു നൽകി കൊണ്ട് കേന്ദ്രസർക്കാർ രംഗത്തുവന്നു.താങ്ങുവില നിലനിലനിർത്തുമെന്ന ഉറപ്പുൾപ്പെടെ മുൻപും കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്ത അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം രേഖാമൂലം കർഷകരെ അറിയിച്ചത്.

അതേസമയം കാർഷികനിയമങ്ങൾ പിൻവലിക്കാതെ നിർദ്ദേശങ്ങൾ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. നിർദ്ദേശങ്ങൾ സംബന്ധിച്ച് വിവിധ കർഷകസംഘടനാപ്രതിനിധികൾ ഇന്ന് നിർണ്ണായക ചർച്ച നടത്തും. കാർഷികവിപണികളിലും പുറത്തും ഒരേ നികുതി, കാർഷികവിപണിക്ക് പുറത്തും രജിസ്ട്രേഷൻ സൗകര്യം, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണം ഏർപ്പെർത്തും, കരാർ കൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം മുതലായവയാണ് താങ്ങുവിലയ്ക്ക് പുറമേ കേന്ദ്രം കർഷകർക്ക് എഴുതിനൽകിയ നിർദ്ദേശങ്ങൾ. എന്നാൽ വിവാദനിയമങ്ങൾ പിൻവലിക്കാൻ ഉദ്ദേശമില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കേന്ദ്രസർക്കാർ പ്രതിനിധികളും കർഷകരും തമ്മിൽ തീരുമാനിച്ച ആറാം ഘട്ടചർച്ചയ്ക്കെത്തില്ലെന്ന് കർഷകസംഘടനകൾ അറിയിച്ചിരുന്നു. ഇന്നലെ കർഷകനേതാക്കളും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ നടന്ന ചർച്ചയും സമവായമെത്താതെ പിരിയുകയായിരുന്നു.

വിവാദ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുമെന്ന വാഗ്ദാനങ്ങൾ അമിത് ഷാ ആവർത്തിച്ചെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കർഷകസംഘടനകൾ ആവർത്തിക്കുകയായിരുന്നു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഇന്ന് കേന്ദ്രകൃഷിമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ അറിയിച്ചു.

13 കർഷകസംഘടനാ നേതാക്കളാണ് ഇന്നലെ അമിത് ഷായുമായി ചർച്ച നടത്തിയത്. വിവാദനിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഒത്തുതീർപ്പല്ല സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ സൂചിപ്പിച്ചതായാണ് വിവരം. കേന്ദ്രസർക്കാർ പ്രതിനിധികൾ ആദ്യ അഞ്ച് ചർച്ചകളിലും കർഷകർക്കുമുന്നിൽവെച്ച അതേനിർദ്ദേശങ്ങൾ തന്നെയാണ് ഇന്നലെയും ആവർത്തിച്ചത്. കേന്ദ്രസർക്കാർ നിലപാടുകളിൽ അയവുവരുത്തുകയും പുതിയ പ്രൊപ്പോസൽ കർഷകർക്കുമുന്നിൽ വെയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതിൽ കർഷകസംഘടനകൾ പ്രതിഷേധത്തിലാണ്. ഈ കൂടിക്കാഴ്‌ച്ചയിൽ തങ്ങൾക്ക് അറിയേണ്ടത് നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാണോ അല്ലയോ എന്ന് മാത്രമാണെന്ന് കർഷകസംഘടനകൾ കൂടിക്കാഴ്‌ച്ചയ്ക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നു.