ന്യൂഡൽഹി: സമാനതകളില്ലാത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. പൊലീസ് ഒരുക്കിയ പ്രതിരോധത്തെ മുഴുവനും തകർത്തെറിഞ്ഞ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചു.കർഷകർ ബാരിക്കേഡുകൾ ഉൾപ്പടെ തകർത്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.തുടർന്ന് സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ഗസ്സിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. കർഷർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കർഷകർ വീണ്ടും സംഘടിച്ചെത്തി ഡൽഹിയിലേക്കുള്ള മാർച്ച് വീണ്ടും ആരംഭിച്ചു.മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്.

റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കർഷകമാർച്ച് നടക്കുന്നത്. നേരത്തെ, സിംഘു, തിക്രി അതിർത്തികളിൽ ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്കു പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. തുടർന്ന് ഇവർ സഞ്ജയ് ഗാന്ധി ഗ്രാൻസ്പോർട് നഗറിൽ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു.ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകൾ ഒരേസമയം റാലി നടത്തുന്നത്.

സിഘു, ടിക്രി, ഗസ്സിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. ഡൽഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പരേഡിൽ അണിചേരുന്നത്.

 

ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് ആളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷമാർച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം.12 മണിക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ടാക്ടർ റാലി ഡൽഹിയിൽ പ്രവേശിക്കുകയായിരുന്നു.