തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. മട്ടന്നൂർ യുപി സ്‌കൂൾ അദ്ധ്യാപകൻ ഫർസീൻ മജീദിനെയാണ് സസ്പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റാണ് ഫർസീൻ മജീദ്. അദ്ധ്യാപകൻ സർവീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും, സസ്‌പെൻഡ് ചെയ്തതായും മാനേജ് മെന്റ് അറിയിച്ചു. സംഭവത്തിൽ ഡിപിഐയുടെ നിർദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചു.

15 ദിവസത്തേക്കാണ് അദ്ധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചത്. ഫർസീൻ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും ഡി.ഡി.ഇ. പറഞ്ഞു.

അതേസമയം, ഫർസീൻ മജീദ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഇയാളെ സ്‌കൂളിൽനിന്ന് പുറത്താക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നിരുന്നു. നിരവധി കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി ടി.സി.ക്ക് അപേക്ഷ നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് അതിവേഗം നടപടികളിലേക്ക് കടന്നത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച് പൊലീസ് കസ്റ്റഡിയിലായെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ അദ്ധ്യാപകൻ പ്രതിഷേധിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ വൈകീട്ട്, മുഖ്യമന്ത്രി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി സുനീത് കുമാർ ഒളിവിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിനകത്ത് പ്രതിഷേധിച്ചവർ എത്തിയത് അദ്ദേഹത്തെ വധിക്കാനുള്ള ഉദ്ദേശത്തോടെയാണ് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ''നിന്നെ ഞങ്ങൾ വെച്ചേക്കില്ലടാ'' എന്ന് പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുവെന്നും തടയാൻ ശ്രമിച്ച ഗൺമാനെ ഉപദ്രവിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാണിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതിക്രമം തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനെ പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനീഷ് കുമാറിന് നേരെയും ആക്രമണമുണ്ടായി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെട്ടുവെന്നും എഫ്ഐആറിൽ പറയുന്നു. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗൺമാനും പ്രൈവറ്റ് സെക്രട്ടറിയും പൊലീസിൽ മൊഴിനൽകിയിരുന്നു. ഇതേവിഷയത്തിൽ എയർപോർട്ട് മാനേജരും പരാതി നൽകി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.