കോഴിക്കോട്: ഭർതൃവീട്ടിൽ 22കാരിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപണം. ബന്ധുക്കളാണ് ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. കോഴിക്കോട് സ്വദേശിനിയുടെ മരണമാണ് വിവാദമാകുന്നത്. ഭർത്താവിന് മാത്രമല്ല, വീട്ടുകാർക്കും പങ്കുണ്ടെന്നാണ് ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കൾ പരാതി നൽകി.

ഇക്കഴിഞ്ഞ ഡിസംബർ 19നാണ് 22കാരിയായ ഫാത്തിമ അനീഷയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഫാത്തിമ തൂങ്ങി മരിച്ചു എന്ന് ഭർത്താവ് മുഹമ്മദ് അനസ് വിളിച്ചറിയിക്കുയായിരുന്നു. എന്നാൽ മകളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഒരിക്കലും മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

അങ്ങനെ സംശയിക്കാൻ കാരണങ്ങൾ നിരവധിയാണെന്നും ഇവർ പറയുന്നു. 9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകൾ ഇങ്ങനെ ചെയ്യില്ലെന്ന് മാതാവും ഉറപ്പിച്ച് പറയുന്നു. വിഷയം തേഞ്ഞിപ്പാലം പൊലിസ് കൈകാര്യം ചെയ്തത് പക്ഷപാതപരമായാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അനീഷയെ ഭർത്താവ് മർദിക്കുന്നതറിഞ്ഞ് മാതാവ്, അനസിനെ വിലക്കിയിരുന്നു. നല്ല മറുപടിയല്ല ലഭിക്കാറുള്ളത്. മകളുടെ ജീവിതം തകരരുതെന്ന് കരുതി മിണ്ടാതെയിരുന്നു. എന്നിട്ടും കുട്ടിയെ ഇല്ലാതാക്കിയെന്നാണ് കുടുംബത്തിന്റെ പരാതി. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.