കണ്ണൂർ: ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം സത്യസന്ധമായി കാര്യക്ഷമമായി നടത്തണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണുർ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു കേസിൽ പിടികൂടിയ കുപ്പി സുബീഷ് എന്ന ആർ.എസ്.എസ് പ്രവർത്തകൻ ആർ.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന് തുറന്നു പറഞ്ഞിട്ടും വേണ്ട രീതിയിൽ അന്വേഷണം നടത്താൻ സിബിഐ തയ്യാറാവുന്നില്ല സുബീഷ് മൊഴി നൽകിയത് മറ്റൊരു കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥർക്കാണ് അതുകെട്ടിച്ചമച്ചതാണെന്ന് ഒരിക്കലും പറയാനാവില്ല.

മാത്രമല്ല അതിന്റെ ദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചതാണ്. യാതൊരു തെളിവുമില്ലാത്ത കള്ളക്കേസിൽ കുടുക്കി അന്നത്തെ സിപിഎം തലശേരി ഏരിയാ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി രാജനെയും എട്ടു വർഷം ജയിലിൽ കിടത്തുകയാണ് ചെയ്തത്.അവർക്ക് ജന്മനാടായ കതിരൂരും തിരുവങ്ങാടും തലശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലും പാർട്ടി സ്വീകരണമൊരുക്കിയിട്ടുണ്ട്.

കണ്ണുരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ പുർത്തിയായിട്ടുണ്ട്. വനിതാ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ ഇത്തവണ കൂടുതലായി പാർട്ടി സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മാടായി, പേരാവൂർ ഏരിയാ സമ്മേളനങ്ങളും പൂർത്തീകരിച്ചു. രണ്ടു ലോക്കൽ സമ്മേളനങ്ങളിൽ നടന്ന അച്ചടക്ക ലംഘനം പാർട്ടി ഗൗരവകരമായാണ് കാണുന്നത്
ഇതിനെതിരെ പാർട്ടി നടപടിയുണ്ടാകും.

അച്ചടക്ക ലംഘനം പാർട്ടി ഒരിക്കലും അംഗീകരിക്കില്ല. ഉൾപാർട്ടി ജനാധിപത്യം അംഗീകരിക്കുകയും പാർട്ടിക്കുള്ളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് സമ്മേളനങ്ങൾ നടന്നത്. പാർട്ടി ഭാരവാഹികളെ നോമിനേഷൻ ചെയ്യുന്ന രീതി സിപിഎമ്മിൽ ഇല്ലെന്നും ജയരാജൻ പറഞ്ഞു. പേരാവൂർ ചിട്ടി തട്ടിപ്പുകേസിൽ നേരത്തെ പറഞ്ഞതുപോലെ പാർട്ടി നിക്ഷേപകരുടെ കൂടെയാണ് അതിൽ മാറ്റമില്ല. ഇതിനായി നിയമപരമായും സംഘടനാപരമായും നടപടിയെടുക്കണം.

പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് കുടിശ്ശികയായി കിട്ടാനുള്ള പണം പിരിച്ചെടുക്കുന്നതിന് പാർട്ടി നേതൃത്വം നൽകി വരികയാണെന്നും ഇങ്ങനെ പിരിച്ചു കിട്ടുന്ന പണം നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്നും ജയരാജൻ പറഞ്ഞു.നിയമപരമായ നടപടികൾ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിച്ചു വരുന്നത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഹൗസ് ബിൽഡിങ്ങ് സൊ സെറ്റി ചിട്ടി നടത്തിയതെന്നും ജയരാജൻ പറഞ്ഞു.