തിരുവനന്തപുരം: സർക്കാറിന്റെ കാലാവധി തീരും മുമ്പുള്ള കടുംവെട്ടുകൾ തുടരുന്നു. ഇഷ്ടക്കാർക്ക് വേണ്ടി ചട്ടങ്ങളെല്ലാം കാറ്റിൽപറത്തിയുള്ള നിയമനങ്ങൾ നടക്കുന്നതിന് പിന്നാലെ കൂടുതൽ വിവാദങ്ങൾ പുറത്തുവരികയാണ്. സംസ്ഥാന പൊലീസിലെ ഫിംഗർ പ്രിന്റ് സേർച്ചേഴ്സ് നിയമനത്തിലുമാണ് വിവാദം ഉ്ണ്ടായിരിക്കുന്നത്.

ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിക്കും യോഗ്യതയില്ലാത്ത 2 പേർക്കും നിയമനം നൽകിയതായി ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്കാണ് (എസ്സിആർബി) നിയമനച്ചുമതല. പൊലീസിലെയും വിജിലൻസിലെയും ക്ലാസ് -3 ജീവനക്കാർക്കാണു ചട്ടപ്രകാരം ജോലിക്കുള്ള യോഗ്യത. എന്നാൽ, എസ്സിആർബിയിലെ രണ്ടു ക്ലാസ്-4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമനം അട്ടിമറിച്ചെന്നാണു പരാതി. ഇന്റർവ്യൂ ബോർഡിൽ വിരലടയാള വിദഗ്ധനായി പങ്കെടുത്തയാളുടെ സഹോദരിക്കും ജോലി ലഭിച്ചു. ഇതിനു പിന്നിൽ എസ്സിആർബിയിലെ ഉന്നതന്റെ ഇടപെടലാണെന്നാണ് ആരോപണം.

അപേക്ഷകർക്കു ഡിസംബർ 22നു പരീക്ഷ നടത്തിയിരുന്നെങ്കിലും മാർക്ക് പ്രസിദ്ധീകരിക്കാത, എല്ലാവർക്കും ജനുവരി 7ന് ഇന്റർവ്യൂ നടത്തി. ഇതു ക്രമക്കേടിനു വേണ്ടിയാണെന്നു പരാതിയിൽ പറയുന്നു. ഇന്റർവ്യൂവിന് 2 മാർക്ക് കിട്ടിയ വ്യക്തി ഉൾപ്പെടെ 10 പേർക്കു ജനുവരി 12നു നിയമനം നൽകി.

അതേസമയം സാക്ഷരതാ മിഷനിലും വിവാദം പുകയുന്നുണ്ട്. ചട്ടങ്ങൾ ലംഘിച്ചു ശമ്പളവർധന നടപ്പാക്കിയെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. 50 സാങ്കൽപിക തസ്തികകളിൽ ശമ്പളം വർധിപ്പിച്ചതു വഴി ഖജനാവിനു 10 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണു പരാതി. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനിടെയാണു വിജിലൻസ് അന്വേഷണം.

അതിനവിടെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'സ്‌കോൾ കേരള'യിൽ 55 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ഫയലാണു മടക്കിയത്. മറുനാടൻ മലയാളിയാണ് ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നത്. ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദായതോടെ സർക്കാർ ഉപേക്ഷിക്കുയായിരുന്നു.

താ്ൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് വിവാദമായി തുടുരന്നതിനിടെ മറ്റൊരു തീരുമാനവും വിവാദമാകുകയാണ്. സർക്കാർ കൃഷി ഫാമുകളിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നു കൃഷി മന്ത്രി വി എസ്. സുനിൽകുമാർ. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.