തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് തീയണച്ചെങ്കിലും കാർ കത്തിനശിച്ചു.

നെയ്യാറ്റിൻകര ടി.ബി ജങ്ഷന് സമീപത്തായിരുന്നു ഈ സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്‌നിക്കിരയായത്.

വാഹനത്തിന്റെ എ.സിക്ക് ഉണ്ടായ തകരാർ വർക്ക്ഷോപ്പിൽ പരിഹരിച്ച ശേഷം മടങ്ങുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാറിന് പുറത്തിറങ്ങി. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാറ് കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.