തിരുവനന്തപുരം: പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തം ചർച്ചയാകുമ്പോൾ ഉയരുന്നത് സംശയം മാത്രം. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൽ എൻഐഎ തേടുമെന്നായപ്പോഴായിരുന്നു ഇടിമിന്നൽ രൂപത്തിൽ ആദ്യ അട്ടിമറി എത്തിയത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലെ സിസിടിവികളെ ഇടിമിന്നൽ തകർത്തു. ഐടി വകുപ്പിലേക്കുള്ള പ്രവേശന കവാടം കൂടിയായിരുന്നു ഇത്. സ്വർണ്ണ കടത്ത് കേസിലെ പ്രതികൾ എത്തുന്നുണ്ടോ എന്ന് അറിയാനുള്ള തെളിവുകൾ ശേഖരിക്കുന്ന ക്യമാറ. ഇത് ഇടിമിന്നലിൽ തകർന്നതോടെ ചില ദിവസങ്ങളിലെ തെളിവുകൾ നഷ്ടമായി. ഇപ്പോൾ പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തവും. സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിന് തൊട്ടു പിന്നാലെയാണ് ഇത്. എല്ലാം ഒരു സിനിമാ തിരക്കഥ പോലെ. ഇങ്ങനെ പോയാൽ സിസിടിവി സർവ്വർ റൂമിനും എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്ക അതിശക്തമാണ്. ഇവിടെയുള്ള ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും നടത്തിയ വിദേശയാത്രകളിലേക്ക് എൻ.ഐ.എ. അന്വേഷണം നീങ്ങവേയാണ് ഈ രേഖകൾ സൂക്ഷിച്ചിട്ടുള്ള വിഭാഗത്തിൽ തീ പടർന്നത്. ലൈഫ് മിഷൻ ഫ്‌ളാറ്റ് ഇടപാടിലെ നിർണായകരേഖകളും ഇവിടെയാണെന്നു കരുതുന്നു. സംസ്ഥാനത്തെ പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് പ്രോട്ടോകോൾ വിഭാഗം പ്രവർത്തിക്കുന്നത്. ഇവിടെയാണ് ഇന്നലെ തീപിടിത്തമുണ്ടാകുന്നത്. ഗവർണർമാരുടെയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ വിഭാഗത്തിലാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതും അവർക്കു വേണ്ട സൗകര്യമൊരുക്കുന്നതും ഈ വിഭാഗമാണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദർശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങണം. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 (ഇൻകമിങ് വിസിറ്റ്) വിഭാഗമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗമാണ്. കോൺസുലേറ്റിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം. ഇവിടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്കു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. കോൺസൽ ജനറലിനു പുറത്തെ പരിപാടികളിൽ പങ്കെടുക്കുന്നതിനു പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്. അങ്ങനെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പല രേഖകളും ഉള്ള ഓഫീസ്. ഇവിടെയാണ് സ്വർണ്ണ കടത്തിലെ അന്വേഷണം മുന്നോട്ട് പോകുമ്പോൾ തീപിടിത്തമുണ്ടാകുന്നത്. അതുകൊണ്ടാണ് സംശയങ്ങൾ ബലപ്പെടുന്നത്.

ഇ ഫയൽ സംവിധാനം സെക്രട്ടേറിയറ്റിൽ നിലവിൽ വന്നെങ്കിലും പ്രധാന ഫയലുകൾ ഇപ്പോഴും കടലാസു രൂപത്തിലാണ് സൂക്ഷിക്കുന്നത്. പ്രോട്ടോകോൾ വിഭാഗത്തിലെ പ്രധാന ഫയലുകളെല്ലാം കടലാസുരൂപത്തിലുള്ളതാണ്. സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയൽ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം സൂക്ഷിക്കാൻ പ്രോട്ടോകോൾ വിഭാഗത്തിൽതന്നെയാണു സൂക്ഷിക്കുന്നത്.

പ്രോട്ടോകോൾ ഓഫീസിലെ ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചു നിൽക്കുന്ന ചിത്രം സെക്രട്ടേറിയറ്റിലെ വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു തുടങ്ങിയിട്ട് ഒരാഴ്ചയായി. കഴിഞ്ഞ 3 വർഷമായി കോൺസുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ആഘോഷങ്ങളിലും പൊളിറ്റിക്കൽ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ സ്വപ്ന പ്രത്യേകം ക്ഷണിച്ചിരുന്നു. മുന്തിയ മൊബൈൽ ഫോണുകൾ അടക്കമുള്ള സമ്മാനങ്ങളും നൽകിയിരുന്നു. ഇടയ്ക്കിടെ സ്വപ്നയും സരിത്തും പൊളിറ്റിക്കൽ വകുപ്പിൽ സന്ദർശനം നടത്താറുണ്ടായിരുന്നു.

എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച ഈ ഓഫിസിൽനിന്നു 2 പേർ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചിയിൽ പോയിരുന്നു. രണ്ടാം വട്ടമാണ് ഈ ഓഫിസിൽ നിന്ന് എൻഐഎയ്ക്ക് രേഖകൾ കൈമാറുന്നത്. അതിനിടെ സ്വർണക്കള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണു സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജ്ഭവനിലെത്തി ഗവർണറെ സ്ഥിതിഗതികൾ ധരിച്ചിപ്പിക്കുകയും ചെയ്തു. സംസ്ഥാന ഭരണത്തലവൻ എന്ന നിലയിൽ ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം ഗവർണർക്കു നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫയലിന് തങ്ങൾ തീവച്ചതാണെന്ന് പ്രോട്ടോകോൾ ഓഫിസർ തന്നെ പറയുന്നു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടേറിയറ്റിൽ നടന്ന തീപിടിത്തത്തിൽ നഷ്ടപ്പെട്ടതു തികച്ചും ദുരൂഹമാണെന്നു ഗവർണറെ ധരിപ്പിച്ചു. ഈ ഒരു സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നത് ആശാസ്യകരമല്ലെന്ന് ഗവർണറെ ബോധ്യപ്പെടുത്തി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, എൻഐഎയും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടന്നു വരാൻ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകളെല്ലാം നശിപ്പിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന് ഈ നിലയിൽ ഔദ്യോഗിക ഫയലുകൾ നശിപ്പിക്കാൻ കഴിയുമോ? ഇതെല്ലാം വളരെ ഗൗരവമുള്ള പ്രശ്നങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും തീവെട്ടിക്കൊള്ളയും പുറത്ത് വരുമെന്ന് പേടിച്ചാണ് ഈ ഫയലുകളൊക്കെ നശിപ്പിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.

മൂന്നു സെഷനുകളിലെ സുപ്രധാന രേഖകൾ നഷ്ടമായെന്നാണ് സൂചന. തീപ്പിടിത്തം ആസൂത്രിതമാണെന്നും സ്വർണക്കടത്തിലെ രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോൺഗ്രസും ബിജെപി.യും ആരോപിച്ചു. അതിസുരക്ഷാ മേഖലയായ നോർത്ത് ബ്ലോക്കിലെ ഓഫീസിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.45-ന് തീ പടർന്നത്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ, വി.വി.ഐ.പി.കളെ നിർണയിക്കുന്ന ഫയലുകൾ, അതിരഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഷോർട്ട് സർക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ് ഫയലുകൾ മാത്രമാണ് നഷ്ടമായതെന്നും മറ്റുള്ളവ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.