തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് വള്ളം മുങ്ങികാണാതായവരിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സൺ ആണ് മരിച്ചത്. കാണാതായ ശെൽവരാജിനായുള്ള തെരച്ചിൽ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരികെ വരുംവഴി തീരത്തിനടുത്ത് വച്ചാണ് വള്ളം തകർന്നത്.

മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജുവും വിഴിഞ്ഞത്ത് തീരരക്ഷസേന അധികൃതരുമായി തെരച്ചിൽ സംബന്ധിച്ച് ചർച്ച നടത്തി. അതേസമയം മണിക്കൂറുകൾ കഴിഞ്ഞാണ് തിരച്ചിൽ ആരംഭിച്ചതെന്ന് തീരദേശവാസികൾ ആരോപിക്കുന്നു. വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്നും ഇവർ പറയുന്നു.

കോസ്റ്റ് ഗാർഡും നേവിയുമാണ് സംയുക്തമായാണ് പരിശോധന നടത്തുന്നത്. മത്സ്യത്തൊഴിലാളികളെയും തെരച്ചിലിനായി കൂട്ടിയിട്ടുണ്ട്. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരക്കെത്തി.പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.