തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ അമ്മ അടക്കം അഞ്ചുപേർക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ടി വന്നാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു. അതേ സമയം കുഞ്ഞിനുവേണ്ടി അനുപമ നൽകിയ ഹേബിയസ് കോർപ്പസ് പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു

അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് എന്നിവർ ഉൾപ്പെടെ ആറുപേരാണ് പ്രതികൾ. ഇതിൽ അഞ്ചു പ്രതികളാണ് മുൻ കൂർ ജാമ്യം തേടിയത്. സ്മിത ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശ്, അനിൽകുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടിയിരിരുന്നില്ല.

അഞ്ചു പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് അനിവാര്യമാണെങ്കിൽ ഒരു ലക്ഷംരൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പൊലീസിന് നിദ്ദേശം നൽകി. കേസിൽ വിശദമായ വാദം കേട്ട കോടതി ചൊവ്വാഴ്ച രാവിലെ ജാമ്യ ഹർജികളിൽ വിധി പറയാനിരുന്നുവെങ്കിലും മാറ്റിവച്ചു. പിന്നീട് വൈകുന്നേരത്തോടെയാണ് മുൻകൂർ ജാമ്യ ഹർജികളിൽ ഉത്തരവുണ്ടായത്. ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്,മിനിയാണ് ജാമ്യഹർജികളിൽ ഉത്തരവ് പറഞ്ഞത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇവർക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ കുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിക്കുകയാണ്് ചെയ്തതെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുപമയുടെ അമ്മ അടക്കം അഞ്ചുപേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. വാദത്തിനിടെ കേസ് ഡയറി ഉൾപ്പെടെ കോടതി വിളിച്ചു വരുത്തിയിരുന്നു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു.

ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തവരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. പരാതിയിൽ സമയോജിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

കേസ് പരിഗണിച്ചപ്പോൾ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിക്കുകയും ചെയ്തു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു.

ലൈസൻസ് പുതുക്കൽ നടപടികൾ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.അനുപമയുടെ പരാതിയിൽ സർക്കാർ സമയോജിതമായി ഇടപെട്ടുവെന്നും കുടുംബ കോടതി നിരീക്ഷിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.

അതേ സമയം കുട്ടിക്കുവേണ്ടി ഹോബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച അനുപമയ്ക്ക് തിരിച്ചടി നേരിട്ടു. കുടുംബക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ അടയിന്തര ഹൈക്കോടതി ഇടപെടൽ ആവശ്യമില്ലെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കാതെ നാളത്തേക്ക് മാറ്റി. പിൻവലിച്ചില്ലെങ്കിൽ ഹർജി തള്ളുമെന്ന മുന്നറിയിപ്പും ഡിവിഷൻ ബെഞ്ച് നൽകിയിട്ടുണ്ട്. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഡിഎൻഎ പരിശോധന നടത്താനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.